
കുന്നംകുളം ∙ ഗവ. ഗേൾസ് ഹൈസ്കൂളിലെ 5 ക്ലാസ് മുറികൾ അടങ്ങിയ പഴയ കെട്ടിടത്തിന് ബലക്ഷയമുള്ളതായി കാണിച്ച് നഗരസഭ അസിസ്റ്റന്റ് എൻജിനീയർ വിദ്യാഭ്യാസ വകുപ്പ് അധികൃതർക്ക് കത്തു നൽകി.
ഉപയോഗശൂന്യമായി അടച്ചിരിക്കുന്ന ഈ കെട്ടിടം പൊളിച്ചു നീക്കാൻ നഗരസഭയുടെ അനുമതി തേടി സ്കൂൾ അധികൃതർ രണ്ട് വർഷമായി കാത്തിരിക്കുകയാണ്. അപകടാവസ്ഥയിലായതിനെ തുടർന്ന് കെട്ടിടം പൊളിക്കാൻ 2023 ജൂണിൽ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ സ്കൂൾ അധികൃതരോട് നിർദേശിച്ചു. തുടർന്ന് ക്ലാസ് മുറികൾ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി അപായ സാധ്യതയുള്ള കെട്ടിടം അടച്ചു.
എന്നാൽ ഇത് പൊളിക്കാൻ നഗരസഭയുടെ അനുമതി, അൺഫിറ്റ്നസ് രേഖ എന്നിവ അടക്കമുള്ളവ വേണം. കെട്ടിടത്തിന്റെ ദുരവസ്ഥ വിവരിച്ച് പ്രധാനാധ്യാപിക നഗരസഭയ്ക്കു കത്ത് നൽകിയെങ്കിലും തുടർനടപടിയുണ്ടായില്ല.
തെരുവുനായ്ക്കളുടെയും ഇഴജന്തുക്കളുടെയും താവളമായി കെട്ടിടം മാറിയത് കുട്ടികളെ വലച്ചു. സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ ഇൗയിടെ കർശന നിർദേശം നൽകിയതോടെ വിദ്യാഭ്യാസ വകുപ്പ് അധികൃതർ സ്കൂൾ സന്ദർശിച്ച് അപകടാവസ്ഥയിലുള്ള കെട്ടിടം പൊളിച്ചുമാറ്റാതിരിക്കുന്നത് വീഴ്ചയാണെന്ന് കണ്ടെത്തി.
ജൂലൈ 17ന് പ്രധാനാധ്യാപിക വീണ്ടും നഗരസഭയെ സമീപിച്ചു. വാർഡ് കൗൺസിലർ ലെബീബ് ഹസൻ പലതവണ കെട്ടിടത്തിന്റെ അപകടാവസ്ഥ നഗരസഭ കൗൺസിൽ യോഗത്തിൽ ഉന്നയിച്ചിരുന്നു.
ചൊവ്വാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ വീണ്ടും ആവശ്യം ഉന്നയിച്ചിട്ടും നഗരസഭാധ്യക്ഷ സീത രവീന്ദ്രൻ മറുപടി നൽകിയില്ല. ഇതിനിടെ നഗരസഭ അസിസ്റ്റന്റ് എൻജിനീയർ മനോജ് മുഹമ്മദ്, ഓവർസീയർ ടി.യു.ജയശ്രീ എന്നിവർ സ്കൂൾ കെട്ടിടം പരിശോധിച്ചു . പൊളിച്ചു മാറ്റാൻ ആദ്യ പടിയായി കെട്ടിടത്തിന്റെ അൺഫിറ്റ്നസ് സർട്ടിഫിക്കറ്റ് ചാവക്കാട് ഡിഇഒയ്ക്ക് നൽകി.
കെട്ടിടത്തിന്റെ മൂന്ന് മീറ്റർ അകലം വരെ പ്രവേശിക്കരുതെന്ന് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]