
ആലപ്പുഴ∙ ഫിനിഷിങ് സമയമെത്ര? നെഹ്റു ട്രോഫി വള്ളംകളിക്കുള്ള പ്രമുഖ ക്ലബ്ബുകൾ പുന്നമടയിലെ മത്സര ട്രാക്കിലേക്ക് ആവേശ എൻട്രി നടത്തിയതോടെ വള്ളംകളിപ്രേമികളുടെ ചർച്ചകൾ ചൂടുപിടിച്ചു. ട്രാക്ക് എൻട്രിയിൽ ഓരോ ചുണ്ടനും ഫിനിഷ് ചെയ്ത സമയം കണക്കാക്കി ഈ വർഷത്തെ ഫൈനലിൽ പ്രവേശിക്കുന്ന വള്ളങ്ങൾ ഏതെന്നും ആരു നെഹ്റു ട്രോഫി സ്വന്തമാക്കുമെന്നുമാണു സമൂഹമാധ്യമങ്ങളിലെ ചർച്ചകൾ.
ഇതിൽ തന്നെ വള്ളംകളിയുടെ ആവേശം എത്രത്തോളമെന്നു വ്യക്തം.
കഴിഞ്ഞ അഞ്ചു നെഹ്റു ട്രോഫികൾ സ്വന്തമാക്കിയ പിബിസി പള്ളാത്തുരുത്തിക്കാണ് ഇത്തവണയും കൂടുതൽ പേർ സാധ്യത പ്രവചിക്കുന്നത്. മത്സര ട്രാക്കിലെ എൻട്രിയിൽ 4.38 മിനിറ്റിൽ ഫിനിഷ് ചെയ്ത വള്ളം കഴിഞ്ഞ ദിവസം 4.21 മിനിറ്റിൽ ഫിനിഷ് ചെയ്തു.
സീസണിൽ ഒരു വള്ളത്തിന്റെ മികച്ച സമയം ഇതാണെന്നാണു പിബിസി ആരാധകരുടെ അവകാശവാദം. നിരണം ചുണ്ടൻ ബോട്ട് ക്ലബ്, കുമരകം ടൗൺ ബോട്ട് ക്ലബ്, വില്ലേജ് ബോട്ട് ക്ലബ് കൈനകരി എന്നിവ 4.38നു ഫിനിഷ് ചെയ്തെന്നാണ് ആരാധകർ പറയുന്നത്.
എല്ലാ വള്ളങ്ങളും ഒരേ സമയത്തു ഫിനിഷ് ചെയ്തതു മത്സരത്തിന്റെ കടുപ്പവും കൂട്ടി.
സ്വന്തം ടീം രൂപീകരിച്ച് ആദ്യ മത്സരത്തിനെത്തുന്ന കാരിച്ചാൽ ചുണ്ടൻ ബോട്ട് ക്ലബ് 4.41 മിനിറ്റിൽ ഫിനിഷ് ചെയ്തതു മറ്റു ടീമുകൾ ഗൗരവത്തോടെ നിരീക്ഷിക്കുന്നുണ്ട്. പുതിയ ടീം മറ്റുള്ളവരെ വിറപ്പിക്കാനുള്ള സാധ്യതയാണു തെളിയുന്നത്.
പുന്നമട ബോട്ട് ക്ലബ് 4.44 മിനിറ്റിലും ഫിനിഷ് ചെയ്തു.
വള്ളങ്ങളുടെ ട്രാക്ക് എൻട്രി കഴിഞ്ഞതോടെ എതിരാളികളുടെ ബലവും പോരായ്മകളും വിലയിരുത്തി പരിശീലനം അവസാന ഘട്ടത്തിലേക്ക് കടന്നു.
ക്ലബ്ബുകൾ അവരുടെ പൂർണ ശക്തി പ്രയോഗിക്കാതെയാണു ട്രാക്കിൽ സമയം കുറിച്ചതെന്നും വാദമുണ്ട്. നെഹ്റു ട്രോഫിയിൽ എതിരാളികളെ ഞെട്ടിക്കാൻ പുതിയ തന്ത്രങ്ങളും കരുത്തും ഒളിപ്പിച്ചിട്ടുണ്ടെന്നും വള്ളംകളിപ്രേമികൾ ആവേശത്തോടെ പറയുന്നു. ബോട്ടുകളും മറ്റും സൃഷ്ടിച്ച തിരകൾക്കിടയിൽ കുറിച്ച സമയത്തെക്കാൾ 10 സെക്കൻഡിലേറെ വ്യത്യാസം മത്സര ദിവസം ലഭിക്കുമെന്നാണു വിലയിരുത്തൽ.ഇന്നു നടക്കുന്ന കരുവാറ്റ വള്ളംകളി നെഹ്റു ട്രോഫിക്കു മുൻപുള്ള സെമി ഫൈനലാകും.
നെഹ്റു ട്രോഫിയിൽ മത്സരിക്കുന്ന വള്ളങ്ങളിലല്ല ക്ലബ്ബുകൾ കരുമാടിയിൽ മത്സരിക്കുക.
വള്ളങ്ങൾ ഉണക്കാൻ കയറ്റി
നെഹ്റു ട്രോഫി വള്ളംകളിയിൽ മത്സരിക്കുന്ന പ്രധാന ചുണ്ടൻ വള്ളങ്ങൾ ഉണക്കാനായി കരയ്ക്കു കയറ്റിത്തുടങ്ങി. നെഹ്റു ട്രോഫി വള്ളംകളിക്ക് 7 ദിവസം മാത്രം ശേഷിക്കെ വള്ളങ്ങൾ ഉണക്കി, ചെത്തി മിനുസമാക്കി, പുതിയ പെയ്ന്റും പോളിഷും അടിച്ചാകും മത്സരത്തിനെത്തുക. പരിശീലനത്തിനായി സ്ഥിരമായി വെള്ളത്തിൽ കിടക്കുന്നതു കാരണം വള്ളത്തിനുണ്ടാകുന്ന ഭാരക്കൂടുതൽ ഒഴിവാക്കാനാണു കരയ്ക്കു കയറ്റി ഉണക്കുന്നത്.
ഇതു ചെലവേറിയ പ്രവൃത്തി ആയതിനാൽ നെഹ്റു ട്രോഫി സ്വന്തമാക്കാൻ ഉറപ്പിച്ചെത്തുന്ന വള്ളങ്ങൾ മാത്രമാണു കരയ്ക്കു കയറ്റി ഉണക്കുക. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]