
ചെറുവത്തൂർ ∙ മൂന്ന് അപ്രോച്ച് റോഡുകളുള്ള ജില്ലയിലെ വലിയ പാലങ്ങളിൽ ഒന്നായ രാമൻചിറപ്പാലം കേരളപ്പിറവി ദിനത്തിൽ നാടിന് സമർപ്പിക്കാനുള്ള നീക്കത്തിൽ അധികൃതർ. പാലം പൂർത്തിയാവുന്നതോടെ ദേശീയപാതയ്ക്കു സമാനമായ ബൈപാസ് റോഡുകളും വരും.
ടൂറിസം രംഗത്ത് പ്രതീക്ഷയേകുന്ന കയ്യൂർ–ചെറുവത്തൂർ തീരദേശപാതയും യാഥാർഥ്യമാകും.
16 കോടി രൂപ ചെലവിലാണ് പാലത്തിന്റെ നിർമാണം. ദേശാടനപ്പക്ഷികളുടെ ആവാസകേന്ദ്രമായ രാമൻചിറ തടാകത്തിനു കുറുകെയുള്ള പാലം നാട്ടുകാരുടെ ഏറെക്കാലത്തെ മുറവിളികൾക്കുശേഷമാണ് യാഥാർഥ്യമായത്.
കയ്യൂർ–ചീമേനി പഞ്ചായത്തിലെ നാപ്പച്ചാൽ ഭാഗത്തേക്കാണ് പാലത്തിന്റെ കിഴക്കുഭാഗത്തുള്ള അപ്രോച്ച് റോഡ് കടന്നുപോകുന്നത്.
ഇതുവഴി ചെറുവത്തൂർ–കയ്യൂർ റോഡിലേക്കെത്താം. കയ്യൂർ ഭാഗത്തുനിന്നു വരുന്ന യാത്രക്കാർക്ക് ചെറുവത്തൂർ ടൗണിൽ കയറാതെ വീരമലയുടെ അടിവാരത്തുകൂടി ദേശീയ പാതയിലേക്കെത്താൻ കഴിയും.
ദേശീയ പാതയിൽനിന്ന് വീരമലയുടെ അടിവാരത്തുകൂടി കടന്നുപോകുന്ന പാലത്തിന്റെ അപ്രോച്ച് റോഡിൽ കയറിയാൽ തീരദേശപാതവഴി, നീലേശ്വരം പോകാതെ കിനാനൂർ–കരിന്തളം പഞ്ചായത്തിലെത്താം.
തീരദേശപാത വഴിയുള്ള യാത്രയിൽ തേജസ്വിനിപ്പുഴയുടെ മനോഹാരിത ആസ്വദിക്കാനും കഴിയും. പാലായി ഷട്ടർ കം ബ്രിജും കാണാം.
ടൂറിസം രംഗത്ത് ഉണർവുണ്ടാക്കാൻ കഴിയുന്ന തരത്തിൽ തീരദേശപാത മാറും. പാലത്തിന്റെ ടാറിങ്ങ് മാത്രമാണ് ഇനി അവശേഷിക്കുന്നത്.മഴ സീസൺ ആയതിനാൽ ഒക്ടോബറിൽ ടാറിങ് തുടങ്ങി കേരളപ്പിറവി ദിനത്തിൽ നാടിന് സമർപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]