
പിറവം∙ റോഡിൽ നിന്ന് 20 അടിയോളം ആഴത്തിലേക്കു തല കീഴായി മറിഞ്ഞ കാറിനുള്ളിൽ ഒരു മണിക്കൂറോളം കുരുങ്ങിയ സ്ത്രീക്കു തുണയായത് പൈപ്പ് ലൈൻ അറ്റകുറ്റപ്പണിക്കു പോവുകയായിരുന്ന ജോലിക്കാരുടെ സമയോചിത ഇടപെടൽ. ഉൗരമന പാത്തിക്കലിൽ മറിഞ്ഞ കാറിനുള്ളിൽ കുടുങ്ങിയ പാത്തിക്കൽ സ്വദേശിനി ലിസി ചാക്കോയ്ക്കാണു പിറവം സ്വദേശി കെ.കെ. അശോക്കുമാർ, ഇടയാർ സ്വദേശി എം.ടി.
രാജേഷ്കുമാർ എന്നിവരുടെ ജാഗ്രത തുണയായത്.
പിറവം ജല അതോറിറ്റിയിൽ പൈപ്പ് അറ്റകുറ്റപ്പണികൾ ചെയ്യുന്ന കരാർ ജോലിക്കാരാണ് ഇരുവരും. ഉൗരമന അമ്പലംപടി–ആഞ്ഞിലിച്ചുവട് റോഡിൽ വെള്ളി രാവിലെയായിരുന്നു അപകടം.
പള്ളിയിൽ നിന്നു വീട്ടിലേക്കു മടങ്ങുകയായിരുന്നു ലിസി. ലിസി മാത്രമാണു വാഹനത്തിൽ ഉണ്ടായിരുന്നത്.
കുത്തനെ ഉള്ള കയറ്റവും വളവുകളും ചേരുന്ന നിലയിലാണ് ഇൗ ഭാഗത്തു റോഡിന്റെ ഘടന.
സംരക്ഷണ ഭിത്തിയോ ക്രാഷ് ബാരിയറുകളോ ഇല്ല. വളവു തിരിയുമ്പോൾ കാർ നിയന്ത്രണം വിട്ടു മറിഞ്ഞിരിക്കാമെന്നാണു സംശയം.പാത്തിക്കലിലെ തടയണയിൽ നിന്നു വെള്ളം കവിഞ്ഞൊഴുകുന്ന തോട് ഇൗ ഭാഗത്തു കൂടി പോകുന്നുണ്ട്. വെള്ളത്തിന്റെ ഇരമ്പൽ മൂലം കാർ വീഴുന്ന ശബ്ദവും ആഴത്തിൽ നിന്നു ലിസിയുടെ കരച്ചിലും ആരുടെയും ശ്രദ്ധയിൽ പെട്ടില്ല.
പാത്തിക്കൽ ഭാഗത്ത് പൈപ്പ് ചോർച്ച ടാഗ് ചെയ്യുന്നതിനു പോവുകയായിരുന്നു അശോക് കുമാറും രാജേഷ് കുമാറുമാണ് കാർ കണ്ടത്.
ഇരുവരും തിരികെ എത്തി രാജേഷ്കുമാർ മൺ തിട്ടയിലൂടെ പിടിച്ചിറങ്ങി വാഹനത്തിന് അരികിലെത്തി. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ലിസിയെ വാഹനത്തിനു പുറത്തെത്തിച്ചു.
കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന ലിസി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]