
മൂവാറ്റുപുഴ∙ നഗരത്തിൽ കച്ചേരിത്താഴം പാലത്തിനു സമീപം എംസി റോഡിൽ വീണ്ടും പാതാളക്കുഴി രൂപപ്പെട്ടു. ഇന്നലെ രാവിലെ 9ന് പാലത്തിനു സമീപം വിദ്യാർഥികളെ കയറ്റാൻ സ്കൂൾ ബസ് നിർത്തിയപ്പോഴായിരുന്നു റോഡ് ഇടിഞ്ഞു താഴ്ന്നത്.
ബസിന്റെ ചക്രം കുഴിയിൽ കുടുങ്ങിയതോടെ ബസിൽ നിന്നു വിദ്യാർഥികളെ അതിവേഗം പുറത്തിറക്കി. പിന്നീട് ബസ് ഇവിടെ നിന്ന് ക്രെയിൻ ഉപയോഗിച്ച് ഉയർത്തിയാണ് മാറ്റിയത്.
3 വർഷം മുൻപ് വൻ കുഴി രൂപപ്പെട്ട ഭാഗത്തു തന്നെയാണ് വീണ്ടും റോഡ് ഇടിഞ്ഞത്.
ബസ് മാറ്റിയതിനു പിന്നാലെ കൂടുതൽ ആഴത്തിലേക്കു റോഡ് ഇടിഞ്ഞു താഴ്ന്നു.
20 അടിയിൽ അധികം താഴ്ചയുണ്ട്. മാത്യു കുഴൽനാടൻ എംഎൽഎ, നഗരസഭ ചെയർമാൻ പി.പി.
എൽദോസ്, കെആർഎഫ്ബി, കെഎസ്ടിപി ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്ത് എത്തി പരിശോധന നടത്തി. തുടർന്ന് മണ്ണുമാന്തി യന്ത്രം എത്തിച്ചു കുഴി വലുതാക്കിയതോടെ ആഴം കൂടുതൽ വ്യക്തമായത്.
മുൻപ് ഇവിടെയുണ്ടായ കുഴിയേക്കാൾ ഇത്തവണ രൂപപ്പെട്ടിരിക്കുന്ന കുഴിക്ക് ആഴം കൂടുതലാണ്. കുഴിക്കു സമീപം റോഡിന്റെ ഒരു ഭാഗത്ത് അൽപം ഇടിഞ്ഞു താഴ്ന്നിട്ടും ഉണ്ട്.
ബിഎസ്എൻഎൽ കേബിളുകൾ ഉൾപ്പെടെ ഇതിലെ കടന്നു പോയിട്ടുണ്ടെങ്കിലും ഇവയ്ക്ക് തകരാർ ഒന്നും സംഭവിച്ചിട്ടില്ലെന്ന് ബിഎസ്എൻഎൽ ഡിവിഷനൽ എൻജിനീയർ ഷിനി കെ.
ഷൺമുഖൻ പറഞ്ഞു. പരിശോധനകൾക്കു ശേഷം കെആർഎഫ്ബി ഉദ്യോഗസ്ഥർ ജിഎസ്ബി മിശ്രിതം ഉപയോഗിച്ച് കുഴി മൂടാൻ തീരുമാനിച്ചെങ്കിലും വിദഗ്ദ പരിശോധനയ്ക്കു ശേഷം മൂടിയാൽ മതിയെന്ന് എംഎൽഎ ഉൾപ്പെടെയുള്ളവർ നിലപാട് സ്വീകരിച്ചു.
ഇന്ന് രാവിലെ 10ന് മാത്യു കുഴൽനാടൻ ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.കലക്ടറും പങ്കെടുത്തേക്കും. ഇതിനു ശേഷമാകും കുഴി മൂടുന്നത് എങ്ങനെ വേണമെന്നതിനെക്കുറിച്ച് അന്തിമ തീരുമാനം ഉണ്ടാകുക.
2022 ഓഗസ്റ്റ് 2നും ഇവിടെ തന്നെ വലിയ കുഴി രൂപപ്പെട്ടിരുന്നു.
10 മീറ്ററോളം ആഴവും മൂന്നര മീറ്ററോളം ചുറ്റളവുമുള്ള കുഴി മൂടുന്നതിനു 6 ടോറസ് ലോറി നിറയെ ജിഎസ്ബി മിശ്രിതം വേണ്ടി വന്നു. 1978ൽ നിർമിച്ച പാലത്തിനു വേണ്ടി അപ്രോച്ച് റോഡിന്റെ അടിയിലൂടെ ഓടയും കലുങ്കും ഉണ്ടാകാനിടയുണ്ടെന്നും ഇവയ്ക്കു സംഭവിച്ച ചോർച്ചയാകാം മണ്ണിടിഞ്ഞു കുഴിയുണ്ടാകാൻ കാരണമെന്നുമാണ് അന്ന് ഉദ്യോഗസ്ഥർ പറഞ്ഞത്.റോഡിനടിയിൽ നിന്നു വലിയ തോതിൽ മണ്ണ് ഒഴുകി പുഴയിലേക്കു പോയിരിക്കാമെന്നും ഇതു മൂലം ഉണ്ടായ ബലക്ഷയം ആയിരിക്കാം റോഡിന്റെ തകർച്ചയ്ക്കു കാരണമെന്നുമാണു സ്ഥലം പരിശോധിച്ച എൻജിനീയർമാർ പറയുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]