
തിരുവനന്തപുരം: അപ്രതീക്ഷിതമായി പ്രീതിയെ കണ്ടപ്പോൾ ദീപയ്ക്ക് കണ്ണീരടക്കാനായില്ല. അകാലത്തിൽ പൊലിഞ്ഞ പൊന്നുമോന്റെ അവയവദാനത്തിലൂടെ പുതുജീവിതം ലഭിച്ച അവളെ ആ അമ്മ ചേർത്തുപിടിച്ചു.
സ്നേഹിച്ച് മതിയാവാതെ നഷ്ടപ്പെട്ട 19കാരൻ മകൻ ധീരജിന്റെ ചിത്രം കാട്ടികൊടുത്തു.
പ്രീതിയുമൊത്ത് മൊബൈലിൽ ചിത്രവും പകർത്തി സന്തോഷം പങ്കുവച്ചാണ് ഇരുവരും മടങ്ങിയത്. ടാഗോർ തീയേറ്ററിൽ അവയവദാതാക്കളുടെ കുടുംബങ്ങളെ ആദരിക്കാൻ ആരോഗ്യവകുപ്പ് സംഘടിപ്പിച്ച സ്മൃതി സംഗമത്തിലായിരുന്നു വൈകാരിക നിമിഷങ്ങൾ.
മസ്തികമരണം സംഭവിച്ച ധീരജിന്റെ അവയവങ്ങളിലൂടെ അഞ്ചുപേർക്കാണ് പുതുജീവൻ ലഭിച്ചത്. ഇതിലൊരാളായിരുന്നു പ്രീതി.
ചടങ്ങിലെ അറിയിപ്പ് കേട്ടതോടെ ഇരുവരും തിരിച്ചറിഞ്ഞു. വിശേഷങ്ങൾ പങ്കുവച്ചു.
കഴിഞ്ഞ ഫെബ്രുവരി 14ന് ചടയമംഗലം സ്വദേശിയായ ധീരജ് സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇലവക്കോടുവച്ച് കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ഇടിച്ചു. ഗുരുതരമായി പരിക്കേറ്റ് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 18ന് ധീരജിന്റെ മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു.
ആയൂർ മാർത്തോമ കോളെജിൽ ബികോം രണ്ടാം വർഷ വിദ്യാർഥിയായിരുന്നു. ചികിത്സയിലിരിക്കെ ധീരജിന്റെ വൃക്കയാണ് കല്ലറ സ്വദേശിയായ പ്രീതിക്ക് മാറ്റിവച്ചത്.
ഫെബ്രുവരി 19ന് ശസ്ത്രക്രിയ നടന്നു. അതിനുശേഷം വിശ്രമത്തിലായിരുന്ന പ്രീതി ഇന്നലെയാണ് പുറത്തിറങ്ങിയത്.
ധീരജിന്റെ കരൾ, ഹൃദയ വാൽവ്, രണ്ട് കണ്ണുകൾ എന്നിവയും പലർക്കായി ദാനം ചെയ്തു. 2017 ഡിസംബർ മുതൽ അവയവദാനം ചെയ്ത 122 വ്യക്തികളുടെ കുടുംബങ്ങളാണ് സംഗമത്തിൽ പങ്കെടുത്തത്.
ഇവർക്ക് മന്ത്രി വീണാ ജോർജ് മൊമന്റോയും സർട്ടിഫിക്കറ്റും നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]