
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവ ഷോക്കിനുശേഷവും റഷ്യൻ എണ്ണ ഇറക്കുമതി തുടർന്ന് ഇന്ത്യ. ജൂലൈയിലും ഇന്ത്യയിലേക്കുള്ള മൊത്തം എണ്ണ ഇറക്കുമതിയിൽ 34% റഷ്യയിൽ നിന്നായിരുന്നവെന്ന് കണക്കുകൾ വ്യക്തമാക്കി.
മൊത്തം 4.44 മില്യൻ ബാരൽ എണ്ണയാണ് കഴിഞ്ഞമാസം ഇന്ത്യ വാങ്ങിയത്. ഇത് 2023 സെപ്റ്റംബറിനു ശേഷമുള്ള ഏറ്റവും താഴ്ന്ന ഇറക്കുമതിയുമാണ്.
റഷ്യ കഴിഞ്ഞാൽ ഇറാഖ്, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നാണ് ഇന്ത്യ കൂടുതൽ എണ്ണ വാങ്ങിയത്.
2011ന് ശേഷം ആദ്യമായി അർജന്റീന ഉൾപ്പെടെയുള്ള ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ ഒഴിവാക്കിയതും കഴിഞ്ഞമാസമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ തുടരുകയാണെങ്കിലും കരുതലോടെയാണ് ഇന്ത്യയുടെ ഇടപെടൽ.
ഗൾഫ് എണ്ണ ഇറക്കുമതി ഇന്ത്യ ഇതിന്റെ ഭാഗമായി കൂട്ടിയിട്ടുമുണ്ട്. മധ്യേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി ജൂലൈയിൽ കഴിഞ്ഞ 5-മാസത്തെ ഏറ്റവും ഉയരത്തിലെത്തി.
ഇതിനിടെ, അമേരിക്കയിൽ നിന്നുള്ള എണ്ണ ഇറക്കുമതി 58% ഉയരുകയും ചെയ്തു.
റഷ്യയെ കൈവിടുമോ ഇന്ത്യ?
ഇന്ത്യയിലേക്കുള്ള മൊത്തം എണ്ണ ഇറക്കുമതിയിൽ കഴിഞ്ഞമാസവും റഷ്യ ഒന്നാംസ്ഥാനം നിലനിർത്തിയെങ്കിലും ഇറക്കുമതി കുറയുന്നതായാണ് കണക്ക്. പ്രതിദിനം 15 ലക്ഷം ബാരൽ വീതം എണ്ണയാണ് കഴിഞ്ഞമാസം റഷ്യയിൽ നിന്നു വാങ്ങിയത്.
ഇതാകട്ടെ ജൂണിനേക്കാൾ 24.5% കുറവുമാണ്. ഓഗസ്റ്റിൽ ഇറക്കുമതി ഇതിലും താഴ്ന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.
∙ ജൂലൈയിൽ ഇന്ത്യയിലേക്കുള്ള മൊത്തം റഷ്യൻ എണ്ണ ഇറക്കുമതിയിൽ 60 ശതമാനവും വാങ്ങിയത് നയാര എനർജി, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവ.
ബാക്കി പൊതുമേഖലാ എണ്ണക്കമ്പനികളും.
ഇറക്കുമതി തുടർന്ന് ഇന്ത്യൻ ഓയിലും ബിപിസിഎലും
ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി), ഭാരത് പെട്രോളിയം കോർപറേഷൻ (ബിപിസിഎൽ) എന്നിവ സെപ്റ്റംബർ, ഒക്ടോബർ മാസത്തേക്കുള്ള എണ്ണ ഇറക്കുമതിക്കായും റഷ്യൻ എണ്ണക്കമ്പനികളുമായി ധാരണയിലെത്തിയെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. അമേരിക്ക ഇന്ത്യയ്ക്കുമേൽ കനത്ത തീരുവ ചുമത്തിയ പശ്ചാത്തലത്തിൽ ഇന്ത്യൻ പൊതുമേഖലാ എണ്ണക്കമ്പനികൾ റഷ്യൻ എണ്ണ ഇറക്കുമതി നിർത്തിവച്ചെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
∙ നിലവിൽ റഷ്യൻ എണ്ണയ്ക്ക് ബാരലിന് വിപണിവിലയേക്കാൾ 3 ഡോളർ ഡിസ്കൗണ്ട് ലഭിക്കുന്നുണ്ട്.
ഇതോടെയാണ് ഇന്ത്യൻ കമ്പനികൾ വീണ്ടും റഷ്യയിലേക്ക് തിരിഞ്ഞതെന്ന് കരുതുന്നു. ചൈനയും വൻതോതിൽ റഷ്യൻ എണ്ണ വാങ്ങുന്നുണ്ട്.
∙ ഇടക്കാലത്ത് ഇന്ത്യൻ കമ്പനികൾ മടിച്ചുനിന്നപ്പോൾ, അവസരം മുതലെടുത്ത് ചൈനീസ് കമ്പനികൾ റഷ്യൻ എണ്ണ വൻതോതിൽ വാങ്ങിക്കൂട്ടുകയും ചെയ്തിരുന്നു.
∙ ഈമാസം ഇതുവരെ പ്രതിദിനം ശരാശരി 75,000 ബാരൽ യൂറൽസ് ക്രൂഡ് റഷ്യയിൽ നിന്ന് ചൈന വാങ്ങി.
ഇന്ത്യ വൻതോതിൽ വാങ്ങിയിരുന്ന ഇനമാണിത്.
∙ ഈ വർഷത്തെ ശരാശരി കണക്കെടുത്താൽ പ്രതിദിനം ചൈന 40,000 ബാരൽ വീതം യൂറൽസായിരുന്നു വാങ്ങിയിരുന്നത്. ഇതാണ് ഇന്ത്യയുടെ അസാന്നിധ്യം മുതലെടുത്ത് ചൈന 75,000 ബാരലിലേക്ക് ഉയർത്തിയതെന്ന് വിപണിനിരീക്ഷകരായ കെപ്ലറിന്റെ കണക്കുകൾ വ്യക്തമാക്കി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]