
കാഞ്ഞങ്ങാട് ∙ പൊന്നിൻ ചിങ്ങം പിറന്നു. ആധിയും വ്യാധിയുമകറ്റി ഊരുചുറ്റിയ കർക്കടകത്തെയ്യങ്ങൾ പടിയിറങ്ങി.
ഇനിയുള്ള നാൾ പൊന്നോണത്തെ വരവേൽക്കാനുള്ള ദിനങ്ങൾ. സംക്രമദിവസമായ ഇന്നലെ രാവിലെ അള്ളട
സ്വരൂപത്തിന്റെ ആസ്ഥാനമായിരുന്ന മഡിയൻ കൂലോം ക്ഷേത്രമുറ്റത്ത് ആടിമാസ തെയ്യങ്ങൾ സംഗമിച്ചു. ആടി, വേടൻ, ഗളിഞ്ചൻ എന്നീ തെയ്യങ്ങളുടെ ദേശാടനത്തിനു സമാപനംകുറിച്ചാണ് ചടങ്ങ് നടന്നത്.
രാവിലെ ക്ഷേത്രനടയിലെത്തിയ തെയ്യങ്ങളെ ചങ്ങലവട്ടയിൽ തിരികത്തിച്ചു പ്രധാന പൂപ്പറിയൻ വരവേറ്റു.
പ്രധാന അച്ഛൻമാരും ട്രസ്റ്റി അംഗങ്ങളും കൂലോത്തെ പ്രധാന തെയ്യമായ ക്ഷേത്രപാലകന്റെ കോലക്കാരനായ ആചാരക്കാരൻ ചിങ്കവും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു. ഭണ്ഡാരം കാഴ്ചകണ്ട് മഞ്ഞക്കുറിതൊട്ട് അധികാരികളോട് അനുവാദം ചോദിച്ചശേഷമാണ് തെയ്യങ്ങൾ ക്ഷേത്രനടയിൽ ഒന്നിച്ചാടിയത്.
സംക്രമദിനത്തിൽ മൂന്നു തെയ്യങ്ങളും അള്ളട സ്വരൂപത്തിന്റെ ആസ്ഥാനമായ മഡിയൻ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിൽ ആടണമെന്നത് പണ്ടുമുതലുള്ള ആചാരമാണെന്ന് പഴമക്കാർ പറയുന്നു.
കൂലോത്തെ ആട്ടം കഴിഞ്ഞ് പ്രദേശത്തെ പ്രധാന തറവാടുകളായ കണ്ണച്ചം വീട്, തായത്ത് വീട്, കേക്കടവൻ തറവാട്, പാറ്റേൻ വീട്, ചന്ദച്ചം വീട്, പൈനിങ്ങാൽ പയങ്ങപ്പാടൻ തറവാട്, പൂച്ചക്കാടൻ വീട്, മീത്തൽ വീട്, എന്നിവിടങ്ങളിൽ ഒന്നിച്ചാടിയതിനുശേഷം മറ്റ് വീടുകളിലെത്തി.
കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്രത്തിലും കർക്കടക തെയ്യങ്ങളുടെ സംഗമം നടത്താറുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]