
പത്തനംതിട്ട: എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്ക് മുന്നിൽ നിന്നും മോഷ്ടിച്ച സ്കൂട്ടറുമായി കറങ്ങി നടന്നയാളെ പെരുമ്പുഴയിൽ വച്ച് വാഹന പരിശോധനയ്ക്കിടെ റാന്നി പൊലീസ് പിടികൂടി. വടശ്ശേരിക്കര ചെറുകുളഞ്ഞി പൂവത്തുംതറയിൽ റിൻസൻ മാത്യു (36) ആണ് പിടിയിലായത്.
എസ്ഐ റെജി തോമസിന്റെ നേതൃത്വത്തിൽ എ എസ് ഐമാരായ അജു കെ അലി, സൂരജ്, എസ് സി പി ഓ അജാസ്, സി പി ഓമാരായ പ്രസാദ്, നിധിൻ എന്നിവർ നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ പൊലീസിന്റെ വലയിൽ കുടുങ്ങിയത്. പുനലൂർ- മൂവാറ്റുപുഴ ദേശീയ പാതയിൽ റാന്നി ഭാഗത്തുനിന്നും സ്കൂട്ടർ ഓടിച്ചുവന്ന റിൻസൻ മാത്യു പൊലീസിനെ കണ്ടു പരിഭ്രമിച്ചു.
സംശയം തോന്നിയ പൊലീസ് ഇയാളെ തടഞ്ഞുനിർത്തി ചോദ്യം ചെയ്തു. വാഹനത്തിന്റെ രേഖകൾ ചോദിച്ചപ്പോൾ പരസ്പരവിരുദ്ധമായി മറുപടി നൽകി.
ഫോർട്ട് കൊച്ചിയിൽ ഒരാളിൽ നിന്നും 10,000 രൂപക്ക് വാങ്ങിയതാണെന്ന് കള്ളം പറഞ്ഞു. തുടർന്ന്, രജിസ്ട്രേഷൻ നമ്പർ പരിശോധിച്ചപ്പോഴാണ് കള്ളി വെളിച്ചത്തായത്.
ഇടുക്കി വാഗമൺ കൊച്ചു കരിന്തിരി മലയിൽ പുതുവൽ മാമൂട്ടിൽ വീട്ടിൽ ഡാർലിമോളുടെ ഉടമസ്ഥതയിലുള്ളതാണ് സ്കൂട്ടർ എന്ന് തിരിച്ചറിഞ്ഞു. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിൽ മോഷ്ടാവ് കാര്യങ്ങൾ പൊലീസിനോട് വെളിപ്പെടുത്തി.
സ്കൂട്ടർ മോഷണം പോയതുമായി ബന്ധപ്പെട്ട് റാന്നി സ്റ്റേഷനിൽ പരാതി നേരത്തെ ലഭിച്ചിരുന്നു. ഇത് തന്നെയാണ് മോഷ്ടിക്കപ്പെട്ട
വാഹനമെന്ന് പൊലീസിന് ബോധ്യപ്പെട്ടതിനെ തുടർന്ന്, പരാതി നൽകിയ ഡാർലിമോളുടെ സഹോദരൻ ബിജിൻ എഫ് അലോഷ്യസിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി സ്കൂട്ടർ തിരിച്ചറിഞ്ഞു. ഫെബ്രുവരി 14 ന് സ്കൂട്ടർ മോഷ്ടിച്ച റിൻസൻ പിന്നീട് ഉപയോഗിച്ച് വരികയായിരുന്നെന്നും ചോദ്യം ചെയ്യലിൽ വ്യക്തമായി.
തുടർന്ന് ഇയാളെ 21 ന് ഉച്ചക്ക് ഒന്നിന് അറസ്റ്റ് ചെയ്തു. വാഹനം പിടിച്ചെടുത്ത് സ്റ്റേഷനിൽ എത്തിച്ചശേഷം കേസെടുത്തു.
പ്രതിയുടെ മൊബൈൽ ഫോൺ പരിശോധനക്കായി പിടിച്ചെടുത്തു. മറ്റു നടപടികൾക്കൊടുവിൽ ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്ത് അന്വേഷണം നടത്തും. ഇയാൾക്കെതിരെ റാന്നി സ്റ്റേഷനിൽ 2019, 2021 വർഷങ്ങളിൽ ഓരോ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കോട്ടയം റെയിൽവേ പൊലീസും മലപ്പുറം എടക്കര പൊലീസും വേറെ ഓരോ കേസുകൾ എടുത്തിട്ടുള്ളതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. നിലവിൽ വിവിധ കോടതികളിൽ വിചാരണയിലാണ് ഈ കേസുകൾ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]