
മേലൂർ ∙ കല്ലുകുത്തി മൂഴിക്കക്കടവിനു സമീപമുള്ള 85 സെന്റ് ഭൂമി പഞ്ചായത്ത് ഏറ്റെടുത്തിട്ടു 12 വർഷത്തിലധികം കഴിഞ്ഞിട്ടും ഇവിടെ പദ്ധതികൾ ഒന്നും നടന്നില്ല. ഇൻഡോർ സ്റ്റേഡിയം പണിയുമെന്നും ഏകദേശം മൂന്നര കോടി രൂപ ചെലവുവരുന്ന പദ്ധതിക്കു വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയാറാക്കിയെന്നും പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സുനിത പറയുന്നു.
എന്നാൽ തുക എവിടെ നിന്നു കണ്ടെത്തും എന്നു പോലും ഇതുവരെ സൂചന പോലും ലഭിച്ചില്ല. എംപിയോടും എംഎൽഎയോടും അഭ്യർഥിച്ചിട്ടും ഫണ്ട് അനുവദിച്ചില്ലെന്നാണു പഞ്ചായത്ത് ഭരിക്കുന്ന എൽഡിഎഫിന്റെ ആരോപണം.
ഇൻഡോർ സ്റ്റേഡിയം നിർമിക്കുകയാണെങ്കിൽ സ്പോർട്സ് കൗൺസിൽ 50 ലക്ഷം അനുവദിക്കുമെന്ന വാഗ്ദാനം ലഭിച്ചിട്ടുണ്ടെന്നും അധികൃതർ പറയുന്നു.
ശേഷിച്ച തുക കണ്ടെത്താൻ വഴിയില്ലാതെ വന്നതോടെ പദ്ധതി ചുവപ്പുനാടയിൽ കുടുങ്ങി കിടക്കുകയാണ്. പദ്ധതി പ്രദേശം കാടു മൂടിയിട്ടു വർഷങ്ങളേറെ ആയെങ്കിലും കാട് വെട്ടിത്തെളിക്കാൻ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. ചിറ പുറമ്പോക്ക് ഏറ്റെടുത്താണു പഞ്ചായത്ത് ആസ്തിയിൽ ഉൾപ്പെടുത്തിയത്.
കുറെ സ്ഥലം കയ്യേറ്റമുണ്ടായിരുന്നത് ഒഴിപ്പിക്കുകയും ചെയ്തു. വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണു പഞ്ചായത്തിനു ഭൂമി ലഭ്യമാകുന്നത്.
അതേ സമയം ഈ സ്ഥലം ഭവനരഹിതർക്കു കിടപ്പാടമൊരുക്കാനാണ് ഏറ്റെടുത്തതെന്നും അതിനായി പ്രയോജനപ്പെടുത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെടുന്നു.
ഈ ഭൂമിയിൽ നിന്നു 3 സെന്റ് വീതം ഭവനരഹിതർക്ക് വീടുവയ്ക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് 2020ൽ കോൺഗ്രസ് അംഗങ്ങൾ കുടിൽ കെട്ടി സമരം ചെയ്തിരുന്നു. കളിക്കളമൊരുക്കാനുള്ള നീക്കത്തിന് എതിരെ നാട്ടുകാരും പ്രതിഷേധിച്ചിരുന്നു. പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന അൻപതിലേറെ വരുന്ന ഭവനരഹിതരിൽ അർഹരായവരെ കണ്ടെത്തി സ്ഥലമനുവദിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
മേലൂരിൽ നിന്നു പൂലാനിയിലേക്കുള്ള റോഡരികിൽ നിന്നു കുറച്ചു മാറിയാണു ഭൂമി.
കനാലും സ്വകാര്യ വ്യക്തികളുടെ പുരയിടവുമാണു ഭൂമിയുടെ നാലതിരുകൾ. ഭവന പദ്ധതി മറ്റൊരിടത്തേക്കു കൊണ്ടുപോകാനുള്ള നീക്കത്തിനെതിരെ പഞ്ചായത്ത് ഭരണസമിതിയോഗങ്ങളിൽ പലതവണ ബഹളങ്ങളുണ്ടായിരുന്നു.
പ്രളയവും കോവിഡും അടക്കമുള്ളവ എത്തിയതോടെ വിഷയം തണുക്കുകയായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]