
തൊടുപുഴ ∙ തിരുവനന്തപുരത്ത് നടന്ന റവന്യു അസംബ്ലിയിൽ ജില്ലയിലെ ഭൂപ്രശ്നങ്ങളെ കുറിച്ച് വാഴൂർ സോമൻ എംഎൽഎ സംസാരിച്ചപ്പോൾ ‘എന്റെ മരണ ശേഷവും ജില്ലയിലെ ഭൂപ്രശ്നങ്ങൾ അവസാനിക്കുമോ’ എന്ന ആശങ്ക പങ്കുവച്ചതായി പങ്കെടുത്ത മറ്റുള്ളവർ പറഞ്ഞു. ജില്ലയിലെ, പ്രത്യേകിച്ചു പീരുമേട് മണ്ഡലത്തിലെ, എൽഡിഎഫ് സർക്കാരിനു പരിഹരിക്കാൻ കഴിയാത്ത ഒട്ടേറെ പ്രശ്നങ്ങളാണ് വാഴൂർ സോമൻ റവന്യു അസംബ്ലിയിൽ അവതരിപ്പിച്ചത്.
വനം, റവന്യു വകുപ്പുകളുടെ കാര്യക്ഷമമല്ലാത്ത ഇടപെടലിനെയും ജില്ലയിൽ ഇനിയും പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളെയും കുറിച്ച് ഒരന്വേഷണം.
ഭൂപതിവ് നിയമ ഭേദഗതി പ്രാബല്യത്തിലായില്ല
2023 സെപ്റ്റംബർ 14നു നിയമസഭ ഭൂപതിവ് നിയമ ഭേദഗതി പാസാക്കിയെങ്കിലും ചട്ടങ്ങൾ പ്രഖ്യാപിച്ച് അന്തിമ ഉത്തരവിറങ്ങാത്തതിനാൽ ഇതുവരെ പ്രാബല്യത്തിലായിട്ടില്ല. ഇതുമൂലം 2016 മുതൽ രൂക്ഷമായ ജില്ലയിലെ ഭൂപ്രശ്നങ്ങൾ കൂടുതൽ സങ്കീർണമായി തുടരുകയാണ്.
പലകുറി നൽകിയ വാഗ്ദാനങ്ങളൊന്നും സർക്കാരിനു നിറവേറ്റാനായിട്ടില്ല.
പട്ടയ വിലക്കിന്റെ ഒന്നര വർഷങ്ങൾ
2024 ജനുവരി 10നാണ് 1964ലെ ചട്ടപ്രകാരമുള്ള പട്ടയം നൽകാൻ ഹൈക്കോടതി വിലക്കേർപ്പെടുത്തിയത്. സർക്കാർ ഭൂമിയിലെ കയ്യേറ്റക്കാരും ഇൗ ചട്ടമനുസരിച്ചു പട്ടയം നേടിയെന്ന പരിസ്ഥിതി സംഘടനയുടെ ഹർജി പരിഗണിച്ചായിരുന്നു നടപടി.
ഒന്നര വർഷം കഴിഞ്ഞിട്ടും കോടതിവിലക്ക് മറികടക്കാനോ, പട്ടയ വിതരണം പുനഃസ്ഥാപിക്കാനോ സർക്കാർ നടപടി സ്വീകരിച്ചിട്ടില്ല.
സിഎച്ച്ആറിലും പട്ടയ വിലക്ക്
സിഎച്ച്ആർ (കാർഡമം ഹിൽ റിസർവ്) വനമാണെന്നും അതിനാൽ പട്ടയങ്ങളും പാട്ടക്കരാറുകളും റദ്ദാക്കി സിഎച്ച്ആർ സർക്കാർ ഏറ്റെടുക്കണമെന്നും ഉന്നയിച്ച് പരിസ്ഥിതി സംഘടന സുപ്രീംകോടതിയിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് 2024 ഒക്ടോബർ 24ന് കോടതി സിഎച്ച്ആർ മേഖലയിലെ പട്ടയ നടപടികൾ തടഞ്ഞുകാെണ്ട് ഉത്തരവിറക്കിയത്. കോടതിയുടെ ഉത്തരവ് മറികടന്നാൽ മാത്രമേ ജില്ലയിലെ 27 വില്ലേജുകളിൽ പട്ടയ വിതരണം നടത്താൻ സാധിക്കൂ.
10 ചെയിൻ, 3 ചെയിൻ മേഖലയിൽ അനിശ്ചിതത്വം
ആയിരക്കണക്കിന് അപേക്ഷകരാണ് 10 ചെയിൻ, 3 ചെയിൻ മേഖലകളിൽ പട്ടയം കാത്തിരിക്കുന്നത്. റവന്യു വകുപ്പും കെഎസ്ഇബിയും തമ്മിലുള്ള ആശയക്കുഴപ്പമാണ് ഇൗ മേഖലകളിൽ പട്ടയം നൽകാൻ തടസ്സമായത്.
10 ചെയിൻ, 3 ചെയിൻ മേഖലകളിൽ പട്ടയം നൽകുമെന്ന് റവന്യു മന്ത്രി നിയമസഭയിൽ പറഞ്ഞെങ്കിലും പട്ടയം നൽകുന്നത് പരിഗണനയിൽ ഇല്ലെന്നാണ് കെഎസ്ഇബിയുടെ നിലപാട്.
തർക്കത്തിൽപെട്ട് മുല്ലപ്പെരിയാർ പൊലീസ് സ്റ്റേഷനും സത്രം വ്യൂ പോയിന്റും
‘2017ൽ റവന്യു ഡിപ്പാർട്മെന്റ് 12 ഏക്കർ സ്ഥലം നൽകി. അതിൽ 5 ഏക്കർ മുല്ലപ്പെരിയാർ പൊലീസ് സ്റ്റേഷനു നൽകി.
5 ഏക്കർ ടൂറിസം വകുപ്പിന് നൽകി. സീറോ ലാൻഡ് പദ്ധതി പ്രകാരം ഭൂമി അനുവദിച്ചുകൊടുത്തത് കുറെയേറെപ്പേർ കൈവശമാക്കി.
2017 ഫെബ്രുവരിയിലാണ് ഈ നടപടികൾ നടക്കുന്നത്. നവംബറിൽ ഇതു വനഭൂമിയാക്കി പ്രഖ്യാപിച്ചു’ – റവന്യു അസംബ്ലിയിൽ വാഴൂർ സോമന്റെ വാക്കുകളിങ്ങനെയായിരുന്നു. മുല്ലപ്പെരിയാർ പൊലീസ് സ്റ്റേഷൻ കെട്ടിടം, വിനോദ സഞ്ചാര വകുപ്പിന് കീഴിൽ സത്രത്തിൽ വ്യൂ പോയിന്റ് എന്നിവ പൂർത്തിയായിട്ടില്ല.
വനംവകുപ്പിന്റെ എതിർപ്പാണ് കാരണം.
കേരളത്തിലെ ഏറ്റവും കൂടുതൽ അംഗബലമുള്ള പൊലീസ് സ്റ്റേഷനായ മുല്ലപ്പെരിയാർ പൊലീസ് സ്റ്റേഷന് മതിയായ സൗകര്യങ്ങളോടെ സ്വന്തമായി കെട്ടിടം എന്നതായിരുന്നു പ്രധാന ലക്ഷ്യം. എന്നാൽ സ്റ്റേഷന് അനുവദിച്ച ഭൂമി വനഭൂമിയാക്കി പ്രഖ്യാപിച്ചു.
ഈ നടപടി റദ്ദാക്കാൻ പല തലങ്ങളിലും ശ്രമം നടത്തിയിരുന്നു. പക്ഷേ സർക്കാരിന്റെ ഇടപെടലുണ്ടായില്ല.
മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷാ ഡ്യൂട്ടിക്കു നിയോഗിക്കപ്പെട്ടിരിക്കുന്ന പൊലീസുകാർ ഇപ്പോൾ പരിമിതമായ സൗകര്യങ്ങളിൽ വിവിധ ക്വാട്ടേഴ്സുകളിലാണ് കഴിയുന്നത്. സ്വന്തമായി സ്റ്റേഷൻ അനുവദിച്ചിരുന്നെങ്കിൽ ഇത് പരിഹരിക്കപ്പെടുമായിരുന്നു.
സത്രത്തിൽ റവന്യു ഭൂമിയിൽ വ്യൂ പോയിന്റ് നിർമിച്ച് സഞ്ചാരികൾക്കു കൂടുതൽ സൗകര്യം ഒരുക്കാനാണ് വിനോദ സഞ്ചാര വകുപ്പിന് 5 ഏക്കർ സ്ഥലം നൽകിയത്.
1.5 കോടി രൂപയുടെ പദ്ധതി അംഗീകരിച്ച് അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ 40 ലക്ഷത്തോളം രൂപ ചെലവഴിച്ചു കഴിഞ്ഞപ്പോഴാണ് ഇത് വനഭൂമിയാണെന്ന അവകാശവുമായി വനംവകുപ്പ് രംഗത്തു വന്നത്. ഈ വ്യൂ പോയിന്റിൽ നിന്നാൽ എതിർ വശത്തെ മലയിൽ പെരിയാർ കടുവാ സങ്കേതത്തിലെ ആനയിറങ്ങുന്നത് വരെ കാണാം.
ഇതായിരുന്നു ആകർഷണം. ടൂറിസം വകുപ്പ് നടത്തിയ നിർമാണങ്ങളെല്ലാം വനംവകുപ്പ് പൊളിച്ചു. അതോടെ പദ്ധതി അനിശ്ചിതത്വത്തിലായി.
ഇക്കാര്യങ്ങളിൽ സർക്കാർ ഭാഗത്തുനിന്ന് ഉചിതമായ നടപടി ഇതുവരെ ഉണ്ടായിട്ടില്ല.(നാളെ: വിദ്യാർഥികളുടെ ജാതി സർട്ടിഫിക്കറ്റിനായി എംഎൽഎ ഇടപെടേണ്ട സ്ഥിതി.) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]