
കടലുണ്ടി ∙ കമ്യൂണിറ്റി റിസർവ് ഇക്കോടൂറിസം കേന്ദ്രത്തിൽ പുതുതായി ഒരു തോണി കൂടി സർവീസ് നടത്താൻ അനുമതി നൽകിയ മാനേജ്മെന്റ് കമ്മിറ്റി നടപടിയിൽ പ്രതിഷേധവുമായി തൊഴിലാളികൾ. നിലവിൽ 31 തോണികൾ സർവീസ് നടത്തുന്ന ടൂറിസം കേന്ദ്രത്തിലാണു പുതിയൊരെണ്ണം കൂടി അനുവദിച്ചത്.മൺസൂണിൽ നിലവിലുള്ള തോണിക്കാർക്ക് പോലും പണിയില്ലാത്ത സ്ഥിതിയാണെന്നും ഇനിയും കൂടുതൽ തോണികൾക്കു അനുമതി നൽകിയാൽ ആർക്കും പണിയില്ലാതാകുമെന്നും തൊഴിലാളികൾ പറഞ്ഞു.
ഇക്കാര്യം മാനേജ്മെന്റ് കമ്മിറ്റിയെ മുൻപ് ധരിപ്പിച്ചതാണ്. നേരത്തേ 28 തോണികളാണു ടൂറിസം കേന്ദ്രത്തിൽ ഉണ്ടായിരുന്നത്.
3 മാസം മുൻപ് മാനേജ്മെന്റ് കമ്മിറ്റി 3 തോണികൾക്കു സർവീസ് അനുമതി നൽകിയിരുന്നു.
അന്നു പ്രതിഷേധിച്ചപ്പോൾ, കൂട്ടായ ചർച്ച നടത്തിയ ശേഷമേ ഇനി അനുമതി നൽകുകയുള്ളൂ എന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നു.
അതു ലംഘിച്ചതായി തൊഴിലാളികൾ കുറ്റപ്പെടുത്തി. അതേ സമയം, പ്രദേശവാസികൾക്ക് തൊഴിൽ ലഭ്യമാക്കുകയെന്ന കമ്യൂണിറ്റി റിസർവ് ബൈലോ പ്രകാരമാണ് പുതിയ തോണിക്ക് അനുമതി നൽകിയതെന്ന് റിസർവ് മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ ടി.പി.വിജയൻ പറഞ്ഞു.സഞ്ചാരികൾക്ക് തോണി യാത്രാ സൗകര്യം വിപുലപ്പെടുത്താനാണ് നടപടി.
കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ വനം–ടൂറിസം വകുപ്പുകൾ ചേർന്നു കമ്യൂണിറ്റി റിസർവ് ഇക്കോ ടൂറിസം കേന്ദ്രത്തിൽ വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നും കടലുണ്ടിയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുക ലക്ഷ്യമിട്ടാണ് മാനേജ്മെന്റ് കമ്മിറ്റി മുൻപോട്ടു പോകുന്നതെന്നും ചെയർമാൻ വ്യക്തമാക്കി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]