
ഇരിട്ടി∙ യുഎഇ വീസ വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നായി 1.5 കോടി രൂപയോളം തട്ടിയെടുത്ത മലപ്പുറം വണ്ടൂർ സ്വദേശിയെ ആറളം പൊലീസ് ബെംഗളൂരുവിൽ അറസ്റ്റ് ചെയ്തു. പാലക്കോട്ടെ ചെണ്ടമൻകുളത്തിൽ സി.കെ.അനീസി(39)നെയാണ് എസ്ഐ കെ.ഷുഹൈബിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
നൂറിലധികം പേരിൽ നിന്നാണ് തുക തട്ടിയെടുത്തതെന്ന് അനീസ് പൊലീസിനോടു പറഞ്ഞു.
കീഴ്പ്പള്ളി പുതിയങ്ങാടിയിലെ മുഹമ്മദ് അജ്സലി (24)ന് യുഎഇ വീസ വാഗ്ദാനം ചെയ്തു 1.4 ലക്ഷം രൂപ തട്ടിയെടുത്തെന്നു ചൂണ്ടിക്കാട്ടി 1 വർഷം മുൻപ് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് അനീസ് പിടിയിലായത്. അക്കൗണ്ടന്റ് വീസയാണ് വാഗ്ദാനം ചെയ്തത്.
മെഡിക്കൽ ചെക്കപ്പും മറ്റു പരിശോധനകളും പൂർത്തിയാക്കി തിരുവനന്തപുരത്തു യുഎഇ കോൺസുലേറ്റിന് മുന്നിലെത്താൻ പ്രതി അനീസ് മുഹമ്മദ് അജ്സലിനോട് ആവശ്യപ്പെട്ടു.
അനീസിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ച ശേഷം യുഎഇ കോൺസുലേറ്റിലെത്തിയ അജ്സൽ അനീസിനെ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. അതോടെ വഞ്ചിക്കപ്പെട്ടെന്നു മനസ്സിലായ മുഹമ്മദ് അജ്സൽ ആറളം പൊലീസിൽ പരാതി നൽകുകയായിരുന്നു.
വാട്സാപ് ഗ്രൂപ്പുകളിൽ നിന്നാണു യുഎഇയിലേക്ക് ആളെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടു മുഹമ്മദ് അജ്സൽ, അനീസിനെ ബന്ധപ്പെടുന്നത്. ഇവർ തമ്മിൽ നേരിട്ടു കണ്ടിട്ടുണ്ടായിരുന്നില്ല.
പൊലീസ് എത്തുംമുൻപേ മുങ്ങി
ഒരു വർഷം മുൻപ് പരാതി കിട്ടിയ സമയത്തു തന്നെ മലപ്പുറം വണ്ടൂർ സ്വദേശിയാണു തട്ടിപ്പ് നടത്തിയതെന്നു മനസ്സിലാക്കിയ പൊലീസ് സ്ഥലത്തെത്തിയെങ്കിലും അനീസ് മുങ്ങിയിരുന്നു.
സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇയാൾ ബെംഗളൂരുവിലേക്ക് താമസം മാറ്റിയതായി കണ്ടെത്തി.
ബെംഗളൂരു കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഇയാൾ ഉപയോഗിച്ച ഫോണും ഫോൺ നമ്പറും പലതവണ മാറ്റിയതിനാൽ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനിടെ ബെംഗളൂരു മേൽവിലാസത്തിൽ അനീസ് ആധാർ കാർഡും പാൻകാർഡും സംഘടിപ്പിച്ചിരുന്നു. ബാങ്ക് ഇടപാട് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പഞ്ചാബിലെ ജലന്തറിലേക്ക് താമസം മാറിയതായി കണ്ടെത്തി.
ജലന്തറിലേക്ക് പോകാൻ പൊലീസ് ശ്രമിക്കുന്നതിനിടെ ഇയാൾ ബെംഗളൂരുവിലെ വാടകവീട്ടിൽ എത്തിയിട്ടുണ്ടെന്നു കണ്ടെത്തി ബെംഗളൂരു പൊലീസിന്റെ സഹായത്തോടെ വീടുവളഞ്ഞ് പിടികൂടുകയായിരുന്നു.
ജലന്തറിൽ വീടുവച്ച് ആഡംബര ജീവിതം
കേരളത്തിൽ വീസ തട്ടിപ്പ് നടത്തി കൈക്കലാക്കിയ പണം ഉപയോഗിച്ച് അനീസ് ആഡംബര ജീവിതം നയിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ജലന്തറിൽ സ്ഥലം വാങ്ങി 80 ലക്ഷം രൂപയുടെ വീട് പണിതതായി അനീസ് അന്വേഷണസംഘത്തിന് മൊഴി നൽകി.
ബെംഗളൂരുവിലെ വാടകവീട്ടിൽ താമസിക്കുന്നതിനിടെ പഞ്ചാബ് സ്വദേശിനിയെ വിവാഹം കഴിച്ചാണു ജലന്തറിലേക്ക് താമസം മാറിയത്.
കേരളത്തിൽ 15 കേസ്
ചോദ്യം ചെയ്തു തുടങ്ങിയതിൽ ഇതുവരെ കേരളത്തിൽ വിവിധ സ്റ്റേഷനുകളിലായി 15 കേസുകൾ ഉള്ളതായാണ് വിവരം ലഭിച്ചത്. തിരൂർ സ്റ്റേഷൻ പരിധിയിൽ 6, പരപ്പന സ്റ്റേഷൻ പരിധിയിൽ 2, കരുവാരക്കുണ്ട്, മൂവാറ്റുപുഴ, കൊട്ടാരക്കര, പൊന്നാനി, മങ്കട, ബേഡകം സ്റ്റേഷനുകളിൽ ഓരോന്നും കേസുകൾ.
തട്ടിപ്പ് നടത്തി നേടിയ പണവും കേസുകളും അന്വേഷണം കഴിയുന്നതോടെ കൂടുമെന്നാണ് പൊലീസ് നിഗമനം.
ഇരകളെ കണ്ടെത്തിയത് വാട്സാപ് ഗ്രൂപ്പുകൾ വഴി
100 – 200 അംഗങ്ങൾ ഉള്ള വാട്സാപ് ഗ്രൂപ്പുകളിലെ അഡ്മിൻമാരെ സ്വാധീനിച്ചു പണം നൽകിയാണ് വിദേശത്തേക്ക് ആളെ ആവശ്യം ഉണ്ടെന്നു കാട്ടി അനീസ് പരസ്യം നൽകിയിരുന്നത്. കൂടുതൽ തുക തട്ടാൻ സാധിക്കുമെന്നതിനാൽ യൂറോപ്പ് വീസ വാഗ്ദാനം ചെയ്ത് ഇരകളെ വീഴ്ത്താനുള്ള നീക്കത്തിലായിരുന്നെന്നു വെളിപ്പെടുത്തിയിട്ടുണ്ട്.
പൊലീസ് പിടികൂടിയപ്പോഴും നിരവധി പേർ വീസ തേടി അനീസിന്റെ ഫോണിലേക്ക് വിളിച്ചുകൊണ്ടിരിക്കുകയാണ്.
നൂറുകണക്കിനാളുകളുടെ വിവരങ്ങളും ഫോണിൽകണ്ടെത്തിയിട്ടുണ്ട്. 2014 മുതൽ തട്ടിപ്പ് തുടങ്ങിയതാണെന്നു പൊലീസ് പറഞ്ഞു.
സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സോജി അഗസ്റ്റിൻ, മനോജ്, സിവിൽ പൊലീസ് ഓഫിസർ അനിൽ എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]