
ചിറ്റൂർ ∙ വിളയോടി ഷണ്മുഖം കോസ്വേയിൽ ഒഴുക്കിൽപെട്ട് മരിച്ച വിദ്യാർഥികൾക്ക് കണ്ണീരോടെ വിട. ഇന്നലെ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം രണ്ട് ആംബുലൻസുകളിലായി അവർ അവരവരുടെ നാടുകളിലേക്കു തിരിച്ചു.
ശനിയാഴ്ചയാണ് ചിറ്റൂർപുഴയിലെ വിളയോടി ഷണ്മുഖം കോസ്വേയിൽ കുളിക്കാനിറങ്ങുന്നതിനിടെ വിദ്യാർഥികളായ ശ്രീഗൗതമും അരുൺകുമാറും ഒഴുക്കിൽപെട്ടു മരിച്ചത്.
ഇരുവരുടെയും മൃതദേഹങ്ങൾ ഇന്നലെ ഉച്ചയോടെയാണ് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയത്. ഇന്നലെ രാവിലെ 9 മണിയോടെ ഇൻക്വസ്റ്റ് നടപടികൾക്കു ശേഷമാണ് പോസ്റ്റ്മോർട്ടം ആരംഭിച്ചത്.
താലൂക്ക് ആശുപത്രി കെട്ടിടം പ്രവർത്തനം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് ഇവിടെ പോസ്റ്റ്മോർട്ടം നടക്കുന്നത്. ഒന്നേമുക്കാലോടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി.
കോയമ്പത്തൂർ കർപ്പകം കോളജിലെ എംഎസ്സി ബയോ ടെക്നോളജി രണ്ടാം വർഷ വിദ്യാർഥികളാണ് ഇരുവരും.
നെയ്വേലി സ്വദേശിയായ അരുൺകുമാർ ഹൊസൂരിൽ ബിരുദം പൂർത്തിയാക്കിയതിനു ശേഷമാണ് കോയമ്പത്തൂർ കർപ്പകം കോളജിൽ ബിരുദാനന്തര ബിരുദത്തിനായെത്തിയത്. കേന്ദ്രസർക്കാർ പൊതുമേഖലാ സ്ഥാപനത്തിൽ നിന്നു വിരമിച്ച ചക്രവർത്തിയാണ് അരുൺകുമാറിന്റെ അച്ഛൻ.
അമ്മ: ഹംസവല്ലി, സഹോദരി: ഇന്ദുവതി.
രാമനാഥപുരം സ്വദേശിയായ ശ്രീഗൗതം കോയമ്പത്തൂർ കർപ്പകം കോളജിൽ തന്നെയാണ് ബിരുദവും പൂർത്തിയാക്കിയത്. എംഎസ്സിക്ക് ചേർന്നപ്പോഴാണ് അരുൺകുമാറുമായി സൗഹൃദത്തിലാകുന്നത്. കരാറുകാരനായ പാണ്ടിദുരെയാണ് ഗൗതമിന്റെ അച്ഛൻ.
അമ്മ: ഷണ്മുഖസുന്ദരി. സഹോദരൻ: മനോജ്രാജ്.
വിവരമറിയിച്ചതിനെ തുടർന്ന് ശനിയാഴ്ച രാത്രിതന്നെ ഇരുവരുടെയും ബന്ധുക്കൾ ആശുപത്രിയിലെത്തിയിരുന്നു. എന്നാൽ 9 മണിക്കു തന്നെ ഇൻക്വസ്റ്റ് പൂർത്തിയായിട്ടും പോസ്റ്റ്മോർട്ടം നടപടികൾ നീണ്ടുപോയതിൽ ബന്ധുക്കൾ പ്രയാസം അറിയിച്ചു.
നാട്ടിലെത്തിയതിനു ശേഷം ഉടൻ സംസ്കാരം നടത്തുമെന്ന് ഇരുവരുടെയും ബന്ധുക്കൾ അറിയിച്ചു.
മന്ത്രി കെ.കൃഷ്ണൻകുട്ടി, കെഎസ്ഇബി ഡയറക്ടർ വി.മുരുകദാസ്, ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ, സിപിഎം ഏരിയ സെക്രട്ടറി ആർ.ശിവപ്രകാശ്, തഹസിൽദാർ എം.ആനന്ദകുമാർ, മീനാക്ഷിപുരം സിഐ ബി.ദീപു, എസ്ഐ ഷാഹുൽ ഹമീദ്, ചിറ്റൂർ എസ്ഐ സുനിൽകുമാർ എന്നിവർ താലൂക്ക് ആശുപത്രിയിൽ ഉണ്ടായിരുന്നു.
മൃതദേഹങ്ങൾ എത്തിക്കാനുള്ള ചെലവ് സർക്കാർ വഹിക്കും
ചിറ്റൂർ ∙ നൂറുകണക്കിനു കിലോമീറ്ററുകൾക്കപ്പുറത്തുള്ള നാട്ടിലേക്ക് വിദ്യാർഥികളുടെ മൃതദേഹങ്ങൾ എത്തിക്കാൻ ആംബുലൻസ് സൗകര്യം ഉൾപ്പെടെ ലഭിക്കുമോ എന്ന ആശങ്കയിലായിരുന്നു ബന്ധുക്കൾ. എന്നാൽ സ്ഥലത്തെത്തിയ മന്ത്രി കെ.കൃഷ്ണൻകുട്ടി ഇടപെട്ട് മൃതദേഹങ്ങൾ കൊണ്ടുപോകാനുള്ള ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നു വഹിക്കാനുള്ള നടപടികൾ സ്വീകരിച്ചു.
ഇതുമായി ബന്ധപ്പെട്ട് കലക്ടറുമായി ചർച്ച ചെയ്ത് വ്യക്തത വരുത്തി. അപകടം സംഭവിച്ചതുമായി ബന്ധപ്പെട്ട് തമിഴ്നാട് സർക്കാരിൽ നിന്നു സഹായങ്ങൾ ലഭിക്കുന്നതിനായി ഇവിടെനിന്നുള്ള വിവരങ്ങൾ എത്രയും പെട്ടെന്ന് തമിഴ്നാട് അധികൃതർക്കു കൈമാറാനും കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. മന്ത്രി നിർദേശം നൽകിയതിനെ തുടർന്നാണ് താലൂക്ക് ആശുപത്രിയിൽ തന്നെ പോസ്റ്റ്മോർട്ടം നടത്തിയത്.
ശനിയാഴ്ച രാത്രിയോടെ ആശുപത്രിയിലെത്തിയ വിദ്യാർഥികളുടെ ബന്ധുക്കൾക്ക് താമസിക്കാനുള്ള സൗകര്യവും മന്ത്രിയുടെ നേതൃത്വത്തിൽ ഒരുക്കിയിരുന്നു.
ശ്രീഗൗതമിന്റെ അമ്മയുടെ കരച്ചിൽ കണ്ടുനിന്നവരുടെ ഉള്ളുപൊള്ളിച്ചു
ചിറ്റൂർ ∙ ‘കോളജിലിറുന്ത് വന്തതും ഓടിവന്ത് എൻ മടിയിലെ ഉക്കാന്താ താൻ അവനുക്ക് നിമ്മതിയാകും. ഇനിമേ എൻ മടിയിലേ ഉക്കാറ നീ വറുവാനാടാ…..’ ശനിയാഴ്ച ചിറ്റൂർപുഴയിലെ ഷണ്മുഖം കോസ്വേയിൽ ഒഴുക്കിൽപെട്ട് മരിച്ച ശ്രീഗൗതമിന്റെ അമ്മ ഷണ്മുഖസുന്ദരിയുടെ നെഞ്ചത്തടിച്ചുള്ള കരച്ചിൽ കണ്ടുനിന്നവരെയും കരയിച്ചു.
കരഞ്ഞു തളർന്ന അവർ ആശുപത്രി വരാന്തയിൽ ബോധരഹിതയായി. വലിയ ജലാശയങ്ങളിൽ പോലും നന്നായി നീന്താറുള്ള ഗൗതം പുഴയിൽ മുങ്ങിമരിച്ചെന്ന് കേട്ടപ്പോൾ ആദ്യം വിശ്വസിക്കാനായില്ലെന്ന് സഹോദരൻ മനോജ്രാജ് പറഞ്ഞു. ഇടയ്ക്കു മാത്രമാണ് ഗൗതം വീട്ടിൽ വന്നിരുന്നത്.
കർണാടകയിൽ ജോലി ചെയ്യുന്ന അച്ഛൻ പാണ്ടിദുരയ്ക്കൊപ്പം ഒരാഴ്ച താമസിച്ചതിനു ശേഷം കഴിഞ്ഞ ആഴ്ചയാണ് ഗൗതം കോളജിലേക്കെത്തുന്നത്. ‘ഇതുവരെ അവന്റെ ആഗ്രഹത്തിന് എതിരു നിന്നിട്ടില്ല. ഇനിയെന്തെങ്കിലും ആഗ്രഹം അവനുണ്ടാകുമോ….’ അരുൺകുമാറിന്റെ ഹെൽമറ്റും നെഞ്ചോടു ചേർത്ത അച്ഛൻ ചക്രവർത്തി ആശുപത്രി മോർച്ചറിക്കു മുന്നിലെ വരാന്തയിൽ തളർന്നിരുന്നു. വ്യാഴാഴ്ച രാത്രിയാണ് നെയ്വേലിയിൽ നിന്നു കോയമ്പത്തൂരിലെ കോളജിലേക്ക് പോകുന്നതിനായി ചക്രവർത്തി ബസ് കയറ്റി വിട്ടത്. അടുത്തയാഴ്ച വീട്ടിലേക്ക് വരാമെന്ന് പറഞ്ഞിരുന്നു.
എന്നാൽ പിന്നെ കേൾക്കുന്നത് അവന്റെ മരണവാർത്തയാണ്. വിതുമ്പലോടെ ചക്രവർത്തി പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]