
മൂവാറ്റുപുഴ∙ കുഴി സൃഷ്ടിച്ച ഗതാഗതക്കുരുക്ക് പത്താം ദിവസത്തിലേക്കു കടക്കുമ്പോഴും കുഴി മൂടുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പവും ആശങ്കയും തുടരുന്നു. പാലത്തിനു സമീപം രൂപപ്പെട്ട
കുഴി ഇപ്പോൾ 30 അടിയോളം താഴ്ചയും 40 അടി നീളവും ഉള്ള ഒരു കിടങ്ങായി മാറിയിരിക്കുകയാണ്.കുഴി മൂടുന്നതുമായി ബന്ധപ്പെട്ടുള്ള ആശയക്കുഴപ്പം നിലനിൽക്കുന്നതിനാൽ ഇന്നലെ പ്രവർത്തനങ്ങൾ ഒന്നും നടന്നില്ല. ഇന്ന് രാവിലെ കിഫ്ബി ചീഫ് പ്രൊജക്ട് എക്സാമിനറുടെ നേതൃത്വത്തിൽ വിദഗ്ധ സംഘം എത്തി പരിശോധന നടത്തിയ ശേഷമാകും തുടർ പ്രവർത്തനങ്ങൾ ഉണ്ടാകുകയുള്ളൂ.
പരിശോധനകൾക്കായി അത്യാധുനിക യന്ത്രങ്ങളും എത്തും.
കുഴി മൂടാൻ ദിവസങ്ങൾ എടുക്കുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. കുഴിക്കടിയിൽ നിന്നുള്ള കാനകളുടെ ഭാഗങ്ങൾ നീക്കം ചെയ്ത ശേഷമായിരിക്കും കുഴി മൂടുക.
കഴിഞ്ഞ തവണ ജിഎസ്ബി മിശ്രിതം ഉപയോഗിച്ചാണ് കുഴി മൂടിയത്. അന്ന് 6 ടോറസ് ലോറികൾ നിറയെ ജിഎസ്ബി മിശ്രിതം വേണ്ടി വന്നിരുന്നു.
എന്നാൽ ഇപ്പോഴത്തെ കുഴി മൂടണം എങ്കിൽ 40 ലോഡ് ജിഎസ്ബി എങ്കിലും വേണ്ടി വരും.അടിയിൽ കോൺക്രീറ്റ് നടത്തി കാനകൾ പൂർണമായി ഇളക്കി നീക്കാതെ സാൻഡ് മിക്സ് നിറച്ച് ബലപ്പെടുത്തിയ ശേഷം കുഴി മൂടാം എന്നാണ് ഒരു നിർദേശം ഉള്ളത്.
എന്നാൽ അന്തിമ തീരുമാനം ഇന്ന് വിശദമായ പരിശോധനകൾക്കു ശേഷമായിരിക്കും ഉണ്ടാകുക. റോഡിനു കുറുകെ കലുങ്ക് നിർമിച്ച് പുതിയ ഡ്രെയ്നേജ് സംവിധാനം ഒരുക്കുന്നതിനെ കുറിച്ചും ഇന്നു തീരുമാനിക്കും.അതേസമയം നഗരത്തിൽ ഗതാഗതക്കുരുക്ക് ഇന്നലെയും തുടർന്നു.
മുഴുവൻ പൊലീസും ട്രാഫിക് ഗാർഡുകളും സന്നദ്ധ സംഘടന പ്രവർത്തകരും ഗതാഗത നിയന്ത്രണത്തിനായി അണിനിരന്നു. എങ്കിലും തിരക്കുള്ള സമയങ്ങളിൽ 130 ജംക്ഷൻ മുതൽ വാഴപ്പിള്ളി വരെ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.
ഇട റോഡുകളിലൂടെയും വാഹനങ്ങൾ കടന്നു പോകാൻ ബുദ്ധിമുട്ടി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]