
ആലപ്പുഴ∙ രക്തധമനികളിലൂടെ രക്തം ഒഴുകിയെത്തുന്നതു പോലെ ചമ്പക്കുളത്താറിന്റെ കരയിൽ നടുഭാഗം ചുണ്ടന്റെ ട്രയൽ കാണാൻ ഒഴുകിയെത്തിയതു ചെറിയൊരു മൂലം വള്ളംകളിക്കുള്ള ജനക്കൂട്ടം. നടുഭാഗത്തുകാരുടെ ശരീരത്തിലെ ഓരോ മിടിപ്പും നടുഭാഗം ചുണ്ടനു വേണ്ടിയാണെന്നു തോന്നിപ്പോകും.
നെഹ്റു ട്രോഫി വള്ളംകളി പോലെചരിത്രമുള്ള ഈ ചുണ്ടന്റെ ഇത്തവണത്തെ ഹൃദയം അഥവാ എൻജിൻ നടുഭാഗം വള്ളസമിതിയുടെയും പിബിസി പുന്നമടയുടെയും ടീമുകൾ ചേരുന്നതാണ്. കരയൊന്നാകെ ഒഴുകിയെത്തിയില്ലെങ്കിലേ അത്ഭുതമുള്ളൂ. ചമ്പക്കുളം, നടുഭാഗം കരകൾക്കായി ഒരു ചുണ്ടൻ മാത്രമുണ്ടായിരുന്ന കാലത്ത് 1925ൽ പഴയ വെമ്പാല പള്ളിയോടം വാങ്ങിയാണു നടുഭാഗം ചുണ്ടനാക്കിയത്.
1952ൽ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ സന്ദർശത്തോടനുബന്ധിച്ചു വട്ടക്കായലിൽ നടത്തിയ വള്ളംകളിയിൽ നടുഭാഗം വിജയിച്ചതും അന്നു നെഹ്റു ചുണ്ടനിലേക്കു കയറി ആലപ്പുഴയ്ക്കു തുഴയാൻ ആവശ്യപ്പെട്ടതും ചരിത്രം. അന്നു ലഭിച്ച കപ്പുമായി നടുഭാഗം ചുണ്ടൻ കരയിലേക്ക് എത്തിയ കാഴ്ചയുടെ ഓർമയിൽ സി.ടി.തോമസ് ഇപ്പോഴും പുളകിതനാകുന്നു.
അന്ന് 9 വയസ്സേയുള്ളൂ തോമസിന്. വള്ളംകളി ആവേശത്തിനു പ്രായമാകുന്നേയില്ല.
ചാംപ്യൻസ് ബോട്ട് ലീഗിൽ 20 മത്സരങ്ങളിൽ ഒന്നാം സ്ഥാനം, 15 മത്സരങ്ങളിൽ രണ്ടാം സ്ഥാനം– നടുഭാഗം ഇപ്പോഴും കരുത്തനാണ്– വള്ളസമിതി സെക്രട്ടറി വി.പി.നാരായണൻകുട്ടി പറഞ്ഞു.
ക്ലബ്ബുകൾക്കു വൻതുക നൽകി മത്സരത്തിൽ പങ്കെടുക്കുന്നതിനു പകരം പ്രാദേശികമായി സ്വന്തം ക്ലബ് രൂപീകരിക്കാനാണു ശ്രമമെന്നു നടുഭാഗം ചുണ്ടൻവള്ളസമിതി രക്ഷാധികാരി പി.ആർ.ദേവരാജൻ പറഞ്ഞു. അതിനായി 5 മാസം മുൻപേ ടീം ഉണ്ടാക്കി. കരയിലെ യുവാക്കളുടെ കൂട്ടായ്മയായ നടുഭാഗം ചുണ്ടൻ ഫാൻസ് ക്ലബ്ബാണു പ്രധാന സാമ്പത്തിക സ്രോതസ്സ്.
ഇവരിൽ ചിലർ വിദേശത്താണ്. അവരിലൂടെ ആ നാടുകളിലും നടുഭാഗവും വള്ളംകളിയും ചർച്ചയാകുന്നു. ജിന്റോ ജോമി കണ്ടംകുളമാണു ക്യാപ്റ്റൻ.
രാരിച്ചൻ മുല്ലക്കൽ വള്ളസമിതി പ്രസിഡന്റ്.
പഴയ ചുണ്ടന് സ്മാരകമായില്ല
കരക്കാർക്ക് ഒരു സങ്കടമുണ്ട്. നെഹ്റു കയറിയ പഴയ ചുണ്ടനെ ഇതുവരെ സംരക്ഷിത സ്മാരകമാക്കിയില്ലെന്ന ദുഃഖം.
നെടുമ്പാശേരി വിമാനത്താവളത്തിൽ സ്മാരകമായി സംരക്ഷിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇപ്പോൾ കരയിൽ പടുതയിട്ടു മൂടിയിട്ടിരിക്കുകയാണ് ആ വള്ളം. ഇപ്പോഴത്തെ നടുഭാഗം ചുണ്ടൻ ജലപ്പരപ്പിൽ മിന്നൽപ്പിണരാകണം, പഴയ ചുണ്ടൻ അന്തസ്സോടെ നിലനിൽക്കണം– അപ്പോൾ നടുഭാഗത്തുകാർ ഡബിൾ ഹാപ്പിയാകും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]