
കാക്കനാട്∙ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കുകയായിരുന്ന കാൽനട യാത്രക്കാരനെ അപായപ്പെടുത്തും വിധം മത്സരിച്ച് ഓടിയെത്തിയ സ്വകാര്യ ബസിന്റെ ഡ്രൈവറുടെ ലൈസൻസ് ആർടിഒ സസ്പെൻഡ് ചെയ്തു.
മൊബൈൽ ഫോണിൽ സംസാരിച്ചു ബസ് ഓടിച്ച മറ്റൊരു ഡ്രൈവറുടെ ലൈസൻസും സസ്പെൻഡ് ചെയ്തു. പാലാരിവട്ടത്ത് റോഡ് മുറിച്ചു കടന്ന യാത്രക്കാരൻ ബസിനടിയിൽപ്പെടാതെ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
ഇതിന്റെ വിഡിയോ ദൃശ്യം ഉൾപ്പെടെ തെളിവായി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ‘കാട്ടുങ്കലമ്മ’ ബസിന്റെ ഡ്രൈവർ ചോറ്റാനിക്കര സ്വദേശി ഷെഹീറിന്റെ ലൈസൻസ് ആർടിഒ കെ.ആർ.സുരേഷ് സസ്പെൻഡ് ചെയ്തത്.
മറ്റൊരു ബസിനെ മറികടന്നു തെറ്റായ ദിശയിലൂടെ പാഞ്ഞെത്തിയ ബസിനടിയിൽപ്പെടാതെ സീബ്രാലൈനിലെ കാൽനടക്കാരൻ ചാടി മാറുകയായിരുന്നു.
എറണാകുളം–ആലുവ റൂട്ടിലെ ‘സെവൻസ്’ ബസിന്റെ ഡ്രൈവർ മുപ്പത്തടം സ്വദേശി സെബിന്റെ ലൈസൻസാണ് മൊബൈൽ ഫോണിൽ സംസാരിച്ചു ബസ് ഓടിച്ചതിനു സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കൊച്ചി നഗരത്തിലും പരിസരങ്ങളിലുമായി നിയമ ലംഘനത്തിന് 115 ബസുകൾക്കെതിരെ കേസെടുത്തതായി എൻഫോഴ്സ്മെന്റ് വിഭാഗം അറിയിച്ചു.
1,50,750 രൂപ ബസുകളിൽ നിന്ന് പിഴ ഈടാക്കി.
അപകടകരമായ ഡ്രൈവിങ്ങിന് 15 ബസുകളും അമിത ശബ്ദം പുറപ്പെടുവിച്ചതിന് 9 ബസുകളും പ്രഥമശുശ്രൂഷ സംവിധാനമില്ലാത്തതിന് 6 ബസുകളും പിടിയിലായി. വാതിൽ തുറന്നിട്ടുള്ള സർവീസ്, സ്റ്റോപ്പുകളിൽ നിർത്താതിരിക്കൽ, യാത്രക്കാരോട് അപമര്യാദയായ പെരുമാറ്റം തുടങ്ങിയവയാണ് മറ്റു ബസുകൾക്കെതിരെയുള്ള കുറ്റങ്ങൾ.
യൂണിഫോം ധരിക്കാത്ത 3 ബസ് ജീവനക്കാർക്കെതിരെയും നടപടിയെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]