
കൂത്താട്ടുകുളം∙ കെഎസ്ആർടിസി ഡിപ്പോയിൽ കാലപ്പഴക്കം ചെന്ന ബസുകൾ അപകട ഭീഷണി ഉയർത്തുന്നു.
കഴിഞ്ഞ ദിവസം ഓടിക്കൊണ്ടിരുന്ന ബസിന്റെ ടയർ പൊട്ടി നിയന്ത്രണം നഷ്ടമായി വൈദ്യുതി പോസ്റ്റിൽ ഇടിച്ചു കയറി. വെളിയന്നൂർ പഞ്ചായത്ത് ഓഫിസ് പടിക്കലാണ് സംഭവം.
പോസ്റ്റ് ബസിനു മുകളിലേക്ക് വീണെങ്കിലും ദുരന്തം ഒഴിവായി. ഡിപ്പോയിൽ ബസുകൾ ഭൂരിഭാഗവും കാലപ്പഴക്കം ചെന്നതാണെന്നും ഇവയുടെ അറ്റകുറ്റപ്പണി കൃത്യമായി നടത്താറില്ലെന്നും പരാതിയുണ്ട്.
ബസിന്റെ തകരാർ എഴുതിയിട്ടാൽ പരിശോധിച്ചുവെന്ന് വർക്ക് ബുക്കിൽ രേഖപ്പെടുത്തി വീണ്ടും സർവീസിന് അയയ്ക്കുകയാണ് എന്നാണ് ആക്ഷേപം.മിക്ക ദിവസവും ബസുകൾ കഴുകാറില്ല. ടയറിന്റെ നട്ടുകൾ മുറുക്കാതെ ബസ് സർവീസിന് അയച്ച സംഭവം നേരത്തെ ഉണ്ടായിരുന്നു.
ഡിപ്പോയിലെ ബസുകൾ വഴിയിൽ കേടാകുന്നത് പതിവാണ്. വരുമാനത്തിന്റെ കാര്യത്തിലും ഡിപ്പോ സംസ്ഥാന തലത്തിൽ ഏറെ പിന്നിലാണ്.
ഡിപ്പോയും കുഴികൾ രൂപപ്പെട്ട് തകർന്ന നിലയിലാണ്. ബസുകളുടെയും ഡിപ്പോയുടെയും അറ്റകുറ്റപ്പണികൾ പോലും നടത്താതെ ദൈനംദിന പ്രവർത്തനങ്ങൾ മാത്രം നടത്തി മുന്നോട്ടു പോകുന്ന ഡിപ്പോ അധികൃതർക്കെതിരെ പ്രതിഷേധം ശക്തമാണ്.ടിഡിഎഫ്, ബിഎംഎസ് സർവീസ് സംഘടനകൾ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]