
കോഴിക്കോട് ∙ വിനോദ സഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട്ട് ഓണാഘോഷം ‘മാവേലിക്കസ് 2025’ എന്ന പേരിൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. ഓണം വാരാഘോഷത്തിന്റെ ഭാഗമായുള്ള പരിപാടികൾക്ക് ഓഗസ്റ്റ് 31നാണ് തുടക്കമാകുന്നത്.
വിനോദസഞ്ചാര വകുപ്പിന്റെയും കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിന്റെയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും നേതൃത്വത്തിലാണ് മാവേലിക്കസ് 2025 സംഘടിപ്പിക്കുന്നത്. മാവേലിക്കസ് ആപ്പിലൂടെ ഓണാഘോഷത്തിന്റെ ഭാഗമായി ജില്ലയിൽ നടക്കുന്ന പ്രധാനപ്പെട്ട
ആഘോഷങ്ങളുടെയും പരിപാടികളുടെയും മുഴുവൻ വിവരങ്ങളും ലഭ്യമാണ്.
∙ നൂറോളം വേദികളിൽ പൂക്കളമത്സരം, നഗരം ദീപാലംകൃതമാക്കും
പൂക്കള മത്സരത്തോടെയാണ് പരിപാടികൾ ആരംഭിക്കുന്നത്. ജില്ലയിൽ കോർപറേഷൻ പരിധിയിൽ നൂറോളം വേദികളായാണ് ഓഗസ്റ്റ് 31-ന് സംഘടിപ്പിക്കുന്ന പൂക്കള മത്സരത്തിനായി കണ്ടെത്തിയിട്ടുള്ളത്.
പൂക്കള മത്സര വിജയികൾക്ക് ആകർഷകമായ ക്യാഷ് പ്രൈസ് നൽകും. ഓണാഘോഷത്തിന്റെ ഭാഗമായി നഗരം മികച്ച രീതിയിൽ ദീപാലംകൃതമാക്കും.
∙ ഒൻപത് വേദികൾ, അൻപതിലേറെ കലാകാരന്മാർ
ഏഴ് ദിവസം നീളുന്ന ഓണാഘോഷത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ഒൻപതു വേദികളിലായി (കോഴിക്കോട് ബീച്ച്, ലുലു മാൾ, ഭട്ട് റോഡ് ബീച്ച്, തളി, കുറ്റിച്ചിറ, മാനാഞ്ചിറ, ടൗൺഹാൾ, ബേപ്പൂർ, സർഗാലയ ക്രാഫ്റ്റ് വില്ലേജ്) കേരളത്തിനകത്തും പുറത്തും നിന്നുമായി 50-ഓളം കലാകാരന്മാർ വിവിധ പരിപാടികൾ അവതരിപ്പിക്കും.
കോഴിക്കോട് ബീച്ച്, ബേപ്പൂർ ബീച്ച്, സർഗാലയ ക്രാഫ്റ്റ് വില്ലേജ്, ലുലു മാൾ പാർക്കിങ് സ്ഥലം എന്നിവ പ്രധാന വേദികളാകും.
∙ തിളങ്ങും താരനിര
സെപ്റ്റംബർ ഒന്നിന് വൈകിട്ട് ശക്തിശ്രീ ഗോപാലൻ, രണ്ടിന് കെ.എസ്. ചിത്ര, മൂന്നിന് ഹനാൻ ഷാ, നാലിന് റാഫ്താർ, അഞ്ചിന് ജൊനീറ്റ ഗാന്ധി, ആറിന് സിദ് ശ്രീറാം, ഏഴിന് എം ജയചന്ദ്രൻ, ശിവമണി, നരേഷ് അയ്യർ, സിതാര കൃഷ്ണകുമാർ, ഹരിശങ്കർ, ജ്യോത്സ്ന എന്നിവർ നയിക്കുന്ന സംഗീത പരിപാടികൾ അരങ്ങേറും.
കോഴിക്കോട് ബീച്ചിൽ സെപ്റ്റംബർ ഒന്നിന് രാജസ്ഥാനി നാടോടി ബാൻഡായ മംഗാനിയാർ സെഡഷൻ, രണ്ടിന് ആൽമരം, മൂന്നിന് നവ്യ നായർ, നാലിന് കവ്വാലി ബ്രദേഴ്സ്, അഞ്ചിന് ഇറ്റലിയിൽ നിന്നുള്ള ക്യൂബോ, ആറിന് ക്യൂബോ കൂടാതെ പാരീസ് ലക്ഷ്മി, ഏഴിന് ഷാൻ റഹ്മാൻ ഷോ എന്നിവയാണ് സംഘടിപ്പിക്കുന്നത്.
ബേപ്പൂർ ബീച്ചിൽ ഒന്നിന് ജോബ് കുര്യൻ, രണ്ടിന് ശ്രീനിവാസ്, മൂന്നിന് ആശാ ശരത്, നാലിന് ശങ്ക ട്രൈബ്, ഡിജെ ജാസ്, ആഞ്ചിന് യോഗി ശേഖർ, ആറിന് റിമ കല്ലിങ്കൽ, ഏഴിന് അഭയ ഹിരനന്മയി തുടങ്ങിയവർ അരങ്ങിലെത്തും. സർഗാലയയിൽ സെപ്റ്റംബർ ഒന്നിന് രാജലക്ഷ്മി, സുദീപ്, രണ്ടിന് വിനീത് ശ്രീനിവാസൻ, മൂന്നിന് ബിജിപാൽ, നാലിന് ഷഹബാസ് അമൻ, അഞ്ചിന് ഊരാളി, ആറിന് ജാസി ഗിഫ്റ്റ്, ഏഴിന് കണ്ണൂർ ഷെരീഫ് സംഗീതപരിപാടികളുമായെത്തും.
ടൗൺഹാളിൽ, നിഴൽപ്പാവക്കൂത്ത്, നാടകം തുടങ്ങിയവ അരങ്ങേറും. മുടിയേറ്റ്, നാടൻ പാട്ട്, പോലുള്ള കലാരൂപങ്ങൾക്ക് മാനാഞ്ചിറ വേദിയാകും.
കുറ്റിച്ചിറ, തളി, ഭട്ട് റോഡ് എന്നിവിടങ്ങളിലും വിവിധ കലാപരിപാടികൾ അരങ്ങേറും.
ഓണാഘോഷത്തിന്റെ ഭാഗമായി പ്രദർശന-വിപണന മേള, മലബാറിന്റെ വിഭവങ്ങൾക്കൊപ്പം മറ്റു നാടുകളിലെ ഭക്ഷണരീതികളും പരിചയപ്പെടുത്തുന്ന ഫുഡ് ഫെസ്റ്റിവൽ, എംടി യെ ആദരിക്കുന്നതിനായി പുസ്തകമേള തുടങ്ങിയവയും നടക്കും. മണ്ണും കരകൗശല ഉൽപന്നങ്ങളും കലാപ്രദർശനങ്ങൾ, ശിൽപശാലകൾ എന്നിവയ്ക്കൊപ്പം മലബാറിലെ നിക്ഷേപസാധ്യതകൾ നിക്ഷേപകർക്ക് പരിചയപ്പെടുത്തും.
വാർത്ത സമ്മേളനത്തിൽ വിനോദ സഞ്ചാര മന്ത്രി പി.എ.
മുഹമ്മദ് റിയാസ്, ജില്ല കലക്ടർ സ്നേഹിൽ കുമാർ സിങ്, കെടിഐഎൽ ചെയർപഴ്സൺ എസ്.കെ.സജീഷ്, ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടർ ടി.ഗിരീഷ് കുമാർ, ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ഡോ. ടി.നിഖിൽ ദാസ്, ക്രാഫ്റ്റ് വില്ലേജ് സിഒഒ ശ്രീപ്രസാദ് എന്നിവർ പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]