
ആലുവ∙ നഗരത്തിലെ വിവിധ കവലകളിൽ നഗരസഭാ കൗൺസിലിന്റെ അനുമതിയില്ലാതെ, അധികൃതരുടെ മൗനാനുവാദത്തോടെ കരാറുകാർ പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നതായി ആക്ഷേപം. വാഹനങ്ങൾ യു ടേൺ എടുക്കുകയും തിരിഞ്ഞു പോകുകയും ചെയ്യുന്ന റൗണ്ടുകളിലും മറ്റും വച്ചിരിക്കുന്ന പരസ്യ ബോർഡുകളിൽ പലതും ഉയരം കുറഞ്ഞ വാഹനങ്ങൾ ഓടിക്കുന്നവരുടെ കാഴ്ച മറയ്ക്കുന്ന തരത്തിലുള്ളതാണെന്നും പരാതി. ദേശീയപാതയിലെ മേൽപാലത്തിൽ തെരുവു വിളക്കുകൾ സ്ഥാപിക്കുന്നതിനു 2022ൽ കൗൺസിൽ നൽകിയ അനുമതിയുടെ മറവിലാണ് കരാറുകാരുടെ കയ്യേറ്റം നടന്നിരിക്കുന്നതെന്നു ബിജെപി പാർലമെന്ററി പാർട്ടി നേതാവ് എൻ.
ശ്രീകാന്ത് ആരോപിച്ചു.
പമ്പ് കവല, ജില്ലാ ആശുപത്രി കവല, റെയിൽവേ സ്റ്റേഷൻ സ്ക്വയർ എന്നിവിടങ്ങളിൽ പരസ്യം വയ്ക്കുന്നതിനു കൗൺസിൽ അനുമതി നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പരസ്യ ബോർഡുകൾ വയ്ക്കുന്നതിനു ചതുരശ്ര അടിക്കു കുറഞ്ഞത് 200 രൂപ വീതം നഗരസഭയ്ക്ക് ലഭിക്കേണ്ടതാണ്.
അനുമതി ഇല്ലാതെ ബോർഡുകൾ വയ്ക്കാൻ മൗനാനുവാദം നൽകിയതു വഴി അധികൃതർ വൻ അഴിമതിക്കു കളമൊരുക്കി. തെരുവു വിളക്കുകളുടെ കരാർ 12 വർഷത്തേക്കാണ് നൽകിയിരിക്കുന്നത്.
5 വർഷം കാലാവധിയുള്ള കൗൺസിൽ ദീർഘകാല കരാറിൽ ഏർപ്പെട്ടതു തന്നെ കരാറുകാരെ സംരക്ഷിക്കാനാണെന്നും കൗൺസിൽ ചർച്ച ചെയ്ത് അനുമതി നൽകാത്ത ഇടപാടുകൾ റദ്ദാക്കണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു. ഇതിനെതിരെ തദ്ദേശഭരണ ഓംബുഡ്സ്മാനിൽ ബിജെപി പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]