
കാഞ്ഞൂർ∙ പഞ്ചായത്തിൽ പൊതു കളിസ്ഥലമില്ല. പഞ്ചായത്തിൽ ഒരിടത്തും നാട്ടുകാർക്ക് കളിക്കാൻ ഒഴിഞ്ഞ സ്ഥലങ്ങളുമില്ല.
എന്നാൽ പഞ്ചായത്തിലെ 10–ാം വാർഡിൽ 50 സെന്റ് സ്ഥലം വർഷങ്ങളായി ഒഴിഞ്ഞു കിടക്കുന്നു. സിയാലിന്റേതാണ് ആ സ്ഥലം. ഇതു കളി സ്ഥലം ആക്കണമെന്നു പല സംഘടനകളും പഞ്ചായത്തും പലതവണ ആവശ്യപ്പെട്ടിട്ടും അനുകൂല സമീപനം ഉണ്ടായില്ല.
വിമാനത്താവളത്തിനായി വീട് ഒഴിപ്പിക്കേണ്ടി വരുന്നവർക്ക് പകരം വീട് നിർമിക്കാനുള്ള സ്ഥലം നൽകാനാണ് വർഷങ്ങൾക്ക് മുൻപ് പാറപ്പുറത്ത് കണ്ണായ സ്ഥലത്തു സിയാൽ 50 സെന്റ് സ്ഥലം വാങ്ങിയിട്ടത്. എന്നാൽ ഈ സ്ഥലം ഇതുവരെ ഉപയോഗിച്ചിട്ടില്ല.
വീട് നഷ്ടപ്പെട്ടവർക്കു മറ്റു പലയിടത്തും സ്ഥലം കൊടുത്തു.
വാങ്ങിയിട്ടതു മുതൽ ഈ സ്ഥലം വെറുതേ കിടക്കുകയാണ്. സമീപമുള്ള കുമാരനാശാൻ മെമ്മോറിയൽ എൽപി സ്കൂളിനു കളിസ്ഥലമില്ലാത്തതിനാൽ സ്കൂളിന്റെ കളിസ്ഥലം ആക്കാൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നടപടി ഉണ്ടായില്ല.
പൊതു കളിസ്ഥലത്തിനായി പിന്നീട് പഞ്ചായത്തും ആവശ്യപ്പെട്ടപ്പോഴും നടപടിയുണ്ടായില്ല. സ്ഥലം വിട്ടുകൊടുത്തില്ലെങ്കിലും സിയാലിന്റെ നേതൃത്വത്തിൽ തന്നെ ഇവിടെ ഒരു കളിസ്ഥലം ആരംഭിക്കണമെന്ന ആവശ്യവുമുണ്ട്. ഇവിടെ ക്രിക്കറ്റ്, ഫുട്ബോൾ, ബാഡ്മിന്റൻ എന്നിവ കളിക്കുന്നതിനുള്ള ടർഫ് കോർട്ട് സിയാൽ ഒരുക്കി നൽകണമെന്ന അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന്റെ പ്രമേയം ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി.അഭിജിത്ത് മന്ത്രി പി.രാജീവിനു കൈമാറി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]