
കോഴിക്കോട് ∙ സാമൂഹികനീതി വകുപ്പിന്റെ വെള്ളിമാട്കുന്ന് ആശാഭവനിൽ എട്ട് മാസത്തിലധികമായി ഉറ്റവരെ കാത്തിരുന്ന ഉത്തർപ്രദേശ് സ്വദേശി സെന്ത് റാം (35) വീണ്ടും കുടുംബവുമായി ഒന്നിച്ചു. വഴിയറിയാതെ, ഭാഷയറിയാതെ അതിർത്തി കടന്നെത്തിയ യുവാവിന്റെ ബന്ധുക്കളെ തേടിപ്പിടിച്ച് നാട്ടിലേക്ക് തിരിച്ചയച്ചതിന്റെ നിർവൃതിയിലായിരുന്നു തിങ്കളാഴ്ച ആശാഭവൻ അധികൃതർ.
ഭാര്യ ഉപേക്ഷിച്ച മനോവേദനയിലാണ് ഉത്തർപ്രദേശിലെ ചിത്രകൂട് ജില്ലയിലെ മണിപ്പുർ ഗ്രാമവാസിയായ സെന്ത് റാം നാടുവിട്ടത്.
എഴുത്തും വായനയുമറിയാത്ത സെന്ത് റാം ആദ്യം കാണുന്ന ട്രെയിനിൽ കയറി ഡൽഹിയിലെത്തി. മൂന്ന് മാസത്തോളം കൂലിപ്പണി ചെയ്ത തന്നെ അവിടെയുള്ളവർ പണം നൽകാതെ പറ്റിച്ചെന്ന് സെന്ത് റാം പറയുന്നു.
അവിടെനിന്ന് രക്ഷപ്പെട്ട് കയറിയ ട്രെയിനിനാണ് കോഴിക്കോട്ടെത്തിയത്.
കേരളത്തിലെത്തുമ്പോഴേക്കും മാനസികനില താളം തെറ്റിയിരുന്നു. ആരോടും ഒന്നും സംസാരിക്കാതെ നിന്ന യുവാവിനെ റെയിൽവേ പൊലീസിന്റെ ഇടപെടലിൽ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു.
അവിടെ ചികിത്സ തുടരുന്നതിനിടെ കഴിഞ്ഞ ജനുവരിയിലാണ് ആശാഭവനിലേക്ക് മാറ്റിയത്. ആ മാറ്റമാണ് ജീവിതത്തിൽ വെളിച്ചമായതും ബന്ധുക്കളോടൊപ്പം യാത്രതിരിക്കാനുള്ള വഴിത്തിരിവായതും.
‘‘രണ്ട് വർഷമായി അവനെ കാണാതായിട്ട്, ഒരുപാടു തവണ ഞങ്ങളവനെ തേടി നടന്നു.
മറ്റെന്തെങ്കിലും ചെയ്യാനുള്ള കഴിവൊന്നും ഞങ്ങൾക്കില്ല. മരിച്ചെന്നു പോലും വിചാരിച്ചു.’’ – നിറകണ്ണുകളോടെ സെന്ത് റാമിന്റെ അച്ഛൻ ലക്ഷ്മൺ റാവത്ത് പറഞ്ഞു.
മരിച്ചെന്ന് കരുതി മരണാനന്തര ചടങ്ങുകൾ വരെ പൂർത്തിയാക്കിയ വീട്ടിലേക്ക് സെന്ത് റാം എത്തുമ്പോൾ ഒരു ഗ്രാമം മുഴുവൻ കാത്തിരിക്കുന്നുണ്ടെന്ന് സഹോദരൻ കമലേഷ് റാവത്ത് പറഞ്ഞു.
സെന്ത് റാം ആശാഭവനിൽ എത്തിയത് മുതൽ നാടേതാണെന്നും വീട് എവിടെയാണെന്നും ചോദിച്ചറിയാൻ ശ്രമിച്ചിരുന്നു. എന്നാൽ, ആരോടും സംസാരിക്കാൻ തയാറായിരുന്നില്ല.
സാമൂഹിക പ്രവർത്തകനും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ റിട്ട. ജീവനക്കാരനുമായ ശിവൻ കോട്ടൂളിയുടെ ഇടപെടലാണ് ബന്ധുക്കളെ കണ്ടെത്താൻ സഹായമായത്.
നിരന്തര പരിശ്രമത്തിന്റെ ഫലമായാണ് ഉത്തർപ്രദേശിലെ ചിത്രകൂട് ജില്ലയിലുള്ള ഉൾഗ്രാമത്തിലാണ് വീടെന്ന് കണ്ടെത്താനായത്. മൊബൈൽ ഫോൺ പോലും പരിചിതമല്ലാത്ത ഗ്രാമത്തിലേക്ക് സെന്ത് റാമിനെ തിരക്കി ഭരണ സംവിധാനങ്ങൾ കൈ കോർത്തതിന്റെ ഫലമായാണ് ഉത്തർപ്രദേശിലെ കുടുംബാംഗങ്ങൾ അതിർത്തി കടന്ന് കേരളത്തിലെത്തിയത്.
അച്ഛനും സഹോദരങ്ങളും സെന്ത് റാമിനെ തിരികെ നൽകിയ ആശാ ഭവനോട് നന്ദിയും പറഞ്ഞു.
സെന്ത് റാമിന്റെ പുതുജീവിതത്തിലേക്കുള്ള യാത്ര തിരിക്കൽ ആശാഭവനിൽ ആഘോഷമാക്കി. ആശാഭവനോട് സഹകരിച്ച് പ്രവർത്തിക്കുന്ന ‘സംഗീതമേ ജീവിതം’ ഫൗണ്ടേഷൻ ഭാരവാഹികളും കൈ നിറയെ സമ്മാനവുമായാണ് എത്തിയത്.
ആശാഭവൻ ഹാളിൽ നടന്ന ചടങ്ങിൽ ജെഡിടി കോളജ് അസി. പ്രഫസർമാരായ ജിമി, സുമി, ആശാഭവൻ സൂപ്രണ്ട് ഐശ്വര്യ, സംഗീതമേ ജീവിതം ഫൗണ്ടേഷൻ ഭാരവാഹികളായ അസീസ്, ലീല എന്നിവർ സംസാരിച്ചു.
യാത്രയയപ്പിനുശേഷം സെന്ത് റാമും ബന്ധുക്കളും തിങ്കളാഴ്ച വൈകിട്ടത്തെ ട്രെയിനിന് ഉത്തർപ്രദേശിലേക്ക് തിരിച്ചുകയറി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]