പാലക്കാട് ∙ രണ്ടാം ക്ലാസുകാരി അമയയും അമ്മ കാഴ്ചപരിമിതിയുള്ള സുകന്യയും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയോട് ആവശ്യപ്പെട്ടത് ഒരു വീട് തരാമോ എന്നാണ്. ലോട്ടറി വിറ്റാണ് സുകന്യയും ഭർത്താവ് ശെൽവനും മക്കളായ അമലും അമയയും അടങ്ങുന്ന കുടുംബം ജീവിക്കുന്നത്. സ്വന്തമായി സ്ഥലമില്ല. എംഎൽഎ വീട് ഉറപ്പു നൽകിയപ്പോൾ സ്ഥലം ഇല്ലാത്തതു തടസ്സമായി. ഇതോടെ പരിമിതികൾക്കിടയിലും സുകന്യയുടെ സഹോദരനും കുടുംബവും കൂടി വീടുവയ്ക്കാനുള്ള സ്ഥലം ഇവർക്കു നൽകി.
ഇതോടെ സ്വന്തമായി ഒരു വീടെന്ന ഇവരുടെ സ്വപ്നത്തിന് മാത്തൂർ കിഴക്കേക്കരയിൽ ഇന്നലെ നടൻ ആസിഫ് അലി തറക്കല്ലിട്ടു. എംഎൽഎയും വ്യവസായ സ്ഥാപനമായ ഇൻഡൽ മണിയും ചേർന്നു നടപ്പാക്കുന്ന സ്മൈൽ ഭവന പദ്ധതിയിൽ നിർമിക്കുന്ന ആദ്യ 5 വീടുകളുടെ തറക്കല്ലിടൽ ഇന്നലെ നടന്നു.
പാലക്കാട് നിയോജകമണ്ഡലത്തിൽ താമസിക്കുന്നവർക്കായി നടപ്പാക്കുന്ന പദ്ധതിയിൽ ആദ്യ ഘട്ടത്തിൽ 20 വീടുകളാണു നിർമിച്ചു നൽകുന്നത്.2 കിടപ്പുമുറികളും അടുക്കളയും ശുചിമുറിയും വരാന്തയും ഉൾപ്പെടുന്നതാണു വീട്.
കണ്ണാടിയിൽ ഇൻഡൽ ഗ്രൂപ്പ് ചെയർമാൻ മോഹനൻ ഗോപാലകൃഷ്ണനും മാത്തൂർ ഇടക്കാട്ടുപടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും പിരായിരി മോഴിപുലത്ത് പാലക്കാട് എഎസ്പി രാജേഷ്കുമാറും വീടുകൾക്കു തറക്കല്ലിട്ടു. തിരുനെല്ലായി നടന്ന തറക്കല്ലിടൽ ചടങ്ങിൽ വി.കെ.ശ്രീകണ്ഠൻ എംപി ഓൺലൈനായി പങ്കെടുത്തു.
നിർമാണം പൂർത്തീകരിച്ച് ജനുവരിയിൽ താക്കോൽ കൈമാറാനാണു ലക്ഷ്യമിടുന്നതെന്ന് എംഎൽഎ പറഞ്ഞു. സേവന പ്രവർത്തനങ്ങളിൽ പാലക്കാടിനു കൂടുതൽ പരിഗണന നൽകുമെന്ന് ഇൻഡൽ മണി ചെയർമാൻ മോഹനൻ ഗോപാലകൃഷ്ണൻ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]