
അഗളി ∙ അട്ടപ്പാടിയിലെ ആദിവാസി ഭൂമിപ്രശ്നം പരിഹരിക്കുന്നതിന് എത്രയും വേഗം ഡിജിറ്റൽ സർവേ പൂർത്തിയാക്കണമെന്നു റവന്യു പ്രിൻസിപ്പൽ സെക്രട്ടറി എം.ജി.രാജമാണിക്യം. ആദിവാസികൾക്ക് അർഹമായ ഒരിഞ്ചു ഭൂമി പോലും നഷ്ടപ്പെടുത്താതെ പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആദിവാസി ഭൂമി കയ്യേറ്റം, പതിച്ചു നൽകിയ ഭൂമി പോലും ലഭിക്കാത്ത സാഹചര്യം ഉൾപ്പെടെയുള്ള പരാതികളിൽ പരിശോധനയ്ക്ക് എത്തിയതായിരുന്നു അദ്ദേഹം.ഡിജിറ്റൽ സർവേ കഴിയുന്നതോടെ സർക്കാർ ഭൂമി, വനഭൂമി, ആദിവാസി ഭൂമി എന്നിവയിൽ വ്യക്തത വരും.
നിലവിൽ അഗളി, ഷോളയൂർ, കോട്ടത്തറ വില്ലേജുകളിലെ ഡിജിറ്റൽ സർവേ നടപടികൾ തുടരുന്നു. പുതൂർ, പാടവയൽ, കള്ളമല വില്ലേജുകളിലെ സർവേ ഉടൻ ആരംഭിക്കണം.അന്യാധീനപ്പെട്ട
ആദിവാസി ഭൂമി തിരിച്ചുപിടിക്കുകയാണു ലക്ഷ്യം.1908 നും 1920നും ഇടയിൽ സെറ്റിൽമെന്റ് റജിസ്റ്റർ തയാറാക്കിയിരുന്നു. 1960 കളിൽ റീസർവേ വകുപ്പ് തയാറാക്കിയ രേഖകൾ ഈ സെറ്റിൽമെന്റ് റജിസ്റ്റർ അടിസ്ഥാനമാക്കിയാകണം.
പട്ടികവർഗ വികസനവകുപ്പ് 1980ൽ തയാറാക്കിയ രേഖകളും ഉണ്ട്.
ഇവയെല്ലാം ചേർത്തു പരിശോധന നടത്തിയാൽ ആദിവാസികൾക്ക് യഥാർഥത്തിൽ എത്ര ഭൂമി ഉണ്ടായിരുന്നുവെന്നു വ്യക്തമാകും.അട്ടപ്പാടിയിലെ ഭൂമിവിഷയം കൈകാര്യം ചെയ്യുമ്പോൾ ആദിവാസിപക്ഷത്തു നിന്നാണു ചിന്തിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. തർക്കമുള്ളതും രേഖയില്ലാത്തതുമായ ഭൂമി സംബന്ധിച്ച് ആദിവാസി വിഭാഗത്തിൽപെട്ടയാളും മറ്റൊരാളും തർക്കം ഉന്നയിക്കുമ്പോൾ ആദിവാസിയുടെ പക്ഷത്തു നിന്ന് വിഷയം കൈകാര്യം ചെയ്യണം.
രേഖകളുമായാണ് അവകാശവാദമെങ്കിൽ അതു പരിശോധിക്കണം.രാവിലെ അട്ടപ്പാടി മിനി സിവിൽ സ്റ്റേഷനിൽ ഉന്നതതലയോഗത്തിനു ശേഷമാണ് അദ്ദേഹം ഉന്നതികളിലേക്കു പോയത്.
സർവേ വകുപ്പ് ഡയറക്ടർ സീറാം സാംബശിവറാവു, ജോയിന്റ് ലാൻഡ് റവന്യു കമ്മിഷണർ എം.മീര, സബ് കലക്ടർ അൻജിത് സിങ്, അസി.കലക്ടർ രവി മീണ, സൈലന്റ്വാലി വാർഡൻ അരുൾ സൽവൻ, മണ്ണാർക്കാട് ഡിഎഫ്ഒ സി.അബ്ദുൽ ലത്തീഫ്, തഹസിൽദാർ പി.എ.ഷാനവാസ് ഖാൻ, ഭൂരേഖ തഹസിൽദാർ പി.ആർ.അഭിലാഷ്,
ഐടിഡിപി ഓഫിസർ കെ.എം.സാദിഖലി എന്നിവരുമായി അദ്ദേഹം വിഷയം ചർച്ച ചെയ്തു.വട്ടലക്കി ഫാമിങ് സൊസൈറ്റിയിൽ വച്ച് ഓൾ ഇന്ത്യ ക്രാന്തികാരി കിസാൻസഭ സംസ്ഥാന പ്രസിഡന്റ് എം.സുകുമാരൻ, ടി.ആർ.ചന്ദ്രൻ, പി.വി.സുരേഷ് എന്നിവർ ആദിവാസി വിഭാഗക്കാരുടെ പ്രശ്നം അവതരിപ്പിച്ചു. തുടർന്നു വെച്ചപ്പതി, വെള്ളക്കുളം, മൂലഗംഗൽ ഉന്നതികൾ സംഘം സന്ദർശിച്ച് ആദിവാസികളിൽ നിന്നു വിവരങ്ങൾ തേടി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]