
കൊച്ചി∙ ഗതാഗതം വർധിക്കുന്ന സമയങ്ങളിൽ കൊച്ചി നഗരത്തെ വരിഞ്ഞു മുറുക്കുന്നത് 7 കവലകളാണെന്നു ‘ഗൂഗിൾ മാപ്’ ഡേറ്റ. രാവിലെ എട്ടിനും 11 നും ഇടയിലും വൈകിട്ട് മൂന്നിനും ഏഴിനും ഇടയിലും നഗരത്തിലോടുന്ന വാഹനങ്ങളിലെ ഡ്രൈവർമാരും ഓൺലൈൻ ടാക്സികളും ഉപയോഗിക്കുന്ന ഗൂഗിൾ മാപ് ഡേറ്റ ഗതാഗതക്കുരുക്കു കൂടുതലുള്ള ‘റെഡ് സോൺ’ മേഖലകളായി സ്ഥിരമായി കാണിക്കുന്ന സ്ഥലങ്ങൾ ഇവയാണ്.ഇടപ്പള്ളി, കച്ചേരിപ്പടി, വൈറ്റില, പള്ളിമുക്ക്, തേവര–കുണ്ടന്നൂർ, കലൂർ, പാലാരിവട്ടം ജംക്ഷനുകളും അനുബന്ധ റോഡുകളും.
2 കിലോമീറ്റർ, 5 ട്രാഫിക് സിഗ്നൽ
എംജി റോഡിലെ ഗതാഗതക്കരുക്കിനുള്ള മുഖ്യകാരണം രണ്ടു കിലോമീറ്ററിനുള്ളിലെ അഞ്ച് ട്രാഫിക് സിഗ്നലുകളും അവിടത്തെ അശാസ്ത്രീയമായ ടൈമിങ് സംവിധാനവുമാണ്.
പലപ്പോഴും കവലയിലേക്കു വന്നു ചേരുന്ന റോഡുകളിലെയും എംജി റോഡിലെയും വാഹനങ്ങളുടെ നിരയുടെ നീളത്തിന് അനുപാതികമല്ല വണ്ടികൾക്കു കടന്നു പോകാൻ അനുവദിക്കുന്ന സമയം. പലപ്പോഴും ട്രാഫിക് ലൈറ്റിന്റെ ടൈമർ ഓഫാക്കി പൊലീസ് റോഡിലിറങ്ങിയാണു കുരുക്ക് അഴിച്ചു വിടുന്നത്.നഗര പരിചയമില്ലാത്ത ഡ്രൈവർമാർ പ്രധാന റോഡിലെ കുരുക്ക് ഒഴിവാക്കാൻ ആസാദ് റോഡ്, പൈപ്പ് ലൈൻ റോഡ്, സൗത്ത് ജനതാ റോഡ് തുടങ്ങിയ ഇടറോഡുകളിലൂടെ പോകാൻ ശ്രമിക്കുന്നത് ഈ റോഡുകളിലും കുരുക്കുണ്ടാക്കുന്നുണ്ട്.
തകർന്ന സർവീസ് റോഡുകളും സ്ഥിതി കൂടുതൽ വഷളാക്കും.നഗരത്തിനു പുറത്ത് ഇഴഞ്ഞു നീങ്ങുന്ന ദേശീയപാത, അണ്ടർപാസ് നിർമാണം, കാക്കനാട് റൂട്ടിൽ നടക്കുന്ന മെട്രോ റെയിൽ നിർമാണം, സീ പോർട്ട്– എയർപോർട്ട് റോഡ്, എംസി റോഡ് എന്നിവിടങ്ങളിലെ അപകടങ്ങളും കുഴികളും കൊച്ചി നഗരത്തിലേക്കും പുറത്തേക്കുമുള്ള വാഹനങ്ങളുടെ വന്നുപോക്കിനെ ബാധിക്കുന്നുണ്ട്.എംസി റോഡിൽ ചില സമയങ്ങളിലുണ്ടാകുന്ന കുരുക്ക് ബാനർജി റോഡിനെയും സീ പോർട്ട്–എയർപോർട്ട് റോഡിലെ കുരുക്ക് തൃപ്പൂണിത്തുറ, വൈറ്റില, മരട് എന്നിവിടങ്ങളിലും അനുബന്ധകുരുക്കുകളുണ്ടാക്കുന്നുണ്ട്.
നഗരത്തിൽ പ്രവർത്തിക്കുന്ന എഫ്എം റേഡിയോ സ്റ്റേഷനുകളിലേക്കും ഗതാഗത കുരുക്കിന്റെ വിവരം കൂടുതലായി അറിയിക്കുന്നത് ഈ റൂട്ടുകളിൽ വാഹനമോടിക്കുന്നവരാണ്.
ട്രാഫിക് പൊലീസും ഇക്കാര്യം ശരിവയ്ക്കുന്നു.അശാസ്ത്രീയമായ ഗതാഗത നിയന്ത്രണ സംവിധാനങ്ങളും റോഡ് ഉപയോഗിക്കുന്നതിനുള്ള പ്രോട്ടോക്കോളിന്റെ അഭാവവും സ്ഥിതി കൂടുതൽ വഷളാക്കുന്നുണ്ട്.
അപകടം കാക്കനാട്ട്, കുരുക്ക് നഗരത്തിൽ
ഇന്നലെ ഇൻഫോപാർക്കിനു സമീപം റോഡിൽ വീണ ട്രാൻസ്ഫോമർ അഞ്ചരയോടെ നീക്കിയിട്ടും അതുമൂലം കൊച്ചി നഗരത്തിലുണ്ടായ ഗതാഗതക്കുരുക്ക് അഴിഞ്ഞത് രാത്രി എട്ടരയോടെയാണ്. ഏലൂർ ടിസിസി ഗേറ്റിനു മുന്നിൽ ട്രെയ്ലർ ലോറിയിൽ നിന്ന് റോഡിൽ വീണ കൂറ്റൻ ടാങ്ക് ഒരു മണിക്കൂറിനുള്ളിൽ നീക്കം ചെയ്തിരുന്നു. വാഹനങ്ങൾ ഫാക്ട് ടൗൺഷിപ്പിനുള്ളിൽ റോഡിലൂടെ തിരിച്ചുവിടാൻ സൗകര്യമുണ്ടായിട്ടും ‘ഗൂഗിൾ മാപ് ഡേറ്റ’ പ്രകാരം ഏഴു മണിവരെ കളമശേരി ജംക്ഷനും അനുബന്ധ റോഡുകളും ‘റെഡ് സോണായി’ നിലനിന്നു. ഇവിടെ സർവീസ് നടത്തുന്ന ഓട്ടോ ഡ്രൈവർമാരും ഇക്കാര്യം ശരിവയ്ക്കുന്നു.
കുരുക്കുണ്ടാക്കുന്ന നഷ്ടങ്ങൾ
∙ മനുഷ്യ വിഭവശേഷിയുടെ ഏറ്റവും വലിയ മൂലധനം രാവിലെയും വൈകിട്ടുമുള്ള പ്രവർത്തന സമയമാണ്.
ഇതിൽ രണ്ടു മുതൽ 3 മണിക്കൂർ നേരം ദിവസവും നഷ്ടപ്പെടുന്നു. അപകടങ്ങൾ നഷ്ടപ്പെടുത്തുന്ന പ്രവൃത്തി ദിവസങ്ങൾ ഇതിനു പുറമേയാണ്.
∙ വാഹനങ്ങളിലെ ഇന്ധന ഉപയോഗം 40–60 % വർധിക്കാൻ ഇടയാക്കുന്നു. എൻജിൻ തേയ്മാന നഷ്ടം പുറമേ.
ഈ സമയത്തെ വാഹനങ്ങളിലെ എസി ഉപയോഗം സമീപത്തെ അന്തരീക്ഷ ഊഷ്മാവ് ഒന്നു മുതൽ രണ്ടുവരെ ഡിഗ്രി വർധിപ്പിക്കുന്നു. ∙ ദിവസക്കൂലിക്കാരായ തൊഴിലാളികളുടെയും ഡെലിവറി ജീവനക്കാർ, ടാക്സി ഡ്രൈവർമാർ എന്നിവരുടെ ദിവസ വരുമാനം കുറയുന്നു.
∙ കുരുക്കിൽ അകപ്പെടുന്ന വിദ്യാർഥികളുടെ മാനസിക സമ്മർദം അവരുടെ പഠനക്ഷമതയെ ബാധിക്കുന്നു.
കുരുക്ക് മുറുക്കുന്ന ഘടകങ്ങൾ
∙ റോഡിൽ ആഴമുള്ള കുഴികളുടെ എണ്ണം കൂടുന്നത്
∙ കുഴികൾ നിറഞ്ഞ റോഡിലൂടെ നിറയെ വാഹനങ്ങൾ പോകുമ്പോൾ കുഴികൾ വലുതാവുന്നത്
∙ റോഡിൽ അറ്റകുറ്റപ്പണി നടത്താത്തത്
∙ മഴക്കാലം അതിജീവിക്കാൻ കരുത്തില്ലാത്ത റോഡുകൾ
∙ വാഹനാപകടങ്ങൾ കൂടുന്നത്. ∙ വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മ മൂലം വിവിധ റോഡുകളിൽ ഒരേ സമയം അറ്റകുറ്റപ്പണി നടക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]