
ശ്രീകണ്ഠപുരം∙ നഗരസഭയിലെ വയക്കര പെരുവളത്തുപറമ്പ് റോഡിൽ കലുങ്ക് നിർമിക്കുന്നതിനായി ഗതാഗതം നിരോധിച്ചിട്ട് 3 മാസം പിന്നിട്ടു. വിദ്യാർഥികളടക്കം സമീപത്തെ റബർ തോട്ടത്തിലെ വഴിയിലൂടെ കാൽനടയായാണ് നിലവിൽ സഞ്ചരിക്കുന്നത്.
ജൂൺ 4നാണ് സ്കൂൾ ബസുകൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡ് കലുങ്ക് നിർമിക്കാനായി അടച്ചിട്ടത്. എന്നാൽ നിർമാണം ഇഴഞ്ഞുനീങ്ങുകയായിരുന്നു.3 മാസം കഴിഞ്ഞിട്ടും റോഡിലെ കലുങ്കിന്റെ കോൺക്രീറ്റ് പണികൾ മാത്രമാണ് നടന്നത്.
രണ്ടു ഭാഗത്തും കലുങ്കിന് സമാന്തരമായി റോഡ് ഉയർത്തൽ ഉൾപ്പെടെയുള്ള പണികൾ പൂർത്തിയായാൽ മാത്രമേ ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കാൻ സാധിക്കുകയുള്ളു.
സ്കൂൾ തുറന്ന മാസം തന്നെ കലുങ്ക് നിർമാണത്തിനായി തിരഞ്ഞെടുത്തത് ഏറെ പ്രതിഷേധത്തിനിടയാക്കിട്ടുണ്ട്. പെരുവളത്തുപറമ്പിലുള്ളവർക്ക് വയക്കര ജിയുപി സ്കൂളിലേക്കും അങ്കണവാടിയിലേക്കും വയക്കരയുള്ളവർക്ക് ഇരിക്കൂർ ഭാഗത്തേക്കും എളുപ്പം എത്താനാകുന്ന റോഡാണിത്.നിലവിൽ വയക്കരയുള്ളവർക്ക് കണിയാർവയൽ വഴി ചുറ്റി വേണം പെരുവളത്തുപറമ്പിലെത്താൻ.
നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 6 ലക്ഷം രൂപ ചെലവിലാണ് കലുങ്ക് നിർമിക്കുന്നത്. ഗതാഗതം പൂർണമായും മുടങ്ങി ദുരിതമനുഭവിക്കുകയാണെന്നും റോഡ് താൽക്കാലികമായെങ്കിലും തുറക്കാൻ നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]