ഒറ്റപ്പാലം∙ ആർഎസ് റോഡിലെ പള്ളം നിവാസികൾ നേരിടുന്നതു കടുത്ത യാത്രാദുരിതം. റെയിൽവേയുടെ മതിൽ നിർമാണത്തോടെ വീതി പകുതിയായി കുറഞ്ഞ റോഡിലെ ശേഷിക്കുന്ന ഭാഗം തകരുക കൂടി ചെയ്തതോടെ ഗതാഗതം പൂർണമായി പ്രതിസന്ധിയിലായി.
കാൽനട പോലും ദുരിതപൂർണമാണിവിടെ. റെയിൽവേ സ്റ്റേഷന്റെ പടിഞ്ഞാറു ഭാഗത്തു റെയിൽപാളത്തിനപ്പുറം അൻപതോളം കുടുംബങ്ങൾ കഴിയുന്ന പ്രദേശമാണു പള്ളം.
റോഡിന്റെ വാലറ്റ പ്രദേശത്തു വാഹനങ്ങൾ നിർത്തി ട്രാക്ക് കുറുകെ കടന്നുവേണം നാട്ടുകാർക്കു വീടുകളിലെത്താൻ. നിലവിൽ റോഡ് അവസാനിക്കുന്ന ഭാഗത്തേക്കു വാഹനങ്ങളിൽ എത്തിപ്പെടാൻ പ്രയാസമാണ്.
അര കിലോമീറ്ററോളം അകലെ വാഹനയാത്ര അവസാനിപ്പിക്കേണ്ട
സാഹചര്യമാണെന്നു നാട്ടുകാർ പറയുന്നു. പൂർണമായി തകർന്ന റോഡിൽ മുട്ടൊപ്പം വെള്ളം കെട്ടി നിൽക്കുന്നുണ്ട്.
ഓട്ടോറിക്ഷകൾ പോലും വിളിച്ചാൽ വരാത്ത സാഹചര്യമാണെന്നാണു പരാതി. ആശുപത്രി ആവശ്യങ്ങൾക്കു പോകുന്നവർ ഉൾപ്പെടെ കടുത്ത പ്രതിസന്ധിയിലാണ്.
റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിനു സമാന്തരമായി കടന്നുപോകുന്ന റോഡിന്റെ വീതി റെയിൽവേയുടെ മതിൽ നിർമാണത്തോടെ പകുതിയായി കുറഞ്ഞിരുന്നു. ഇതിനിടെയാണ് ഉള്ള റോഡ് പോലും ഉപയോഗിക്കാൻ കഴിയാത്ത വിധം തകർന്ന സാഹചര്യം.
റെയിൽവേ ഭൂമിയിലൂടെ കടന്നുപോകുന്ന റോഡാണിത്. നഗരസഭയും റെയിൽവേയും തമ്മിലുള്ള പാട്ടക്കരാർ പ്രകാരം ഉപയോഗിക്കുന്ന റോഡിന്റെ അറ്റകുറ്റപ്പണികൾക്കു പോലും പ്രത്യേകം അനുമതി വേണ്ടിവരും.
പാട്ടക്കരാർ പ്രകാരം റെയിൽവേക്കു വലിയ സംഖ്യ നഗരസഭ നൽകാനുണ്ടെന്നാണു വിവരം.
കുഴിയടപ്പിനു നഗരസഭയുടെ ഭാഗത്തു നിന്ന് ഇടപെടൽ ഉണ്ടാകണമെന്നാണു നാട്ടുകാരുടെ ആവശ്യം. റെയിൽവേയുടെ മതിൽ നിർമാണം തുടങ്ങിയ ഘട്ടത്തിൽ വടക്കുഭാഗത്തെ മരങ്ങൾ മുറിച്ചുമാറ്റി റോഡിന്റെ വീതി ഉറപ്പാക്കാമെന്നായിരുന്നു നഗരസഭയുടെ വാഗ്ദാനമെന്നു നാട്ടുകാർ പറയുന്നു.
മതിൽ നിർമാണം അന്തിമഘട്ടത്തിലെത്തിയിട്ടും വീതി കൂട്ടാനോ കുഴിയടയ്ക്കാനോ നടപടിയില്ലെന്നാണു പരാതി.
അടിപ്പാതയോ മേൽപാലമോ നിർമിക്കണം
ഒറ്റപ്പാലം∙ റെയിൽവേയുടെ സുരക്ഷാവേലി വരുന്നതോടെ പള്ളത്തെ കുടുംബങ്ങളിലേക്കുള്ള വഴിയടയുമെന്ന ആശങ്കയ്ക്കിടെ റോഡ് കൂടി തകർന്നതോടെ നാട്ടുകാർ തീർത്തും പ്രതിസന്ധിയിലായി. സുരക്ഷാവേലി നിർമിക്കപ്പെട്ടാൽ റോഡ് അവസാനിക്കുന്ന ഭാഗത്തു നിന്നു ട്രാക്ക് കുറുകെ കടന്നു ജനവാസമേഖലയിൽ എത്താൻ കഴിയുമോയെന്നാണ് ആശങ്ക.
അടിപ്പാതയോ മേൽപാലമോ നിർമിച്ചു യാത്രയ്ക്കു സൗകര്യം ഒരുക്കണമെന്നാണ് ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]