
കൽപറ്റ ∙ നിലമ്പൂർ – നഞ്ചൻകോട് പുതിയ റെയിൽ പാതയുടെ അന്തിമ ലൊക്കേഷൻ സർവേക്ക് അംഗീകാരം നൽകിയതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ ലോക്സഭയിലെ ചോദ്യത്തിനുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
നിലമ്പൂർ-നഞ്ചൻകോട് പുതിയ പാതയുടെ സർവേ 2007-08 ൽ നടത്തിയെങ്കിലും പ്രതീക്ഷിക്കുന്ന യാത്രക്കാരുടെ എണ്ണം കുറവായതിനാൽ പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞില്ല. 2018 ൽ വീണ്ടും ഒരു സർവേ നടത്താൻ ശ്രമിച്ചെങ്കിലും നിശ്ചിത അലൈൻമെന്റ് കടന്നു പോവുന്ന തദ്ദേശവാസികളുടെ പ്രതിഷേധം കാരണം നടപടികൾ പൂർത്തിയാക്കാനായില്ല.
തുടർന്ന് വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയാറാക്കുന്നതിനായി 2023 ൽ നിലമ്പൂർ-നഞ്ചൻകോട് പാതയ്ക്കായി (236 കിലോമീറ്റർ) പുതിയ അന്തിമ സ്ഥല സർവേ (എഫ്എൽഎസ്) നടത്തുകയായിരുന്നു.
കർണാടക ഭാഗത്തെ നിലമ്പൂർ-നഞ്ചൻകോട് പാതയുമായി സംയോജിപ്പിച്ച് പുതിയ അലൈൻമെന്റിനുള്ള സാധ്യതയാണ് ഇതിൽ പരിഗണിച്ചത്. വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) സ്ഥിരീകരിച്ചതിനുശേഷം പദ്ധതിക്ക് അനുമതി നൽകാനാകുമെന്ന് മറുപടിയിൽ കേന്ദ്ര റെയിൽവേ മന്ത്രി പറഞ്ഞു.
വിശദമായ പദ്ധതി റിപ്പോർട്ട് പൂർത്തിയായ ശേഷം സംസ്ഥാന സർക്കാരുകൾ ഉൾപ്പെടെ ബന്ധപ്പെട്ടവരുമായി ആലോചിച്ച് നീതി ആയോഗിന്റെയും ധനകാര്യ മന്ത്രാലയത്തിന്റെയും പരിഗണനയ്ക്ക് ശേഷം അന്തിമ അംഗീകാരം നേടുകയും വേണം.
പദ്ധതികൾക്ക് അനുമതി നൽകുന്നത് തുടർപ്രക്രിയയായതിനാൽ, കൃത്യമായ സമയപരിധി നിശ്ചയിക്കാൻ കഴിയില്ലെന്നും മന്ത്രി വിശദീകരിച്ചു. ഷൊർണൂർ-നിലമ്പൂർ സെക്ടറിൽ റെയിൽവേ ട്രാക്കുകളിൽ നടപ്പാക്കിയ നവീകരണത്തിന്റെ ഫലമായി 2024-25 കാലയളവിൽ ഷൊർണൂർ-നിലമ്പൂർ റീച്ചിന്റെ കൈവരിക്കാവുന്ന പരമാവധി വേഗത മണിക്കൂറിൽ 75 കിലോമീറ്ററിൽ 85 കിലോമീറ്റർ ആയി വർധിപ്പിച്ചതായും മന്ത്രി മറുപടിയിൽ അറിയിച്ചു.
നിലമ്പൂർ – ഷൊർണൂർ സെക്ടറിലെ യാത്രക്കാർക്ക് സൗകര്യമൊരുക്കുന്നതിനായി നിലമ്പൂർ റോഡിനും ഷൊർണൂരിനും ഇടയിൽ 66325/66326 നിലമ്പൂർ റോഡ് – ഷൊർണൂർ മെമു എന്ന പുതിയ ട്രെയിൻ അനുവദിച്ചതായും ചോദ്യത്തിനുള്ള മറുപടിയായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]