
കാക്കനാട്∙ സാമൂഹിക വിരുദ്ധരുടെ വിളയാട്ടവും നിയമ ലംഘനങ്ങളും പൊതു നിരത്തിലെ മാലിന്യം തള്ളലും കണ്ടെത്താൻ തൃക്കാക്കര നഗരസഭ പ്രദേശത്തെ 130 കേന്ദ്രങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നു.ആദ്യഘട്ടം ക്യാമറകൾ ശനിയാഴ്ച പ്രവർത്തിച്ചു തുടങ്ങും. തൃക്കാക്കര നഗരസഭയും പൊലീസും ജില്ലാ ഭരണകൂടവും സഹകരിച്ചാണ് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നത്.
നഗരസഭ 70 ലക്ഷം രൂപ ചെലവഴിച്ചാണ് ക്യാമറകൾ വാങ്ങിയത്. ക്യാമറ കൺട്രോൾ റൂമുകൾ പൊലീസിന്റെയും നഗരസഭയുടെയും നിയന്ത്രണത്തിലായിരിക്കും.
അഞ്ചു വർഷം കമ്പനി വാറന്റിയും രണ്ടു വർഷം ഓൺസൈറ്റ് വാറന്റിയുമുള്ള അത്യാധുനിക ക്യാമറകളാണ് ലഭ്യമാക്കിയിട്ടുള്ളത്.അടുത്ത ഘട്ടത്തിൽ ഓട്ടമാറ്റിക് നമ്പർ പ്ലേറ്റ് തിരിച്ചറിയൽ ക്യാമറകളും സ്ഥാപിക്കും.
നേരത്തേ താൽക്കാലിക ക്യാമറകൾ വച്ചു നടത്തിയ പരീക്ഷണത്തിൽ കൗൺസിലർമാർ ഉന്നയിച്ച അഭിപ്രായങ്ങൾ കൂടി പരിഗണിച്ചുള്ള ക്യാമറകളാണ് സ്ഥാപിക്കുന്നത്. കെഎസ്ഇബി തൂണുകളിലാകും ക്യാമറ വയ്ക്കുക.
ഇവ പ്രവർത്തിക്കാനാവശ്യമായ വൈദ്യുതി തൊട്ടടുത്ത വീടുകളിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ലഭ്യമാക്കും. കുറഞ്ഞ വോൾട്ടേജിൽ പ്രവർത്തിക്കുന്ന ക്യാമറകളായതിനാൽ കുറഞ്ഞ വൈദ്യുതിയെ ഇതിന് ആവശ്യമുള്ളു.
ഇന്റർനെറ്റ് സൗകര്യം ഉപയോഗിക്കാതെ കേബിൾ ടിവി ഓപ്പറേറ്റർമാരുടെ നെറ്റ് വർക്കിന്റെ സഹായത്തോടെയാകും ദൃശ്യങ്ങൾ കൺട്രോൾ റൂമുകളിലെത്തിക്കുക. ഇപ്പോൾ അനുവദിച്ചിട്ടുള്ള ഫണ്ട് വിനിയോഗിച്ച് ഓരോ വാർഡിലും 3 വീതം ക്യാമറകളാണ് നഗരസഭ നേരിട്ടു സ്ഥാപിക്കുന്നത്.
ക്യാമറകളുടെ ഉദ്ഘാടനം 23ന്
തൃക്കാക്കരയിലെ പ്രധാന കേന്ദ്രങ്ങളിൽ സ്ഥാപിക്കുന്ന ക്യാമറകളുടെ പ്രവർത്തനോദ്ഘാടനം 23ന് തൃക്കാക്കര അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ പി.എസ്.ഷിജു നിർവഹിക്കും.
നഗരസഭാധ്യക്ഷ രാധാമണി പിള്ള അധ്യക്ഷത വഹിക്കും. ക്യാമറകളുടെ കൺട്രോൾ റൂം നഗരസഭ കാര്യാലയത്തിലും തൃക്കാക്കര, ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനുകളിലുമാകും സ്ഥാപിക്കുക.
അനധികൃത മാലിന്യം തള്ളൽ ഉൾപ്പെടെയുള്ള പൊതു ശല്യങ്ങളുടെ ദൃശ്യങ്ങൾ നഗരസഭയിൽ പരിശോധിച്ച് ബന്ധപ്പെട്ടവർക്ക് നോട്ടിസ് അയക്കും. ഗതാഗത നിയമ ലംഘനങ്ങളും ഇതര കുറ്റകൃത്യങ്ങളും ക്യാമറയിൽ പതിയുമ്പോഴാണ് പൊലീസ് ഇടപെടുക.
ഒരു മാസം കൊണ്ട് ക്യാമറ സ്ഥാപിക്കൽ പൂർത്തിയാകും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]