പീരുമേട് ∙ എംഎൽഎയായി തിരുവനന്തപുരത്തേക്കുള്ള ആദ്യയാത്രയിൽത്തന്നെ മണ്ഡലത്തിലെ റോഡ് വികസനത്തിനു 10 കോടി നേടിയെടുത്തു മടങ്ങിയ ചരിത്രമുണ്ട് വാഴൂർ സോമന്. അക്കഥ ഇങ്ങനെ:വണ്ടിപ്പെരിയാറിൽനിന്നു തിരുവനന്തപുരത്തേക്ക് 184 കിലോമീറ്റർ.
മണ്ഡലത്തിലെ റോഡിന്റെ ദുരവസ്ഥയും 1981ലെ ലോക്കപ്പ് മർദനത്തിന്റെ അവശേഷിപ്പായ ശാരീരിക വെല്ലുവിളികളും പരിഗണിച്ച് യാത്ര ജീപ്പിലാക്കി.
തിരുവനന്തപുരത്തു ചെന്നിറങ്ങുമ്പോൾ മന്ത്രി മുഹമ്മദ് റിയാസിന്റെ ചോദ്യം: ‘ഇടുക്കിയിൽനിന്ന് ഇത്രദൂരം ജീപ്പിലോ?’വാഴൂരിന്റെ മറുപടി ഉടനെത്തി: ‘മണ്ഡലത്തിലെ റോഡിൽ ഈ ജീപ്പേ പറ്റൂ.’ പിന്നീട് മന്ത്രിയുടെ ഓഫിസിലെത്തി റോഡുകൾക്ക് ഫണ്ട് ആവശ്യപ്പെട്ട് കത്തു നൽകി. തിരികെ മടങ്ങുന്നതിനിടെ രാത്രി 11ന് ഫോണിൽ മന്ത്രിയുടെ വിളിയെത്തി.
35-ാം മൈൽ-കൊക്കയാർ റോഡിന് 10 കോടി അനുവദിച്ചു.
ലോക്കപ്പിലെ ക്രൂരമർദനം; ചികിത്സ, റഷ്യൻ പഠനം
പൊലീസിന്റെ ക്രൂരമർദനം സമ്മാനിച്ച വൈകല്യവുമായാണു വാഴൂർ സോമൻ ജീവിച്ചത്. വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷൻ ലോക്കപ്പിലെ അതിഭീകര മർദനമുറകളാണു യുവ ട്രേഡ് യൂണിയൻ നേതാവിനു ചുമലിൽ കൂനും കാലുകൾക്കു വൈകല്യവുമുണ്ടാക്കിയത്.
വണ്ടിപ്പെരിയാറിലെ 2 തോട്ടം തൊഴിലാളികൾ തമ്മിലുണ്ടായ തർക്കം ഒത്തുതീർപ്പാക്കാനാണു സോമൻ പൊലീസ് സ്റ്റേഷനിലെത്തിയത്.പ്രശ്നം ചർച്ച ചെയ്യുന്നതിനിടെ എസ്ഐ രാഘവനുമായി തർക്കമുണ്ടായി.രാഘവനും ഹെഡ് കോൺസ്റ്റബിൾ കരുണാകരനും ചേർന്ന് സോമനെ തല്ലിച്ചതച്ചു.30 മിനിറ്റോളം മർദനം.
സോമനെ ലോക്കപ്പിലിട്ടു പൂട്ടി കാവൽനിന്ന എസ്ഐയെ ഏറെ പണിപ്പെട്ടു സ്റ്റേഷനിൽനിന്നു മാറ്റിയ ശേഷമാണ് അദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളജിലേക്ക് ചികിത്സയ്ക്കായി മാറ്റിയത്.തൊട്ടുപിന്നാലെ 1980ൽ അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാരും സിപിഐ സംസ്ഥാന നേതൃത്വവും ചേർന്നു വാഴൂരിനെ ചികിത്സയ്ക്കു മോസ്കോയിലയച്ചു.
ഒരു വർഷം അവിടെ താമസിച്ചു റഷ്യൻ ഭാഷയും പഠിച്ചാണു മടങ്ങിയത്.
കാത്തിരുന്നു നേടിയ മത്സര ടിക്കറ്റ്
1991 മുതൽ 2016 വരെ എല്ലാ തിരഞ്ഞെടുപ്പുകളിലും സിപിഐയുടെ മണ്ഡലം, ജില്ലാ കമ്മിറ്റികൾ ശുപാർശ ചെയ്യുന്ന സ്ഥാനാർഥിപ്പട്ടികയിൽ സോമൻ ഉണ്ടായിരുന്നു. 1996ലും 2001ലും രാഷ്ട്രീയഗുരു കൂടിയായ സി.എ.കുര്യനു വേണ്ടി മാറിക്കൊടുത്തു.
2006ൽ വനിതാപ്രാതിനിധ്യം ഉറപ്പിക്കാൻ ബിജിമോൾക്ക് അവസരം നൽകി.2011ലും 2016ലും വനിതാ സംവരണത്തിനു വേണ്ടി ഇത് ആവർത്തിച്ചു.
സിപിഐ മാനദണ്ഡം അനുസരിച്ചു രണ്ടു തവണ മത്സരിച്ചവരെ ഒഴിവാക്കാൻ തീരുമാനിച്ചതോടെ അവസരം വാഴൂർ സോമനിൽ എത്തുകയായിരുന്നു. 2021ൽ 10 റൗണ്ട് പൂർത്തിയാകുന്നതു വരെ യുഡിഎഫ് സ്ഥാനാർഥി സിറിയക് തോമസിനായിരുന്നു ലീഡ്.തോട്ടം മേഖലയായ വണ്ടിപ്പെരിയാറിലെ അവസാന രണ്ടു റൗണ്ടുകൾ എണ്ണിത്തുടങ്ങിയതോടെ എൽഡിഎഫ് ഭൂരിപക്ഷം ക്രമേണ കൂടി.
ഒടുവിൽ, 1835 വോട്ടിന് വാഴൂർ സോമന്റെ വിജയം.
വാഴൂരിൽനിന്ന് പീരുമേട്ടിലേക്ക്
1952 സെപ്റ്റംബർ 14ന് കോട്ടയം വാഴൂരിൽ കുഞ്ഞുപാപ്പന്റെയും പാർവതിയമ്മയുടെയും 7 മക്കളിൽ ആറാമനായി ജനിച്ച സോമൻ വാഴൂർ എൻഎസ്എസ് കോളജിൽ നിന്നു പ്രീഡിഗ്രി പൂർത്തിയാക്കി. കോട്ടയം കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ നിന്നു സോഷ്യൽ സൈക്കോളജിയിൽ ഡിപ്ലോമയും നേടി.
എഐഎസ്എഫിലൂടെ പൊതുപ്രവർത്തന രംഗത്തെത്തിയ സോമൻ 1974 ൽ തന്റെ പ്രവർത്തന മണ്ഡലം പീരുമേട്ടിലേക്കു മാറ്റി.
ഇടുക്കിയിൽ എഐഎസ്എഫിന്റെ ആദ്യ ജില്ലാ സെക്രട്ടറി.1978ൽ ഹൈറേഞ്ച് എസ്റ്റേറ്റ് ലേബർ യൂണിയന്റെ (എഐടിയുസി) ജനറൽ സെക്രട്ടറിയായി. നീണ്ട
40 വർഷം ഈ പദവിയിൽ തുടർന്നു. 2018ൽ മുതിർന്ന നേതാവ് സി.എ.കുര്യന്റെ പിൻഗാമിയായി യൂണിയൻ പ്രസിഡന്റായി.
തൊഴിൽ നിയമങ്ങളിലെ അഗാധമായ അറിവ് സോമനെന്ന ട്രേഡ് യൂണിയൻ നേതാവിന് തോട്ടം മേഖലയിൽ വലിയ തലപ്പൊക്കമാണു നൽകിയത്.
വെയർ ഹൗസിങ് കോർപറേഷൻ ചെയർമാൻ, എംഎൽഎ, ജില്ലാ പഞ്ചായത്തംഗം എന്നിങ്ങനെ വിവിധ പദവികൾ വഹിക്കുമ്പോഴും തൊഴിലാളി സംഘടനാ പ്രവർത്തനം മുടക്കിയില്ല. നിലവിൽ എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റും ദേശീയ പ്രവർത്തക സമിതി അംഗവുമാണ്. പീരുമേട്ടിലെ ഹൈറേഞ്ച് എംപ്ലോയീസ് ലേബർ യൂണിയൻ (എച്ച്ഇഎൽ) പ്രസിഡന്റാണ്.
പീരുമേടിന് എംഎൽഎ നഷ്ടം ഇതു രണ്ടാംതവണ
കേരള നിയമസഭാംഗമായിരിക്കേ നിര്യാതനാകുന്ന 53–ാമനാണ് പീരുമേട് എംഎൽഎ വാഴൂർ സോമൻ.
1996ലെ തിരഞ്ഞെടുപ്പിൽ, വോട്ടെടുപ്പിനും ഫലപ്രഖ്യാപനത്തിനും ഇടയ്ക്ക് മരണമടയുകയും ആ തിരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്ത പി.കെ. ശ്രീനിവാസനെ കൂടാതെയുള്ള കണക്കാണിത്. ഇപ്പോഴത്തെ നിയമസഭയിലെ 3–ാമത്തെ നിര്യാണമാണിത്.
സോമന്റെ നിര്യാണത്തോടെ 15–ാം കേരള നിയമസഭയിൽ 6–ാമത്തെ ഒഴിവാണുണ്ടാകുന്നത്.
3നിര്യാണവും 3രാജിയുമാണ് കാരണം. ഉപതിരഞ്ഞെടുപ്പിലൂടെ 5 ഒഴിവുകളും നികത്തി. പീരുമേട് എംഎൽഎ ആയിരിക്കെ നിര്യാതനാകുന്ന രണ്ടാമനാണ് സോമൻ.
1974 നവംബർ 6ന് നിര്യാതനായ കെ.ഐ. രാജൻ (സിപിഎം) ആണ് ഒന്നാമൻ.
ഈ ഒഴിവിൽഉപതിരഞ്ഞെടുപ്പ് നടന്നില്ല.
ഏറ്റവും ദീർഘകാലം (2 വർഷം 4 മാസം) ഒഴിഞ്ഞു കിടന്നത് 4–ാം നിയമസഭയിലെ പീരുമേട് മണ്ഡലമാണ്.
2021 മേയ് 3 ന് രൂപീകരിക്കപ്പെട്ട്, മേയ് 24ന് പ്രഥമ സമ്മേളനം നടന്ന 15–ാം കേരള നിയമസഭയുടെ കാലാവധി 2026 മേയ് 23നാണ് അവസാനിക്കുന്നത്. അതുകൊണ്ട് ഇനിയുമൊരു ഉപതിരഞ്ഞെടുപ്പിന് സാധ്യതയില്ല. പി.ടി.
തോമസ്(തൃക്കാക്കര), ഉമ്മൻ ചാണ്ടി (പുതുപ്പള്ളി) എന്നിവരാണ് ഇപ്പോഴത്തെ നിയമസഭയിൽ അംഗമായിരിക്കെ അന്തരിച്ചത്. പി.വി. അൻവരും(നിലമ്പൂർ) ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഷാഫി പറമ്പിൽ (പാലക്കാട്), കെ.രാധാകൃഷ്ണൻ (ചേലക്കര) എന്നിവരുമാണ് രാജിവച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]