കാഞ്ഞങ്ങാട് ∙ സംസ്ഥാനത്തെ സഹകരണ ബാങ്ക്, സഹകരണ സംഘങ്ങളിൽനിന്ന് വായ്പയെടുത്തശേഷം മരിക്കുകയോ മാരകരോഗം ബാധിച്ച് വായ്പത്തിരിച്ചടവ് മുടങ്ങുകയോ ചെയ്തവർക്കായി ജില്ലയിൽ സഹകരണ വകുപ്പ് റിസ്ക് ഫണ്ട് ധനസഹായമായി നൽകിയത് 4.07 കോടി രൂപ. 2024 ഏപ്രിൽ മുതൽ ഇതുവരെ ലഭിച്ച അപേക്ഷകളിൽനിന്ന് അർഹതപ്പെട്ട
631 പേർക്കാണ് കേരള സഹകരണ വികസന ക്ഷേമനിധി ബോർഡിന്റെ കേരള സഹകരണ റിസ്ക് ഫണ്ട് പദ്ധതിയിലൂടെ ഈ തുക നൽകിയത്.
വായ്പാ കാലാവധിയിലോ കാലാവധി കഴിഞ്ഞ് 6 മാസത്തിനുള്ളിലോ മരിക്കുകയാണെങ്കിൽ നിലവിലുള്ള നിബന്ധനപ്രകാരം വായ്പയുടെ ബാക്കി നിൽപ് മുതൽ തുകയിൽ പരമാവധി 3 ലക്ഷം രൂപവരെ മരണാനന്തര സഹായമായി അനുവദിക്കും. വായ്പയെടുത്തശേഷം വായ്പാ കാലാവധിക്കുള്ളിൽ മാരകരോഗം ബാധിച്ചാലും ആനുകൂല്യം ലഭിക്കും.മരിച്ചതോ മാരകരോഗം പിടിപെട്ടതോ ആയ ആളിന്റെ പേരിലുള്ള വായ്പകൾക്കു മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ.
മരിച്ചുപോയവരോ അല്ലെങ്കിൽ മാരകരോഗം പിടിപെട്ട
തീയതിയിൽ 70 വയസ്സിൽ കഴിയാത്ത വായ്പക്കാരനോ മാത്രമേ മരണാനന്തര ആനുകൂല്യം, ചികിത്സാ ധനസഹായം എന്നിവ ലഭിക്കുകയുള്ളു. ഒപ്പം വായ്പയെടുക്കുന്ന സമയത്ത് റിസ്ക് ഫണ്ട് വിഹിതം അടച്ചവരുമാവണം.
മരണാനന്തര ധനസഹായം, ചികിത്സാ സഹായം
ഒന്നിലേറെ വായ്പകളുണ്ടെങ്കിൽ ഒരു വായ്പക്കാരൻ ഒരു സഹകരണ സംഘത്തിൽനിന്നോ വിവിധ സഹകരണ സംഘങ്ങളിൽനിന്നോ എടുത്തിട്ടുള്ള എല്ലാ വായ്പകളിലുംകൂടി മുതൽ തുകയിൽ പരമാവധി 6 ലക്ഷം രൂപവരെ മരണാനന്തര ധനസഹായം അനുവദിക്കുന്നു.വായ്പയെടുത്തശേഷം വായ്പാ കാലാവധിക്കുള്ളിൽ മാരകരോഗം ബാധിക്കുകയും വായ്പാ ബാധ്യതകൾ തീർക്കാൻ കഴിയാതെ വരുന്നതുമായ വായ്പക്കാർക്ക് വായ്പാ ബാക്കി നിൽപ് മുതലിനത്തിൽ ചികിത്സാ ധനസഹായമായി പരമാവധി 1.25 ലക്ഷം രൂപവരെ അനുവദിക്കുന്നു.
മാരകരോഗം ബാധിച്ചവർക്കുള്ള റിസ്ക് ഫണ്ട് ധനസഹായം അനുവദിക്കുന്നതിന് വായ്പാ കുടിശിക തടസ്സമാകില്ല. എന്നാൽ വായ്പയെടുത്ത ശേഷം വായ്പാ ബാധ്യതാ കാലാവധിക്കുള്ളിൽ മാരകരോഗം ബാധിച്ചിട്ടുള്ളതും വായ്പ നിലനിൽക്കുന്നതുമായ വായ്പക്കാർക്ക് മാത്രമാണ് ധനസഹായത്തിന് അർഹതയുള്ളത്.
പദ്ധതി ആരംഭിച്ചത് 2008ൽ
2008ലാണ് സഹകരണ വകുപ്പ് റിസ്ക് ഫണ്ട് പദ്ധതി ആരംഭിച്ചത്.
ഇതുവരെ സംസ്ഥാനത്ത് 124365 വായ്പകളിലായി 991.29 കോടിയുടെ റിസ്ക് ഫണ്ട് മരണാനന്തര, ചികിത്സാ ധനസഹായമായി ബോർഡിൽനിന്ന് അനുവദിച്ചു. നിലവിലെ ഭരണസമിതി ചുമതലയേറ്റശേഷം ഇതുവരെ 47270 വായ്പകളിലായി 431.03 കോടി രൂപയുടെ റിസ്ക് ഫണ്ട് അനുവദിച്ചു.
കാസർകോട് താലൂക്കിൽ 116 അപേക്ഷകളിൽ 76.6 ലക്ഷം രൂപ, ഹൊസ്ദുർഗ് താലൂക്കിൽ 236 അപേക്ഷകളിലായി 1.41 കോടി രൂപ, വെള്ളരിക്കുണ്ട് താലൂക്കിൽ 180 അപേക്ഷകളിലായി 1.05 കോടി രൂപ, മഞ്ചേശ്വരം താലൂക്കിൽ 68 പരാതികളിലായി 47.65 ലക്ഷം രൂപ, കേരള ബാങ്കിൽ 31 അപേക്ഷകളിൽ 36.78 ലക്ഷം എന്നിങ്ങനെയാണ് ജില്ലയിൽ ആകെ 631 അപേക്ഷകളിലായി 4.07 കോടി രൂപ ധനസഹായം വിതരണം ചെയ്തത്.
ഇടപാടുകാർക്ക് ആശ്വാസമാകുന്ന രീതിയിൽ റിസ്ക് ഫണ്ട് പദ്ധതി തുടരും: മന്ത്രി വി.എൻ.വാസവൻ
കാഞ്ഞങ്ങാട് ∙ ഇടപാടുകാർക്ക് ആശ്വാസം പകരുന്ന രീതിയിൽ റിസ്ക് ഫണ്ട് പദ്ധതി തുടരുമെന്ന് മന്ത്രി വി.എൻ.വാസവൻ.
റിസ്ക് ഫണ്ട് ധനസഹായ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ദേശീയ ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ എന്നിവയൊന്നും ഇത്തരത്തിൽ ഒരു പദ്ധതി നടത്തുന്നില്ല.
സാധാരണക്കാരന്റെ ബുദ്ധിമുട്ടിൽ കൂടെനിൽക്കുന്നത് സഹകരണ സ്ഥാപനങ്ങളാണ്.ധനസഹായ വിതരണ പ്രവർത്തനങ്ങൾ സമീപഭാവിയിൽ ഓൺലൈൻ സംവിധാനത്തിലൂടെ നടപ്പിലാക്കും. അതുവഴി പരാതികൾക്ക് ഇടനൽകാതെ കൂടുതൽ വേഗത്തിൽ ധനസഹായ വിതരണം നടത്താൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
എം.
രാജഗോപാലൻ എംഎൽഎ അധ്യക്ഷത വഹിച്ചു. സി.എച്ച്.കുഞ്ഞമ്പു എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി.സുജാത, ബോർഡ് വൈസ് ചെയർമാൻ സി.കെ.ശശീന്ദ്രൻ, കേരള ബാങ്ക് ബോർഡ് അംഗം സാബു ഏബ്രഹാം, ഹൊസ്ദുർഗ് താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.മണി മോഹൻ, ജില്ലാ ജോയിന്റ് റജിസ്ട്രാർ ഇൻ ചാർജ് വി.ചന്ദ്രൻ, ജില്ലാ ജോയിന്റ് ഡയറക്ടർ, ടി.എം.മാത്യു, കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി കെ.വി.വിശ്വൻ, കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സി.ഇ.ജയൻ, കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ ജില്ലാ സെക്രട്ടറി ബി.സുകുമാരൻ, ബോർഡ് ജോയിന്റ് റജിസ്ട്രാർ സെക്രട്ടറി കെ.ജയകുമാർ, കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് അംഗം എം.മോഹനൻ എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]