
ആലപ്പുഴ ∙ ആകാശമത്രയും ഇരുണ്ടുകൂടി, തകർത്തു പെയ്ത മഴയ്ക്കു മേലെ രണ്ടു ചുണ്ടനുകൾ ഇടിച്ചുകുത്തി പാഞ്ഞപ്പോൾ പുന്നമടയ്ക്കു നെഹ്റു ട്രോഫി പ്രതീതി. അവധിദിനത്തിൽ പുന്നമടയിലെ ഗാലറികളിൽ തടിച്ചുകൂടിയ ആയിരക്കണക്കിനു ജനങ്ങളെ കാണികളാക്കി പിബിസി പുന്നമട
തുഴയുന്ന നടുഭാഗം ചുണ്ടനും പിബിസി പള്ളാത്തുരുത്തി തുഴയുന്ന മേൽപാടം ചുണ്ടനും ട്രാക്ക് എൻട്രി നടത്തി നെഹ്റു ട്രോഫിയുടെ വരവറിയിച്ചു. ഇനി മറ്റു വള്ളങ്ങളും ട്രാക്ക് എൻട്രിയുമായി എത്തുന്നതോടെ പുന്നമടയിലെ ആവേശം കൂടുതലുയരും.
നെഹ്റു ട്രോഫിയോളം ചരിത്രമുള്ള നടുഭാഗം ചുണ്ടൻ ഇന്നലെ വൈകിട്ടു മൂന്നരയോടെ ട്രാക്കിൽ പ്രവേശിച്ചതോടെ ഈ വർഷത്തെ നെഹ്റു ട്രോഫിക്കു പുന്നമടയിൽ കാഹളം മുഴങ്ങി.
നാലോടെ ചുണ്ടനുകളിലെ പുതുമുഖങ്ങളിലൊന്നായ മേൽപാടവും ട്രാക്കിൽ പ്രവേശിച്ചു. കനത്ത മഴയത്തും ബോട്ടുകളും സ്പീഡ് ബോട്ടുകളും വള്ളങ്ങളുമായി നൂറുകണക്കിന് ആരാധകരും വള്ളങ്ങളെ അനുഗമിച്ചു.
ആവേശം പകരാൻ നെഹ്റു ട്രോഫിക്കെന്ന പോലെ ഗാലറികളിൽ തിങ്ങിനിറഞ്ഞതും ആവേശക്കാഴ്ചയായി. നെഹ്റു ട്രോഫിക്കു മുൻപായുള്ള പരിശീലനം അന്തിമഘട്ടത്തിൽ എത്തിയതോടെയാണു വള്ളങ്ങൾ ട്രാക്ക് എൻട്രി നടത്തിയത്. ഇന്നു വില്ലേജ് ബോട്ട് ക്ലബ് കൈനകരി തുഴയുന്ന വീയപുരം ചുണ്ടൻ ട്രാക്ക് എൻട്രി നടത്തും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]