
സൗദി അറേബ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി വൻതോതിൽ വെട്ടിക്കുറച്ച ചൈന, റഷ്യൻ എണ്ണ വാങ്ങുന്നത് കുത്തനെ കൂട്ടി. സൗദിയുടെ പൊതുമേഖലാ എണ്ണക്കമ്പനിയായ സൗദി ആരംകോയിൽ നിന്ന് ഓഗസ്റ്റിൽ പ്രതിദിനം 1.65 മില്യൻ ബാരൽ വീതം എണ്ണ വാങ്ങുന്ന ചൈന സെപ്റ്റംബറിലേക്കുള്ള ഓർഡറിൽ ഇത് 1.43 മില്യനായാണ് കുറച്ചത്.
പകരം, റഷ്യൻ എണ്ണ കൂടുതലായി വാങ്ങും.
നിലവിൽ ചൈന പ്രതിദിനം 2 മില്യൻ ബാരൽ എണ്ണ വീതം എണ്ണ റഷ്യയിൽ നിന്ന് വാങ്ങുന്നുണ്ട്. സെപ്റ്റംബറിൽ അളവ് ഉയർത്തും.
ഇന്ത്യയ്ക്കുമേൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ 50% ഇറക്കുമതിത്തീരുവ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഇന്ത്യൻ എണ്ണക്കമ്പനികൾ റഷ്യൻ എണ്ണ വാങ്ങുന്നത് കുറയ്ക്കാനും പകരം സൗദി അറേബ്യയുടേത് ഉൾപ്പെടെ ഗൾഫ് എണ്ണ വാങ്ങാനും ശ്രമിക്കുന്നുണ്ട്.
ഇതോടെ ഡിമാൻഡ് വർധിച്ച പശ്ചാത്തലത്തിൽ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള ക്രൂഡ് ഓയിലിന്റെ വില സൗദി അറേബ്യ ബാരലിന് 3.20 ഡോളർ കൂട്ടി. ഇതാണ് സൗദി അറേബ്യയോട് മുഖംതിരിക്കാനും റഷ്യൻ എണ്ണ കൂടുതലായി വാങ്ങാനും ചൈനയെ പ്രേരിപ്പിക്കുന്നത്.
ട്രംപിന്റെ വിരട്ടൽ ഇന്ത്യയോട് മാത്രം
നാളെ (ഓഗസ്റ്റ് 15) അലാസ്കയിൽ റഷ്യൻ പ്രസിഡന്റ് പുട്ടിനുമായി നടക്കുന്ന സമാധാന ചർച്ച പൊളിഞ്ഞാലും ഇന്ത്യയ്ക്കുമേലുള്ള തീരുവ കൂട്ടുമെന്ന ഭീഷണിയാണ് ട്രംപ് മുഴക്കുന്നത്.
ചൈനയും ഫ്രാൻസും ബ്രസീലും നെതർലൻഡ്സും ടർക്കിയും നിലവിൽ റഷ്യൻ എണ്ണ വാങ്ങുന്നുണ്ടെങ്കിലും ട്രംപിന്റെ വിരട്ടലും ഭീഷണിയും ഇന്ത്യയോട് മാത്രമാണ്.
ചൈനയ്ക്കുമേലുള്ള തീരുവ 30 ശതമാനത്തിൽ നിലനിർത്തിയ ട്രംപ്, വ്യാപാരക്കരാർ ചർച്ചയ്ക്ക് 90 ദിവസത്തെ സാവകാശവും അനുവദിച്ചു. നേരത്തേ ഏപ്രിലിൽ ചൈനയ്ക്കുമേൽ ട്രംപ് 145% തീരുവ പ്രഖ്യാപിച്ചിരുന്നു.
യുഎസ് ഉൽപന്നങ്ങൾക്ക് ചൈന 125% തീരുവ ഏർപ്പെടുത്തി തിരിച്ചടിച്ചതോടെയാണ് ഇരു രാജ്യങ്ങളും ചർച്ചയിലേക്ക് കടന്നത്. നിലവിൽ യുഎസ് ഉൽപന്നങ്ങൾക്ക് ചൈനയിൽ തീരുവ 10% മാത്രം.
∙ ചൈനയോട് താരിഫുമായി ഏറ്റുമുട്ടലുണ്ടായാൽ അതേനാണയത്തിൽ തിരിച്ചടിയുണ്ടാകുമെന്ന് ട്രംപിന് ആശങ്കയുണ്ട്.
ചൈന അടുത്തിടെ അപൂർവ മൂലകങ്ങളുടെ (റെയർ എർത്ത്) കയറ്റുമതി നിയന്ത്രിച്ചത് യുഎസിനെ വലച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചൈനയുമായി ചർച്ചയ്ക്ക് ട്രംപ് കൂടുതൽ സാവകാശം അനുവദിച്ചത്.
∙ റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയ്ക്കുമേൽ മാത്രമാണ് ട്രംപ് അധികത്തീരുവ ചുമത്തിയിട്ടുള്ളത്.
∙ 2021-24ലെ കണക്കെടുത്താൽ ചൈന പ്രതിദിനം 24 ലക്ഷം ബാരൽ വീതം റഷ്യൻ എണ്ണ വാങ്ങിയപ്പോൾ ഇന്ത്യ ഇറക്കുമതി ചെയ്തത് 19 ലക്ഷം ബാരൽ വീതം.
ഇക്കാലയളവിലാണ് യുക്രെയ്ൻ റഷ്യയ്ക്കുമേൽ ആക്രമണം ശക്തമാക്കിയതും. എന്നിട്ടും, ഇന്ത്യയാണ് റഷ്യയുടെ യുദ്ധത്തെ പിന്തുണയ്ക്കുന്നതെന്നാണ് ട്രംപിന്റെ ആരോപണം.
ചൈന-റഷ്യ ചങ്ങാത്തം
ചൈനീസ് മാധ്യമങ്ങളിൽ നിന്നുള്ള കണക്കുപ്രകാരംതന്നെ ജൂലൈയിൽ റഷ്യ-ചൈന വ്യാപാരം ജൂണിനേക്കാൾ 8.7% ഉയർന്ന് 19.14 ബില്യൻ ഡോളറിലെത്തി.
2025ലെ ഏറ്റവും ഉയർന്ന പ്രതിമാസക്കണക്കാണിത്. ഈ വർഷം ജനുവരി-ജൂലൈയിൽ ഉഭയകക്ഷി വ്യാപാരം 8% വർധിച്ച് 125.8 ബില്യൻ ഡോളറുമായിട്ടുണ്ട്.
ജൂലൈയിൽ മാത്രം 4.02% വാർഷിക വളർച്ചയോടെ 10.1 ബില്യൻ ഡോളറിന്റെ റഷ്യൻ ഉൽപന്നങ്ങൾ ചൈന വാങ്ങി. 2024ലെ കണക്കുപ്രകാരം ചൈനയിലേക്കുള്ള മൊത്തം എണ്ണ ഇറക്കുമതിയിൽ 20% റഷ്യയിൽ നിന്നായിരുന്നു.
ട്രംപിന്റെ ഇന്ത്യാ വിരോധം!
ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകളിൽ യുഎസിന്റെ താൽപര്യങ്ങൾക്ക് മുന്നിൽ ഇന്ത്യ വഴങ്ങാതിരുന്നതാണ് ട്രംപിനെ ചൊടിപ്പിച്ചതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.
യുഎസിന്റെ കാർഷിക, ക്ഷീര ഉൽപന്നങ്ങൾക്ക് തീരുവ ഒഴിവാക്കണമെന്നും ഇന്ത്യൻ വിപണി തുറന്നുകിട്ടണമെന്നുമുള്ള ആവശ്യം ഇന്ത്യ അംഗീകരിച്ചിട്ടില്ല.
∙ മറ്റ് രാജ്യങ്ങൾക്കുമേൽ തീരുവ ട്രംപ് ഏകപക്ഷീയമായി പ്രഖ്യാപിക്കുകയാണ്. മാത്രമല്ല, ആ രാജ്യങ്ങളിൽ നിന്ന് അമേരിക്കയിൽ വമ്പൻ നിക്ഷേപം നടത്താനുള്ള വാഗ്ദാനങ്ങളും നേടിയെടുക്കുന്നുണ്ട്.
ഇന്ത്യയുമായുള്ള ചർച്ചകളിൽ ഇതു സാധ്യമാകാത്തതും ട്രംപിന് നീരസമായിട്ടുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.
∙ ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം അവസാനിപ്പിക്കാൻ താനാണ് മുൻകൈ എടുത്തതെന്ന ട്രംപിന്റെ വാദത്തെ പാക്കിസ്ഥാൻ പിന്തുണച്ചിരുന്നു. എന്നാൽ, ട്രംപിന്റെ അവകാശവാദം ഇന്ത്യ തള്ളുകയാണുണ്ടായത്.
ഇതും ട്രംപിനെ ഇന്ത്യാ വിരോധത്തിലേക്ക് നയിച്ചെന്നും റഷ്യൻ എണ്ണയെ മുന്നിൽനിർത്തി ട്രംപ് തീരുവ കൂട്ടുകയായിരുന്നു എന്നുമാണ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]