
പറവൂർ ∙ കോട്ടുവള്ളിയിൽ പണം ഇടപാടിന്റെ പേരിൽ റിട്ട.പൊലീസുകാരനും കുടുംബവും ഭീഷണിപ്പെടുത്തിയതിനെ തുടർന്നു വീട്ടമ്മ ആശ പുഴയിൽ ചാടി
ചെയ്ത കേസ് മുനമ്പം ഡിവൈഎസ്പി എസ്.ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള 12 അംഗ പ്രത്യേക സംഘം അന്വേഷിക്കും. സംഭവത്തിൽ ദുരൂഹത ആരോപിച്ച കുടുംബാംഗങ്ങളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ റിട്ട.
പൊലീസ് ഉദ്യോഗസ്ഥൻ പ്രദീപ്, ഭാര്യ ബിന്ദു എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിനു കേസ് റജിസ്റ്റർ ചെയ്തു. നേരത്തേ കൈക്കൂലിക്കേസിൽ വകുപ്പുതല നടപടിക്കു വിധേയനായ ആളാണ് പ്രദീപ്.
ഇയാളും ഭാര്യ ബിന്ദുവും സംഭവത്തെത്തുടർന്ന് ഒളിവിലാണ്. ഇവർക്കായി അന്വേഷണം ആരംഭിച്ചു.
പ്രദീപിന്റെ മകൾ ദീപയെ കലൂരിലുള്ള അവരുടെ ഭർത്താവിന്റെ സ്ഥാപനത്തിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദീപയും ആശയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അതേസമയം, മരിച്ച കോട്ടുവള്ളി പുളിക്കത്തറ ആശ ബെന്നി ആത്മഹത്യ കുറിപ്പിൽ സൂചിപ്പിച്ച പണം ഇടപാട് സംബന്ധിച്ച് തെളിവുകൾ ഒന്നും പൊലീസിനു ലഭിച്ചിട്ടില്ല.
ബാങ്ക് ഇടപാടുകൾ, മറ്റ് ഓൺലൈൻ പണം ഇടപാടുകൾ സംബന്ധിച്ചു പൊലീസ് തെളിവുകൾ ശേഖരിക്കുന്നുണ്ട്. അമിത പലിശയ്ക്കു പണം നൽകിയതായി തെളിഞ്ഞാൽ ഓപ്പറേഷൻ കുബേര പ്രകാരവും കേസ് റജിസ്റ്റർ ചെയ്യും.
ആശയുടെ വീടിനോടു ചേർന്ന കടമുറികളുടെ അറ്റകുറ്റപ്പണി നടത്താൻ രണ്ടു ഘട്ടങ്ങളിലായി 10 ലക്ഷം രൂപ പ്രദീപിൽ നിന്നു കൈപ്പറ്റിയെന്നാണ് പൊലീസിനു ലഭിച്ച വിവരം.
മരിക്കുന്നതിന്റെ തലേ ദിവസം പ്രദീപും ഭാര്യയും ആശയുടെ വീട്ടിലെത്തി ഭീഷണി മുഴക്കുന്ന വിഡിയോ പൊലീസിനു ലഭിച്ചിട്ടുണ്ട്. മാനസിക സമ്മർദം സഹിക്കാൻ കഴിയാതെയാണു ഭാര്യ ആത്മഹത്യ ചെയ്തതെന്നു കാണിച്ചു ഭർത്താവ് ബെന്നി പൊലീസിൽ പരാതി നൽകി.
മുഖ്യമന്ത്രിക്കും, മനുഷ്യാവകാശ കമ്മിഷനും പരാതി നൽകുമെന്നും വീട്ടുകാർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]