
ഹരിപ്പാട് ∙ ചരിത്രവും ഐതിഹ്യവും ഉറങ്ങുന്ന നെൽപ്പുരക്കടവിലേക്കുള്ള തോട് നഗരസഭയുടെ നേതൃത്വത്തിൽ വൃത്തിയാക്കുന്നു. വർഷങ്ങളായി തോട്ടിൽ പോളയും പായലും മാലിന്യങ്ങളും നിറഞ്ഞ് കിടക്കുകയാണ്. തോട് വൃത്തിയാക്കാത്തതിനാൽ നെൽപ്പുരക്കടവ് ഫാം ടൂറിസം പദ്ധതിയും നടപ്പിലാക്കാൻ കഴിഞ്ഞില്ല. നഗരസഭയുടെ നേതൃത്വത്തിൽ 2 ലക്ഷം രൂപ വിനിയോഗിച്ചാണ് രണ്ടര കിലോമീറ്ററോളം തോട് വൃത്തിയാക്കുന്നത്.
രാജഭരണകാലത്ത് തിരുവിതാംകൂർ കൊട്ടാരത്തിലേക്ക് ആവശ്യമുള്ള നെല്ല് സംഭരിച്ചിരുന്നത് നെൽപ്പുരക്കടവിലെ വലിയ അറകളിലായിരുന്നു.
ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട സ്ഥലമാണ് നെൽപ്പുരക്കടവ്. പരശുരാമൻ പൂജിച്ചിരുന്ന നാലു കൈകളോടു കൂടിയ സുബ്രഹ്മണ്യ വിഗ്രഹം കായംകുളം കായലിൽ നിന്ന് കണ്ടെടുത്ത് കരക്കാർ ഘോഷയാത്രയായി അനേകം വള്ളങ്ങളുടെ അകമ്പടിയോടെ നെൽപ്പുരക്കടവിലെത്തിച്ചു എന്നാണ് വിശ്വാസം.
ഇൗ വിഗ്രഹ ഘോഷയാത്രയെ അനുസ്മരിച്ച് നടത്തുന്നതാണ് പായിപ്പാട് ജലോത്സവം.
തിരുവോണ നാളിൽ പായിപ്പാട് ആറ്റിൽ നിന്ന് വള്ളങ്ങളിൽ നെൽപ്പുരക്കടവിലെത്തുന്ന കരക്കാർ വഞ്ചിപ്പാട്ടും കീർത്തനങ്ങളും പാടി ക്ഷേത്ര ദർശനം നടത്തുന്ന ചടങ്ങ് ഉണ്ട്. എന്നാൽ തോട്ടിൽ പായലും പോളയും നിറഞ്ഞതിനാൽ 2007 മുതൽ വള്ളങ്ങൾക്ക് നെൽപ്പുരക്കടവിലേക്ക് വരാൻ കഴിയാതായി.
പിന്നീട് കരക്കാർ നെൽപ്പുരക്കടവിലെത്തി അവിടെ നിന്നു ഘോഷയാത്രയായിട്ടാണ് ക്ഷേത്രദർശനം നടത്തിയിരുന്നത്.
തോട് വൃത്തിയാക്കുന്നതോടെ ഇൗ വർഷം മുതൽ വള്ളത്തിൽ നെൽപ്പുരക്കടവിലെത്തി ക്ഷേത്ര ദർശനം നടത്തുന്ന പുരാതനായ ചടങ്ങ് ആരംഭിക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് കരക്കാർ.തോട് വൃത്തിയാക്കുന്നതിന്റെ ഉദ്ഘാടനം നാളെ 11ന് നെൽപ്പുരക്കടവിൽ നടക്കുമെന്ന് നഗര സഭാ അധ്യക്ഷൻ കെ.കെ.രാമകൃഷ്ണൻ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]