
മൂവാറ്റുപുഴ∙ ഭൂമിക്കടിയിലൂടെ പോകുന്ന കാനയുടെ സ്ലാബുകൾ തകർന്നതാണ് എംസി റോഡിൽ കച്ചേരിത്താഴം പാലത്തിനു സമീപം റോഡ് ഇടിഞ്ഞു താഴ്ന്ന് വൻ ഗർത്തം രൂപപ്പെടാൻ കാരണമെന്ന് പരിശോധനയിൽ വ്യക്തമായി. തിങ്കളാഴ്ച രൂപപ്പെട്ട
കുഴി ഉടനെ തന്നെ ജിഎസ്ബി മിശ്രിതം ഉപയോഗിച്ച് മൂടാൻ കെആർഎഫ്ബി ഉദ്യോഗസ്ഥർ തീരുമാനിച്ചെങ്കിലും യഥാർഥ കാരണം കണ്ടെത്തിയ ശേഷം മാത്രം കുഴി മൂടിയാൽ മതി എന്ന് മാത്യു കുഴൽനാടൻ എംഎൽഎ വ്യക്തമാക്കി. തുടർന്നാണ് കേരള റോഡ് ഫണ്ട് ബോർഡിന്റെ സൂപ്രണ്ടിങ് എൻജിനീയർ പി.ആർ.
മഞ്ജുഷയുടെ നേതൃത്വത്തിൽ കെആർഎഫ്ബി, പൊതുമരാമത്ത് എൻജിനീയർമാരും അഗ്നിരക്ഷാ സേനയും മോട്ടർ വെഹിക്കിൾ ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി പരിശോധന നടത്തിയത്.
3 വർഷങ്ങൾക്ക് മുൻപും ഇതേ സ്ഥലത്ത് ഗർത്തം രൂപപ്പെട്ടിരുന്നു. അന്ന് നടത്തിയ പഠനങ്ങളും പരീക്ഷണാടിസ്ഥാനത്തിലുള്ള പുനർ നിർമാണവും പൂർത്തിയാക്കി 7 ദിവസത്തെ നിരീക്ഷണത്തിനു ശേഷമാണ് എംസി റോഡിലൂടെയുള്ള ഗതാഗതം പൂർണമായി പുനഃസ്ഥാപിച്ചത്. വലിയ ആഴവും ഒഴുക്കുമുള്ള പുഴയിൽ തോണിയിൽ എത്തിയാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
ഇടിഞ്ഞു കിടക്കുന്ന കാനയുടെ ചേംബറിൽ കെആർഎഫ്ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പോൾ തോമസ്, പിഡബ്ല്യുഡി റോഡ്സ് എക്സിക്യൂട്ടീവ് എൻജിനീയർ ഷാ മോൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കാനയിടിഞ്ഞു കിടക്കുന്നത് കണ്ടെത്തിയത്. പുഴയിലേക്കുള്ള പഴയ കാനയ്ക്കു മുകളിൽ സ്ഥാപിച്ചിരുന്ന കവർ സ്ലാബുകൾ തകർന്ന് വലിയ തോതിൽ മണ്ണ് ഇതിലൂടെ ഒലിച്ചു പോയതാണ് കുഴി രൂപപ്പെടാൻ കാരണമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
പുഴയിൽ വലിയ തോതിൽ ജലനിരപ്പ് ഉയരുമ്പോൾ കാന വഴി വെള്ളം ഉള്ളിലേക്കു കയറുകയും ജലനിരപ്പ് താഴുമ്പോൾ വെള്ളം തിരികെ ഇറങ്ങിപ്പോകുകയും ചെയ്യുന്നതിലുള്ള മർദം മൂലമാണു കാന തകർന്നതെന്നും ഇവർ പറഞ്ഞു. ആർഡിഒ പി.എ.
അനി, കെആർഎഫ്ബി എക്സിക്യൂട്ടീവ് എൻജിനീയർ ജയരാജ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എസ്.ജെ. സജിന എന്നിവരും പരിശോധനകളുടെ ഭാഗമായി എത്തിയിരുന്നു.
ഇന്ന് ഗതാഗത നിയന്ത്രണം
മൂവാറ്റുപുഴ∙ എംസി റോഡിലെ വൻകുഴി മൂടുന്നതുമായി ബന്ധപ്പെട്ടുള്ള ജോലികൾ നടക്കുന്നതിനാൽ ഇന്ന് കച്ചേരിത്താഴം പാലത്തിൽ ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തും. ആവശ്യമായ നിരീക്ഷണത്തിനു ശേഷം മാത്രമേ ഗതാഗതത്തിന് തുറന്നുകൊടുക്കാൻ കഴിയൂ എന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്. അതിനാൽ കച്ചേരിത്താഴം പാലത്തിന് സമീപം ഗർത്തം രൂപപ്പെട്ട
സ്ഥലത്ത് ഗതാഗത നിയന്ത്രണം അനിവാര്യമാണെന്നും പൊതുജനങ്ങൾ ഇതിനോട് സഹകരിക്കണമെന്നും എംഎൽഎ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]