
കൊച്ചി ∙ മമ്മൂട്ടിയുടെ ‘താങ്ക് യൂ…’ എന്ന വാക്കിന് മറുപടിയായി ഡിജിപി റവാഡ ചന്ദ്രശേഖർ പറഞ്ഞു, ‘ഞങ്ങൾ താങ്കളോടാണ് നന്ദി പറയേണ്ടത്. സമൂഹത്തിനു വേണ്ടി ഇത്തരമൊരു പദ്ധതി തുടങ്ങിയതിന്’. ലഹരിമരുന്ന് ഉപയോഗത്തെയും കച്ചവടത്തെയും കുറിച്ചുള്ള വിവരങ്ങൾ ഫോണിലൂടെ കൈമാറാനായി മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആരംഭിച്ച ‘ടോക് ടു മമ്മൂക്ക’ ആഭ്യന്തരവകുപ്പിന്റെ പിന്തുണയോടെ പുതിയ ഘട്ടത്തിലേക്ക്.
‘ടോക് ടു മമ്മൂക്ക’യിലേക്ക് ലഭിക്കുന്ന വിവരങ്ങളും പരാതികളും സ്വീകരിക്കാൻ പൊലീസിന് നിർദേശം നൽകി സർക്കാർ ഉത്തരവായതിനു പിന്നാലെ കൊച്ചിയിൽ നടന്ന ചടങ്ങിൽ ഡിജിപി തന്നെ തത്സമയ പരാതി പരിഹാരത്തിന് തുടക്കമിട്ടു.
കോഴിക്കോട് നടുവണ്ണൂരിൽ നിന്നുള്ള പരാതിയാണ് ഡിജിപി സ്വീകരിച്ചത്. ചികിത്സയ്ക്ക് ശേഷം ചെന്നൈയിൽ വിശ്രമിക്കുന്ന മമ്മൂട്ടി ഫോണിലൂടെ ചടങ്ങിന്റെ ഭാഗമായി.
പദ്ധതിക്ക് പിന്തുണ നൽകുന്നതിന് സർക്കാരിനും ആഭ്യന്തര വകുപ്പിനുമുള്ള നന്ദി അദ്ദേഹം ഡിജിപിയെ അറിയിച്ചു.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള സാമൂഹിക സേവന പ്രസ്ഥാനമായ കെയർ ആൻഡ് ഷെയർ ഇന്റർനാഷനലാണ് ‘ടോക് ടു മമ്മൂക്ക’യ്ക്ക് മേൽനോട്ടം വഹിക്കുന്നത്. ലഹരിയുടെ പിടിയിലാവയർക്ക് കൗൺസിലിങ് ആവശ്യമെങ്കിൽ ആലുവ രാജഗിരി ആശുപത്രിയുമായി സഹകരിച്ച് അതിനുള്ള സൗകര്യം ഒരുക്കി നൽകും.
രാജഗിരി ആശുപത്രിയുടെ ക്ലിനിക്കൽ സൈക്കോളജി വിഭാഗത്തിന്റെ മുഴുവൻ സമയ സേവനവും സൗജന്യമായി ലഭിക്കും. രാജഗിരി സൈക്യാട്രി വിഭാഗത്തിലെ ഡോ.
വിനീത് മോഹൻ, ഡോ.ഗാർഗി പുഷ്പലാൽ, ഡോ.അർജുൻ ബലറാം, ക്ലിനിക്കൽ സൈക്കോളജിസ്റ്റുമാരായ ദിവ്യ കെ. തോമസ്, അമൃത മോഹൻ എന്നിവരാണ് സംഘത്തിലുളളത്.
‘ടോക് ടു മമ്മൂക്ക’യിലേക്ക് ലഭിക്കുന്ന പരാതികൾ സ്വീകരിക്കാൻ ആന്റി നർകോട്ടിക് കൺട്രോൾ റൂമിലും ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയുടെ ഓഫിസിനുമാണ് ഡിജിപി മുഖേന സർക്കാർ നിർദേശം നൽകിയിട്ടുള്ളത്.
നിലവിൽ സംസ്ഥാന കുടുംബശ്രീ മിഷന്റെ സഹകരണം പദ്ധതിക്കുണ്ട്. ‘ടോക് ടു മമ്മൂക്ക’യുമായി സഹകരിക്കണമെന്ന് നേരത്തെ തന്നെ എക്സൈസ്, തദ്ദേശ വകുപ്പുകൾക്ക് സർക്കാർ നിർദേശം നൽകിയിരുന്നു.
6238877369 എന്ന നമ്പരിലേക്ക് വിളിച്ച് ലഹരിമരുന്ന് ഉപയോഗത്തെയും കച്ചവടത്തെയും കുറിച്ചുള്ള വിവരങ്ങൾ അറിയിക്കാം. കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഇത് പൊലീസിനും എക്സൈസിനും കൈമാറും.
ചടങ്ങിൽ കൊച്ചി സിറ്റി പൊലീസ് മുൻ കമ്മിഷണർ വിനോദ് തോമസ്, രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടറും, സിഇഒയുമായ ഫാ.
ജോൺസൺ വാഴപ്പിള്ളി സിഎംഐ, കൊച്ചി സൗത്ത് എസിപി പി.രാജ്കുമാർ, കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ, ഡയറക്ടർ റോബർട്ട് കുര്യാക്കോസ്, രാജഗിരി ഹെൽത്ത് കെയർ പ്രമോഷൻസ് വൈസ് പ്രസിഡന്റ് ജോസ് പോൾ എന്നിവർ സംസാരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]