
അങ്കമാലി∙ മലയാളം നൽകിയ ആദരത്തിന്റെ ഊഷ്മളതയിൽ വേദിയിൽ കണ്ണീരണിഞ്ഞ് നടൻ ജനാർദനൻ. വർഷങ്ങളുടെ ഇഴയടുപ്പമുള്ള സൗഹൃദത്തിന്റെയും ഒരുമിച്ചു മുഖത്തു ചായമിട്ട
നൂറുകണക്കിനു ചിത്രങ്ങളുടെയും ഓർമകളിൽ നടൻ അലിഞ്ഞു; മോഹൻലാലും ജയറാമും ചാരെ. മഴവിൽ മനോരമ പുരസ്കാര രാവിൽ ടൈംലെസ് എന്റർടെയ്നർ അവാർഡ് ഏറ്റുവാങ്ങുന്നതിനിടെയാണു ജനാർദനൻ വികാരവിവശനായത്. കോട്ടയം നസീറും രമേഷ് പിഷാരടിയും ചേർന്നു തന്റെ ശബ്ദം വേദിയിൽ അനുകരിച്ചതോടെ സദസ്സിലുയർന്ന ചിരയലയിൽ പിരിമുറുക്കമയഞ്ഞ ജനാർദനൻ ഒരു നടനു ലഭിക്കുന്ന ഏറ്റവും വലിയ പുരസ്കാരമാണു സ്വന്തം ശബ്ദം മറ്റുള്ളവരാൽ അനുകരിക്കപ്പെടുന്നതെന്നു പറഞ്ഞു.
‘തുടരും’ സിനിമയിലെ ജോർജ് സാർ എന്ന കഥാപാത്രത്തിന്റെ ഡയലോഗ് ജനാർദനന്റെ ശബ്ദത്തിൽ നസീർ പുനഃസൃഷ്ടിച്ചതു സദസ്സിനെ ആരവങ്ങളിലാഴ്ത്തി. എംപുരാൻ എന്ന ചിത്രത്തിലെ ഗാനവും മോഹൻലാലിന്റെ ഡയലോഗും രമേഷ് പിഷാരടി ജനാർദനന്റെ ശബ്ദത്തിൽ അനുകരിച്ചു.
മലയാള മനോരമയുമായുള്ള തന്റെ ദീർഘകാല സൗഹൃദത്തിന്റെ ഓർമകളും ജനാർദനൻ പങ്കുവച്ചു. കോട്ടയത്തായിരുന്നു വിദ്യാഭ്യാസം എന്നതിനാൽ ചെറുപ്പം മുതൽ മനോരമയോട് അടുത്ത ബന്ധമുണ്ടാക്കാൻ സാധിച്ചു.
മാമ്മൻ മാപ്പിള ഹാളിലാണു നാടകവും കച്ചേരികളും തുടങ്ങി എല്ലാ കലാപ്രകടനങ്ങളും ആസ്വദിച്ചു തുടങ്ങിയത്.
കടന്നു ചെന്നിട്ടുള്ളപ്പോഴെല്ലാം മനോരമ ജീവനക്കാരുടെ പെരുമാറ്റം മികച്ചതായിരുന്നുവെന്നും മനസ്സിനു സുഖം പകരുന്ന ഇടപെടലാണു തനിക്കു മനോരമയെന്നും ജനാർദനൻ പറഞ്ഞു. ‘ഹൃദയപൂർവം’ എന്ന പുതിയ സിനിമയിലും ചിറ്റപ്പനായി അഭിനയിച്ചതു ജനാർദനനാണെന്നും വ്യക്തിപരമായും പ്രഫഷനലായും വർഷങ്ങളുടെ ബന്ധമാണുള്ളതെന്നും മോഹൻലാൽ പറഞ്ഞു. 25 വർഷം മുൻപൊരു ദുബായ് യാത്രയിൽ വസ്ത്രം വച്ചിരുന്ന പെട്ടി മോഷണം പോയതിനെത്തുടർന്നു സഫാരി സ്യൂട്ടിന്റെ കോട്ടും മുണ്ടും ഷൂസും ധരിച്ചു ജനാർദനൻ ‘ഞെട്ടിക്കുന്ന’ വേഷത്തിലെത്തിയ കഥ ജയറാം പങ്കുവച്ചു.
വർഷങ്ങളുടെ ഇഴയടുപ്പമുള്ള ഊഷ്മളമായ സൗഹൃദം ഇന്നും മനസ്സിൽ സൂക്ഷിക്കുന്ന സിബി മലയിലിന്റെ കയ്യിൽനിന്നു മികച്ച നടനുള്ള പുരസ്കാരം വാങ്ങാനായതിൽ സന്തോഷമുണ്ടെന്നു മോഹൻലാൽ പറഞ്ഞു. ‘രാജശിൽപി’ എന്ന ചിത്രത്തിനായി താടി വച്ചതിനാൽ ‘കമലദളം’ എന്ന ചിത്രത്തിൽ നിന്നു പിൻവാങ്ങാൻ ശ്രമിച്ചെന്നും എന്നാൽ സിബി മലയിലും ലോഹിതദാസും പകർന്ന ആത്മവിശ്വാസമാണ് അതിൽ അഭിനയിക്കാൻ കാരണമെന്നും ലാൽ പറഞ്ഞു.
ത്രസിപ്പിച്ച് താരരാവ്
വേദിയിൽ അഴകിന്റെ അലകളിളക്കി നവ്യ നായരും സംഘവും അവതരിപ്പിച്ച നൃത്തത്തോടെയാണ് അഡ്ലക്സ് കൺവൻഷൻ സെന്ററിൽ താരനിശയുടെ അരങ്ങുണർന്നത്. ജോൺസൺ സംഗീതം നൽകിയ ‘ നീ നിറയൂ ജീവനിൽ’ എന്ന ഗാനവുമായി പിന്നാലെ സുരേഷ് ഗോപി വേദിയിലെത്തി.
ഷെയ്ൻ നിഗം, റാണിയ റാണ, മഹിമ നമ്പ്യാർ എന്നിവർ ചടുല നൃത്തച്ചുവടുകളുമായി കാണികളെ ത്രസിപ്പിച്ചു. അനന്യ, മഡോണ, അനാർക്കലി എന്നിവർ മെഡ്ലിയുമായി വേദിയിലെത്തി.
ഇടവേള ബാബുവാണു താരനിശ സംവിധാനം ചെയ്തത്. എസ്.എൻ. സ്വാമി, ജഗദീഷ്, ജോണി ആന്റണി, ജോഷി, കമൽ, കുഞ്ചാക്കോ ബോബൻ തുടങ്ങിയ പ്രമുഖർ പുരസ്കാരം നൽകാനെത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]