
കുവൈത്ത് സിറ്റി ∙
വ്യാജമദ്യ ദുരന്തത്തിൽ മരിച്ച 13 പേരിൽ കണ്ണൂർ സ്വദേശിയായ യുവാവും. ഇരിണാവിലെ പൊങ്കാരൻ സച്ചിനാണ് (31) മരിച്ചത്.
മറ്റ് 5 മലയാളികൾ ഉൾപ്പെടെ 10 ഇന്ത്യക്കാർ മരിച്ചതായി സൂചനയുണ്ടെങ്കിലും കുവൈത്ത് അധികൃതരോ ഇന്ത്യൻ എംബസിയോ ഇവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. നടത്തിപ്പുകാരായ 2 ഏഷ്യക്കാരെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തു. 63 പേർ ചികിത്സ തേടിയതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഇവരിൽ 21 പേർക്ക് കാഴ്ച നഷ്ടപ്പെട്ടു. ചികിത്സയിൽ കഴിയുന്നവരിൽ ചിലരുടെ നില അതീവ ഗുരുതരമാണ്.
ജിലീബ് അൽ ഷുയൂഖ് ബ്ലോക്ക് നാലിൽനിന്ന് വാങ്ങിയ മദ്യം കഴിച്ച അഹ്മദിയ, ഫർവാനിയ ഗവർണറേറ്റുകളിലുള്ളവരാണു ദുരന്തത്തിനിരയായത്.
മദ്യനിരോധനമുള്ള കുവൈത്തിൽ വ്യാജമദ്യം നിർമിച്ചു വിതരണം ചെയ്തവരുടെ വിവരങ്ങൾ അധികൃതർ ശേഖരിക്കുന്നുണ്ട്.
ഒരേ സ്ഥലത്തു നിന്ന് മദ്യം സംഘടിപ്പിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി കഴിച്ചവർ കഴിഞ്ഞ ഞായറാഴ്ച മുതലാണ് ചികിത്സ തേടി ആശുപത്രികളിൽ എത്തിത്തുടങ്ങിയത്. ലേബർ ക്യാംപുകൾ അധികമുള്ള ഇടങ്ങളിലായിരുന്നു ദുരന്തമുണ്ടായത്.
കഴിഞ്ഞ മേയിലും വിഷമദ്യം കഴിച്ച് 2 നേപ്പാൾ സ്വദേശികൾ ഇവിടെ മരിച്ചിരുന്നു.
3 വർഷമായി കുവൈത്തിൽ ജോലി ചെയ്യുന്ന സച്ചിൻ ഏതാനും മാസം മുൻപാണു നാട്ടിൽ വന്നു മടങ്ങിയത്. മൃതദേഹം നാളെ നാട്ടിലെത്തിക്കുമെന്നു ബന്ധുക്കൾ അറിയിച്ചു.
പുലർച്ചെ കോഴിക്കോട് വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം, രാവിലെ 8നു വീട്ടിലെത്തിക്കും. സംസ്കാരം പിന്നീട്.
ഭാര്യ ഷിബിന (ഹുസ്ന ഡ്രൈവിങ് സ്കൂൾ, വളപട്ടണം). മകൾ സിയ.
ഇരിണാവ് സിആർസിക്കു സമീപം പൊങ്കാരൻ മോഹനന്റെയും ഗിരിജയുടെയും മകനാണ്. സഹോദരൻ സരിൻ (ഗൾഫ്).
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]