
ചാരുംമൂട്∙ വീട്ടിൽ നേരിടുന്ന ദുരനുഭവങ്ങളെ കുറിച്ച് എഴുതിയ കുറിപ്പ് പുറത്തുവന്നതിനെ തുടർന്ന് പിതാവിന്റെ അക്രമം ഭയന്ന് പിതൃമാതാവിനൊപ്പം ബന്ധുവീട്ടിൽ കഴിയുകയായിരുന്ന ഒൻപതുവയസ്സുകാരി ഇന്നു മുതൽ വീണ്ടും സ്കൂളിലെത്തും. ഇന്നലെ മുത്തശ്ശിക്കൊപ്പം അവരുടെ വീട്ടിലേക്ക് കുട്ടി മടങ്ങിയെത്തി. കുട്ടിയുടെ സുരക്ഷ ഉറപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പ്, ശിശുക്ഷേമ സമിതി, ശിശു സംരക്ഷണ ഓഫിസർ തുടങ്ങിയവരുടെ നിരീക്ഷണമുണ്ടാകും.
കുട്ടി സാധാരണ നിലയിലേക്ക് എത്തുന്നതുവരെ പഠനവും മാനസിക നിലയും വിലയിരുത്തുകയും ചെയ്യും.
കുട്ടിക്കു മർദനമേറ്റ സംഭവം വിദ്യാഭ്യാസവകുപ്പിനെ അറിയിക്കുന്നതിലുണ്ടായ താമസം സംബന്ധിച്ച വകുപ്പുതല അന്വേഷണം ഇന്നാരംഭിക്കും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുക. വിദ്യാഭ്യാസവകുപ്പ് അധികൃതർ വാർത്തകളിൽ നിന്നാണു വിവരം അറിയുന്നത്.
സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കുന്നതിലും യഥാസമയം അധികൃതരെ അറിയിക്കുന്നതിലും വീഴ്ച വന്നിട്ടുണ്ടെന്നു കഴിഞ്ഞദിവസം വകുപ്പ് ഡയറക്ടർ എസ്.ഷാനവാസ് പറഞ്ഞിരുന്നു.
6നു മർദനമേറ്റ മുഖവുമായി കുട്ടി സ്കൂളിൽ എത്തിയതിനെ തുടർന്നാണ് പിതാവിന്റെയും രണ്ടാംഭാര്യയുടെയും മർദനം ഉൾപ്പെടെയുള്ള പീഡനങ്ങളുടെ വിവരം പുറത്തറിയുന്നത്. തുടർന്ന് അമ്മൂമ്മയ്ക്കും അപ്പൂപ്പനും ഒപ്പം അയച്ച കുട്ടിയെ ആക്രമിക്കാൻ അന്നു വൈകിട്ട് പിതാവ് വീണ്ടും ശ്രമിച്ചിരുന്നു.
തുടർന്നാണ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസം സന്ദർശിക്കാനെത്തിയ മന്ത്രി ശിവൻകുട്ടിയോട് തന്റെ പിതാവിനോട് ക്ഷമിക്കണമെന്നു കുട്ടി അഭ്യർഥിച്ചിരുന്നു. അറസ്റ്റിലായ പിതാവ് അൻസാറും രണ്ടാം ഭാര്യ ഷെഫീനയും റിമാൻഡിലാണ്.
സാമ്പത്തിക സുരക്ഷയ്ക്ക് സ്കോളർഷിപ്
രക്ഷിതാക്കളുടെ മർദനത്തിനിരയായ ഒൻപതു വയസ്സുകാരിയുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുമെന്നു ജില്ലാ ശിശുക്ഷേമ സമിതി അധ്യക്ഷ ജി.വസന്തകുമാരി പറഞ്ഞു.
കുട്ടിയുടെ പിതൃമാതാവിനു താൽക്കാലിക സംരക്ഷണച്ചുമതല നൽകി കഴിഞ്ഞ ദിവസം ഉത്തരവ് ഇറങ്ങിയിരുന്നു. ഇവർ തൊഴിലുറപ്പ് ജോലിക്കു പോയി കിട്ടുന്ന വരുമാനം മാത്രമാണു കുടുംബത്തിനുള്ളത്. അതിനാൽ കുട്ടിയുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ സ്കോളർഷിപ് നൽകാൻ ശിശു സംരക്ഷണ ഓഫിസറോടു ശുപാർശ ചെയ്തിട്ടുണ്ട്.
അതിക്രമങ്ങൾക്ക് ഇരയായതോ പുനരധിവസിപ്പിക്കപ്പെട്ടതോ ആയ കുട്ടികൾക്കു നൽകുന്ന സ്കോളർഷിപ് നൽകാനാണ് ശുപാർശയെന്ന് വസന്തകുമാരി പറഞ്ഞു.
അവളുടെ കവിതകൾ പുസ്തകമാക്കും
ചാരുംമൂട്∙ നൂറനാട് ആദിക്കാട്ടുകുളങ്ങരയിൽ വീട്ടിൽനിന്നു ദുരനുഭവങ്ങളുണ്ടായ നാലാം ക്ലാസുകാരിയുടെ കവിതകൾ പുസ്തകമാക്കും. കഴിഞ്ഞദിവസം കുട്ടിയെ സന്ദർശിക്കാനെത്തിയ മന്ത്രി വീണാ ജോർജ്, കുട്ടി എഴുതിയ കവിതകൾ വായിച്ചശേഷം ഇതു പുസ്തകമാക്കി പ്രകാശനം ചെയ്യുന്നതിന് ഒപ്പമുണ്ടായിരുന്ന എം.എസ്.അരുൺ കുമാർ എം.എൽ.എയെ ചുമതലപ്പെടുത്തുകയായിരുന്നു.
അമ്മയെ കുറിച്ച് എഴുതിയത് ഉൾപ്പെടെ പത്തുകവിതകൾ മന്ത്രി വായിച്ചു. കൈനിറയെ മിഠായികളും നൽകിയാണ് മന്ത്രി മടങ്ങിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]