ചേർത്തല∙ ഏറ്റുമാനൂർ സ്വദേശി ജെയ്നമ്മയെ പ്രതി സി.എം.സെബാസ്റ്റ്യൻ പള്ളിപ്പുറത്തെ വീട്ടിൽ വച്ചു തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. വീടിന്റെ സ്വീകരണമുറിയിൽ നിന്നു ലഭിച്ച രക്തത്തുള്ളികളുടെയും മറ്റു തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഈ നിഗമനത്തിലെത്തിയത്.
സെബാസ്റ്റ്യനെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച ചില സൂചനകളും നിർണായകമായി.
കൊലപാതകത്തിനു ശേഷം ശരീരം മുറിച്ചു കത്തിച്ചെന്നാണു സൂചന. ഇയാളുടെ കുളിമുറിയിൽ രക്തത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
മുറിച്ച മൃതദേഹഭാഗങ്ങൾ പല സ്ഥലത്തായി മറവു ചെയ്തിട്ടുണ്ടാകാമെന്നും അന്വേഷണ സംഘം കരുതുന്നു. വീട്ടുവളപ്പിൽ മൃതദേഹത്തിന്റെ ചില ഭാഗങ്ങൾ മാത്രം കണ്ടെത്തിയതാണ് ഈ നിഗമനത്തിന്റെ അടിസ്ഥാനം.
വീട്ടുവളപ്പിൽ നിന്നു ലഭിച്ച മൃതദേഹഭാഗങ്ങളുടെ ഡിഎൻഎ പരിശോധനാഫലം ലഭിച്ചിട്ടില്ലെങ്കിലും ഇതു ജെയ്നമ്മയുടേതാണ് എന്ന നിഗമനത്തിലാണ് അന്വേഷണസംഘം മുന്നോട്ടുനീങ്ങുന്നത്.
കത്തിക്കരിഞ്ഞ അസ്ഥികളിൽ ഡിഎൻഎ കണ്ടെത്തുന്നതു ശ്രമകരമായതിനാലാണു പരിശോധനാഫലം വൈകുന്നതെന്നാണു വിവരം.
ഡിഎൻഎ ഫലം ലഭിച്ച ശേഷം പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും
ആലപ്പുഴ ∙ ഏറ്റുമാനൂർ അതിരമ്പുഴ കോട്ടമുറി കാക്കനാട്ടുകാലായിൽ ജെയ്നമ്മയെ (ജെയ്ൻ മാത്യു–54) കാണാതായ കേസിൽ റിമാൻഡിൽ കഴിയുന്ന പള്ളിപ്പുറം ചൊങ്ങുംതറ സി.എം.സെബാസ്റ്റ്യനെ (68) കോട്ടയം ക്രൈംബ്രാഞ്ച് വീണ്ടും കസ്റ്റഡിയിൽ വാങ്ങും. സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ നിന്നു ലഭിച്ച മൃതദേഹാവശിഷ്ടങ്ങളുടെ ഡിഎൻഎ ഫലം കൂടി ലഭിച്ച ശേഷം കസ്റ്റഡി അപേക്ഷ നൽകാനാണ് തീരുമാനം.
14 ദിവസം കസ്റ്റഡിയിൽ ലഭിച്ച സെബാസ്റ്റ്യനെ 120 മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്തെങ്കിലും ഇയാൾ ഒന്നും വിട്ടുപറഞ്ഞിരുന്നില്ല. ജെയ്നമ്മയ്ക്ക് എന്തുപറ്റിയെന്ന് അറിയില്ലെന്നായിരുന്നു മൊഴി.
എന്നാൽ ഇയാളുടെ വീടിന്റെ സ്വീകരണമുറിയിൽ കണ്ടെത്തിയ രക്തക്കറ ജെയ്നമ്മയുടേതാണെന്ന ഡിഎൻഎ പരിശോധനാഫലം കഴിഞ്ഞ ദിവസം വന്നിരുന്നു. കസ്റ്റഡി കാലാവധി അവസാനിച്ചു സെബാസ്റ്റ്യനെ ജയിലിൽ പ്രവേശിപ്പിച്ച ശേഷമാണു ഡിഎൻഎ പരിശോധനാഫലം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ സെബാസ്റ്റ്യനെ വീണ്ടും ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
മൃതദേഹാവശിഷ്ടങ്ങളുടെ പരിശോധനാഫലം കൂടി വരുന്നതോടെ ജെയ്നമ്മ കേസിൽ സെബാസ്റ്റ്യനെതിരെ കൂടുതൽ തെളിവുകൾ ലഭിക്കുമെന്നാണു പ്രതീക്ഷ. ഇതിനു ശേഷം പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനാണ് നീക്കം.
കൊലപാതകക്കുറ്റമായതിനാൽ പ്രതിയെ കൂടുതൽ ദിവസം കസ്റ്റഡിയിൽ വാങ്ങുന്നതിനു നിയമപരമായ തടസ്സമില്ലെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.
ബിന്ദു കേസിലും അറസ്റ്റിനും കസ്റ്റഡിക്കും ശ്രമം
ചേർത്തല∙ ഏറ്റുമാനൂർ സ്വദേശി ജെയ്നമ്മയുടെ തിരോധാനക്കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതി സി.എം.സെബാസ്റ്റ്യനെ കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭനെ(52) കാണാതായ കേസിലും അറസ്റ്റ് ചെയ്തു കസ്റ്റഡിയിൽ വാങ്ങാൻ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ആലപ്പുഴ യൂണിറ്റ് ആലോചിക്കുന്നു. മറ്റൊരു കേസിൽ കസ്റ്റഡിയിലുള്ള പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്താൻ കോടതിയുടെ അനുമതി ആവശ്യമുണ്ട്.
ഇതിനായി കേസിൽ സെബാസ്റ്റ്യനെ പ്രതിസ്ഥാനത്തു നിർത്താൻ കഴിയുന്ന തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് ആലപ്പുഴ ക്രൈംബ്രാഞ്ച്. തെളിവുകൾ ശേഖരിച്ച ശേഷം ചേർത്തല മജിസ്ട്രേട്ട് കോടതിയിൽ അപേക്ഷ നൽകാനാണ് ആലോചന. അതേ സമയം ബിന്ദു പത്മനാഭന്റെ പേരിൽ വ്യാജമുക്ത്യാർ തയാറാക്കി സ്വത്തു വിൽപന നടത്തിയ കേസിന്റെ വിചാരണയുടെ ഭാഗമായി സെബാസ്റ്റ്യനെ ഇന്നു ചേർത്ത മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കും.
കൂടുതൽ സ്ത്രീകളെ ലക്ഷ്യമിട്ടതായി വിവരം
ആലപ്പുഴ ∙ മൂന്നു സ്ത്രീകളുടെ തിരോധാനക്കേസിൽ സംശയനിഴലിലുള്ള സെബാസ്റ്റ്യൻ കൂടുതൽ സ്ത്രീകളെ ലക്ഷ്യമിട്ടിരുന്നതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു.
സ്വത്തും സ്വർണവും ലക്ഷ്യമിട്ടാണ് ഇയാൾ സ്ത്രീകളെ വശീകരിക്കാൻ ശ്രമിച്ചിരുന്നത്. കുത്തിയതോട് സ്വദേശിയായ നാൽപതുകാരിയെ ഇയാൾ ലക്ഷ്യമിട്ടിരുന്നതായി സെബാസ്റ്റ്യന്റെ ഫോൺവിളി രേഖകൾ പരിശോധിച്ച ക്രൈംബ്രാഞ്ച് കണ്ടെത്തി.
ഭർത്താവ് മരിച്ച ഇവർ തനിച്ചാണു താമസിച്ചിരുന്നത്.
2021ൽ ധ്യാനകേന്ദ്രത്തിൽ വച്ചു പരിചയപ്പെട്ട ഇവരെ പശുക്കച്ചവടത്തിനായി സെബാസ്റ്റ്യൻ സമീപിച്ചിരുന്നു.
തുടർന്ന് അവരെ വലയിലാക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കഴിഞ്ഞ ദിവസം കോട്ടയം ക്രൈംബ്രാഞ്ച് ഈ സ്ത്രീയിൽ നിന്നു വിവരങ്ങൾ ശേഖരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]