
കൂരാച്ചുണ്ട്∙ കക്കയത്ത് വൈദ്യുതി ബോർഡിന്റെ അധീനതയിലുള്ള പഴയ കെട്ടിടങ്ങളും ക്വാർട്ടേഴ്സുകളും അറ്റകുറ്റപ്പണി ചെയ്ത് ഉപയോഗയോഗ്യമാക്കണമെന്ന് ആവശ്യം. കക്കയം ടൗൺ, കെഎസ്ഇബി കോളനി, കക്കയം ഡാം സൈറ്റ് എന്നിവിടങ്ങളിലായി കെഎസ്ഇബിയുടെ ഒട്ടേറെ കെട്ടിടങ്ങൾ ജീർണാവസ്ഥയിൽ വർഷങ്ങളായി നശിച്ച നിലയിലാണ്.
കക്കയം ഹൈഡൽ ടൂറിസം, ഇക്കോ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കാൻ ദിവസേനയെത്തുന്ന നൂറുകണക്കിനു വിനോദ സഞ്ചാരികൾ ഇപ്പോൾ കക്കയത്ത് താമസത്തിന് സൗകര്യമില്ലാത്തതിനാൽ ദുരിതത്തിലാണ്.
പഴയ കെട്ടിടങ്ങൾ നവീകരിച്ചാൽ ടൂറിസ്റ്റുകൾക്ക് വാടകയ്ക്ക് നൽകി വൈദ്യുതി ബോർഡിന് മികച്ച വരുമാനവും ലഭ്യമാകും. കെട്ടിടങ്ങൾ റിപ്പയർ ചെയ്യാൻ വൈദ്യുതി ബോർഡ് പുതിയ ഉത്തരവ് ഇറക്കിയിട്ടുണ്ട്. ഇതുപ്രകാരം ബിൽഡിങ്സ് ആൻഡ് സിവിൽ വിഭാഗം രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു.
കക്കയത്തെ ഉപയോഗരഹിതമായ കെട്ടിടങ്ങളുടെ വിവരം ഉദ്യോഗസ്ഥതലത്തിൽ റിപ്പോർട്ട് ചെയ്തു. വലിയ ഫണ്ട് ചെലവഴിക്കാതെ തന്നെ കെട്ടിടങ്ങൾ നന്നാക്കാം.
കെഎസ്ഇബിയുടെ പഴയ കെട്ടിടങ്ങൾ നവീകരിച്ച് ടൂറിസം വികസനത്തിന് ഉപയുക്തമാക്കാൻ അധികൃതർ നടപടിയെടുക്കണമെന്നു കക്കയം ടൂറിസം വികസന സമിതി യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് ആൻഡ്രൂസ് കട്ടിക്കാന അധ്യക്ഷത വഹിച്ചു. ബേബി തേക്കാനത്ത്, ഡാർലി ഏബ്രഹാം, സലോമി തോമസ്, ഷമീർ പിച്ചൻ, ജോൺസൺ കക്കയം എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]