
നെടുങ്കണ്ടം ∙ പഞ്ചായത്ത് സ്റ്റേഡിയത്തിൽ അനിശ്ചിതകാലമായി മുടങ്ങിക്കിടന്ന നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. സ്പ്രിൻക്ലറുകളുടെ അവസാന ഘട്ട
പ്രവർത്തനങ്ങളും ബർമുഡ ഗ്രാസിന്റെ അവശേഷിക്കുന്ന ഭാഗം പരിചരിക്കാനും ആരംഭിച്ചിട്ടുണ്ട്. ഉദ്ഘാടനം കഴിഞ്ഞിട്ട് ഒന്നരവർഷത്തിലധികമായെങ്കിലും നിർമാണം പൂർത്തിയാക്കി കൈമാറാത്തതിനാൽ ഔദ്യോഗികമായി സ്റ്റേഡിയത്തിന്റെ ചുമതല പഞ്ചായത്തിന് കൈമാറിയിട്ടില്ല.
വേണ്ടത്ര പരിചരണം നൽകാത്തതിനാൽ ലക്ഷങ്ങൾ ചെലവാക്കി നട്ട ബർമുഡ ഗ്രാസ് നശിച്ചിരുന്നു.
താപനില മനസ്സിലാക്കി സ്വയം പ്രവർത്തിക്കുന്ന സ്പ്രിൻക്ലറുകൾ സ്ഥാപിച്ചെങ്കിലും ചെലവായ തുകയെ സംബന്ധിച്ച് നിർമാണ ഏജൻസിയായ കിറ്റ്കോയും കരാറുകാരനും തമ്മിൽ തർക്കമുയർന്നതോടെ നിർമാണം പൂർത്തിയാക്കാതെ കരാറുകാരൻ മടങ്ങുകയായിരുന്നു.
അന്തരീക്ഷ താപനില മനസ്സിലാക്കി സ്വയം പ്രവർത്തിക്കുന്ന സ്പ്രിൻക്ലറാണ് സ്റ്റേഡിയത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇത്തരം സെൻസറുകൾ ഘടിപ്പിച്ച മുപ്പതോളം സ്പ്രിൻക്ലർ സ്റ്റേഡിയത്തിലുണ്ട്. 6 ഏക്കർ വരുന്ന സ്റ്റേഡിയം വളപ്പിൽ തന്നെ യഥേഷ്ടം വെള്ളം ലഭിക്കുന്ന കുളവും മോട്ടറും പൂർണ സജ്ജമാണ്.
സ്പ്രിൻക്ലറിലേക്കുള്ള ഏതാനും വയറിങ് ജോലികൾ മാത്രമാണ് ഇനിയും പൂർത്തിയാകാനുള്ളത്.
ജലസേചന ക്രമീകരണങ്ങൾ പൂർത്തിയാക്കി നൽകണമെന്നാവശ്യപ്പെട്ട് കിറ്റ്കോക്ക് പഞ്ചായത്ത് കത്തു നൽകിയിരുന്നു. തുടർന്ന് നടന്ന ചർച്ചകൾക്കൊടുവിലാണ് നിലവിലെ നടപടി.
അവശേഷിക്കുന്ന നിർമാണങ്ങൾ കൂടി പൂർത്തിയാകുന്നതോടെ സ്റ്റേഡിയം പൂർണ സജ്ജമാകും. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) ഫണ്ടായ 10 കോടിയും സർക്കാർ ഫണ്ടായ 3 കോടിയും പഞ്ചായത്ത് ഫണ്ടിൽനിന്ന് ഒരു കോടിയും ഉൾപ്പെടെ ആകെ 14 കോടി ചെലവിലാണ് നെടുങ്കണ്ടം സിന്തറ്റിക് സ്റ്റേഡിയം പൂർത്തിയാക്കിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]