
വർക്കല∙ ഓണത്തിരക്ക് തുടങ്ങി. വർക്കല നഗരഭാഗങ്ങളിൽ വാഹനത്തിരക്കേറി.ഗതാഗതം അടിക്കടി മുടങ്ങുന്ന സ്ഥിതിയായി.
വരും ദിവസങ്ങളിൽ തിരക്കേറി റോഡിൽ തലങ്ങും വിലങ്ങുമായി പാർക്കിങ് വ്യാപകമാവുകയും ചെയ്യും. ഗതാഗതകുരുക്കിന്റെ കാര്യത്തിൽ പൊലീസിന്റെ ട്രാഫിക് യൂണിറ്റ് ഇടപെടുന്നില്ലെന്നതാണ് ആക്ഷേപം. ആൾത്തിരക്ക് ഏറുന്ന സ്ഥലങ്ങളിലും ബസ് സ്റ്റോപ്പുകളിലും അനധികൃതമായി ഓട്ടോ പാർക്ക് ചെയ്യുന്ന പ്രവണത കാര്യമായി വർധിച്ചിട്ടും തടയാൻ ആർടിഒയും മിനക്കെടാറില്ല.മൈതാനം ജംക്ഷൻ മുതൽ റെയിൽവേ സ്റ്റേഷൻ വരെയും, ക്ഷേത്രം റോഡിലും പുന്നമൂട് റെയിൽവേ ഗേറ്റിനു മുന്നിലും തിരക്കേറുന്ന സ്ഥിതിയാണ്.
വർക്കല സബ് റജിസ്ട്രാർ ഓഫിസ് മുതൽ അണ്ടർ പാസേജ് വരെയും റോഡിൽ വാഹനത്തിരക്കിൽ വീർപ്പുമുട്ടുന്നു.
റോഡരികിൽ തോന്നുംപടിയുള്ള പാർക്കിങ് തന്നെയാണ് പ്രധാന വില്ലൻ. ഓണം പ്രമാണിച്ചു ബീച്ച് ലക്ഷ്യമാക്കി എത്തുന്ന സഞ്ചാരികളുടെ വരവിലും ഗണ്യമായ വർധനയാണ്.
ഇവരുടെ വാഹനനിരയും കൊല്ലം, തിരുവനന്തപുരം ഭാഗത്ത് നിന്നു നേരെ ടൗൺ വഴിയാണ് കടന്നുപോകുന്നത്. പലപ്പോഴായി അണ്ടർ പാസേജ് കഴിഞ്ഞു മൈതാനം ഭാഗത്തേക്കും ക്ഷേത്രം റോഡ് മുതൽ താലൂക്ക് ആശുപത്രി വരെയും വാഹനക്കുരുക്ക് ദൃശ്യമാകുന്നുണ്ട്.
വൈകിട്ടു മുതൽ ക്ഷേത്രം റോഡിലെ മദ്യവിൽപനശാല സ്ഥിതി ചെയ്യുന്ന ഭാഗത്ത് അടിക്കടി വാഹനം കുരുങ്ങുന്ന സ്ഥിതിയാണ്.
ഈ റോഡ് കയ്യേറി പ്രവർത്തിക്കുന്ന വഴിവാണിഭവും തട്ടുകടയും സ്ഥിതി രൂക്ഷമാക്കുന്നു. മൈതാനം മുതൽ റെയിൽവേ സ്റ്റേഷൻ വരെയുള്ള റോഡും ഗതാഗതക്കുരുക്കിലാകുന്നു.
മൈതാനം നഗരസഭ പാർക്കിനു സമീപം അനധികൃത ഓട്ടോ സ്റ്റോപ്പ് വിലക്കിയിട്ടും അതേപടി തുടരുന്നു. റെയിൽവേ യാത്രക്കാർ, നഗരസഭ ബസ് ടെർമിനൽ എന്നിവിടങ്ങളിലെ തിരക്കിൽ ഏറ്റവും അധികം വീർപ്പു മുട്ടുന്ന റോഡുകളിലൊന്നാണ് റെയിൽവേ സ്റ്റേഷൻ റോഡ്.
ഇവിടെയാണ് ഓട്ടോ പാർക്കിങ് വ്യാപകമായത്. ഈ റോഡിലൂടെ എത്തുന്ന പുന്നമൂട് ജംക്ഷൻ റെയിൽവേ ഗേറ്റടവ് കാരണമുള്ള ഗതാഗതക്കുരുക്ക് വർഷങ്ങളായി നാട്ടുകാർ അനുഭവിക്കുന്നുണ്ട്.
യാത്രക്കാർക്കു പുറമേ ഇപ്പോൾ വർക്കല കാണാനെത്തുന്ന വിനോദസഞ്ചാരികളും ഇതിന്റെ ‘കെടുതി’ അനുഭവിക്കുന്നുണ്ട്.
പാരിപ്പള്ളി വഴി വരുന്നവർക്കു മുന്നിലെ ഏറ്റവും വലിയ കുരുക്കായി മാറുന്നത് പുന്നമൂട് ഗേറ്റാണ്. റെയിൽവേ മേൽപ്പാലം നിർമാണം ഇപ്പോഴും പദ്ധതിയായി മാത്രം തുടരുന്നു.
ഏതാനും വർഷം മുൻപ് വരെ പ്രവർത്തനക്ഷമമായ വർക്കല പൊലീസ് ട്രാഫിക് യൂണിറ്റും നിർജീവമാണ്.
വരുന്ന ദിവസങ്ങളിൽ ഓണത്തിരക്ക് കണക്കാക്കി റൗണ്ട് എബൗട്ടിനും റോഡ് വളവിലും മറ്റും ഗതാഗതം മുടക്കുന്ന രീതിയിൽ വാഹനം പാർക്ക് ചെയ്യുന്നത് ഉൾപ്പെടെ നിയമലംഘനങ്ങൾ കർശനമായി നേരിട്ടില്ലെങ്കിൽ കുരുക്കു മുറുകും. നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ ട്രാഫിക് സിഗ്നൽ അടക്കം സംവിധാനം അനിവാര്യമായിട്ടും ഇതുവരെയും തുടക്കമിട്ടിട്ടില്ല.
രണ്ടാഴ്ച മുൻപ് നഗരമധ്യത്തിൽ സ്കൂട്ടർ യാത്രക്കാരൻ ബസിനടിയിൽപ്പെട്ടു മരിച്ചു. കഴിഞ്ഞദിവസം രാത്രി സ്റ്റേഷൻ റോഡിൽ റെയിൽവേ ഗേറ്റിനു സമീപം പുന്നമൂട് ഭാഗത്ത് നിന്നു വന്ന കാർ നിയന്ത്രണം തെറ്റി വീടിന്റെ മതിൽ ഇടിച്ചു അകത്തേക്കു കയറി സംഭവവും നടന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]