
എരുമേലി ∙ കാട്ടാന കയറി വ്യാപകമായി കൃഷി നശിപ്പിച്ചതായി പരാതി. എയ്ഞ്ചൽവാലി പമ്പാവാലി കാക്കനാട്ട് നോബിളിന്റെ വീട്ടിലെ കൃഷിയിടത്തിലാണ് കഴിഞ്ഞ രണ്ടുദിവസം രാത്രി കാട്ടാന കയറി അൻപതിൽപരം വാഴകളും റബർ തൈകളും നശിപ്പിച്ചത്.
വീടിന്റെ തൊട്ടടുത്തുവരെ കാട്ടാന എത്തി കൃഷി നശിപ്പിച്ചു. 60 വയസ്സു കഴിഞ്ഞ മാതാപിതാക്കൾ ഭയത്തോടെയാണു വീട്ടിൽ കഴിയുന്നതെന്ന് നോബിൾ പറയുന്നു.
വനത്തിനു സമീപമാണ് സൈനികനായ നോബിളിന്റെ വീട്.
വനാതിർത്തിയിൽ സൗരോർജ വേലികൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവർത്തിക്കുന്നില്ല. ഇതുമൂലമാണ് കാട്ടാനകൾ നേരിട്ട് കൃഷിയിലേക്ക് പ്രവേശിക്കുന്നത്.തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച രാത്രിയിലുമായാണു കാട്ടാന കൃഷി നശിപ്പിച്ചത്.
പറമ്പിലൂടെ കാട്ടാനകൾ ഓടി നടന്ന് പൂർണമായും ചവിട്ടി മെതിച്ച നിലയിലാണ്. കയ്യാല വരെ തകർത്തു.
റബർ തൈകൾ വ്യാപകമായി നശിപ്പിച്ചു.
അൻപതിലേറെ കുലച്ച വാഴകളും വാഴത്തൈകളും കാട്ടാന ചവിട്ടി മെതിച്ചു. 2 മാസത്തിനു മുൻപ് വനത്തിൽ നിന്ന് കൂറ്റൻതടി കൃഷിഭൂമിയിലേക്ക് വീണിരുന്നു.
12 റബർ തൈകളാണ് അന്ന് ഒടിഞ്ഞുപോയത്. ഇത് ചൂണ്ടിക്കാട്ടി വനംവകുപ്പിനു പരാതി നൽകി. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തു വന്നെങ്കിലും തടി വെട്ടിമാറ്റാൻ പോലും തയാറായിട്ടില്ല. എത്രയും വേഗം ഫെൻസിങ് പ്രവർത്തന ക്ഷമമാക്കണമെന്നും കൃഷി നാശത്തിനു നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും കാട്ടാന ശല്യം ഒഴിവാക്കുന്നതിനു നടപടി സ്വീകരിക്കണമെന്നുമാണു ജനങ്ങളുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]