
തൊടുപുഴ ∙ ഓണത്തിന് ഇനി രണ്ടാഴ്ച ബാക്കിനിൽക്കെ നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. പ്രധാന ജംക്ഷനുകളായ കെഎസ്ആർടിസി ജംക്ഷൻ, നഗരസഭാ ബസ് സ്റ്റാൻഡ് പരിസരം, മൗണ്ട് സീനായ് റോഡ്, മാർക്കറ്റ് റോഡ്, റോട്ടറി ജംക്ഷൻ, വെങ്ങല്ലൂർ ഷാപ്പുംപടി ജംക്ഷൻ, ഗാന്ധി സ്ക്വയർ എന്നിവിടങ്ങളിലെല്ലാം നിലവിൽ വാഹനങ്ങളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
വൈകിട്ടാണ് തിരക്ക് കൂടുതൽ. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലേക്കു വരുന്നവർ വാഹനങ്ങൾ വഴിയോരത്തു തന്നെ നിർത്തിയിടുന്നതാണു കുരുക്കിന് പ്രധാന കാരണം.
ഇതുകാരണം മറ്റു വാഹനങ്ങൾക്കു സുഗമമായി സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. പാർക്കിങ് സൗകര്യമുള്ള വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലും വാഹനങ്ങൾ റോഡിൽ തന്നെയാണ് നിർത്തിയിടുന്നത്.
പെട്ടെന്ന് പോകാനുള്ള എളുപ്പത്തിനാണ് ഇങ്ങനെ ചെയ്യുന്നത്. അതേസമയം പൊതുവേ തിരക്കുള്ള മാർക്കറ്റ് റോഡിൽ ഓണവിപണി സജീവമായതോടെ വലിയ കുരുക്കാണ്.
കാൽനടയാത്രക്കാർക്കു പോലും റോഡ് മുറിച്ചുകടക്കാൻ ഏറെ നേരം കാത്തുനിൽക്കേണ്ട സ്ഥിതിയാണ്.
താരതമ്യേന വീതി കുറവായ റോഡിൽ ചരക്കുവാഹനങ്ങൾക്കു പുറമേ സ്വകാര്യ വാഹനങ്ങൾ കൂടി റോഡിന്റെ ഇരുഭാഗത്തും നിർത്തിയിടുന്നതാണു തിരക്കിനു കാരണം.
തിരക്കുള്ള സമയങ്ങളിൽ ക്ഷമയില്ലാതെ ഇരുചക്രവാഹനക്കാർ ഉൾപ്പെടെ തോന്നിയപോലെ സഞ്ചരിക്കുന്നത് അപകടത്തിനും ഇടയാക്കുന്നു. ഓണം അടുക്കുംതോറും തിരക്ക് കൂടിവരുന്ന സാഹചര്യത്തിൽ തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ പൊലീസിനെ നിയോഗിച്ചാൽ മാത്രമേ പ്രശ്നത്തിനു പരിഹാരമാകൂ. പ്രധാന ജംക്ഷനുകളിലെ വാഹനങ്ങളുടെ അനധികൃത പാർക്കിങ്ങിനെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നാണു ജനങ്ങളുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]