
ദില്ലി: അറസ്റ്റിലാകുന്ന മന്ത്രിമാരെ സ്ഥാനത്ത് നിന്ന് നീക്കാൻ വ്യവസ്ഥ ചെയ്യുന്ന സുപ്രധാന ഭരണഘടന ഭേദഗതി ബിൽ നാളെ ലോക്സഭയിൽ. അഞ്ചു വർഷമോ കൂടുതലോ ശിക്ഷ കിട്ടാവുന്ന കേസുകളിൽ അറസ്റ്റിലായി മുപ്പതു ദിവസം കസ്റ്റഡിയിൽ കിടന്നാൽ മന്ത്രിസ്ഥാനം പോകുന്നതിന് വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ.
പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാർക്കും ഇത് ബാധകമായിരിക്കും. തുടർച്ചയായി മുപ്പത് ദിവസം ഒരു മന്ത്രി പോലീസ്, ജുഡീഷ്യൽ കസ്റ്റഡിയിൽ കിടന്നാൽ മുപ്പത്തിയൊന്നാം ദിവസം മന്ത്രിസഭയിൽ നിന്ന് നീക്കണം.
പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ഇതിനുള്ള ശുപാർശ ഗവർണ്ണർക്ക് നല്കിയില്ലെങ്കിലും മന്ത്രിസ്ഥാനം നഷ്ടമായതായി കണക്കാക്കും. പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ എന്നിവരാണ് അറസ്റ്റിലായി 30 ദിവസം കസ്റ്റഡിയിൽ കിടക്കുന്നതെങ്കിൽ മുപ്പത്തിയൊന്നാം ദിവസം സ്ഥാനം നഷ്ടമാകും.
അതായത് മന്ത്രിസഭ തന്നെ അതോടെ വീഴും. അതേ സമയം ജയിൽ മോചിതരായാൽ ഈ സ്ഥാനത്ത് തിരികെ വരുന്നതിന് തടസ്സമില്ലെന്നും ബിൽ പറയുന്നു.
ക്രിമിനൽ കേസുകളിൽ രണ്ടു വർഷമെങ്കിലും തടവു ശിക്ഷ കിട്ടുന്നവർ അയോഗ്യരാകും എന്നതാണ് ഇപ്പോഴുള്ള ചട്ടം. പൊതുരംഗത്ത് സംശുദ്ധി ഉറപ്പാക്കാനെന്ന പേരിലാണ് വർഷകാല സമ്മേളനം അവസാനിക്കാനിരിക്കെ സർക്കാരിൻറെ ഈ നീക്കം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]