
കളമശേരി∙ എച്ച്എംടി ജംക്ഷനിലും റോഡിലും വാഹനങ്ങളുടെ പാർക്കിങ്ങിനെച്ചൊല്ലി പൊലീസും കച്ചവടക്കാരും തമ്മിലുള്ള തർക്കം സംഘർഷാവസ്ഥയിലെത്തി. രാവിലെ റോഡരികിൽ ഇരുവശവും പാർക്ക് ചെയ്തിരുന്ന എല്ലാ വാഹനങ്ങൾക്കും ഇടപ്പള്ളി ട്രാഫിക് ഇൻസ്പെക്ടറുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം പിഴ ചുമത്തി.
ഇവയിൽ കച്ചവട സ്ഥാപനങ്ങളിൽ സാധനങ്ങൾ വാങ്ങാൻ വന്നവരുടെ വാഹനങ്ങളും ഉൾപ്പെട്ടു. വ്യാപാര സ്ഥാപനങ്ങളുടെ മുന്നിൽ റോഡിൽ വാഹനങ്ങൾ നിർത്താനും അനുവദിച്ചില്ല.
മുപ്പതോളം വാഹനങ്ങൾക്ക് പൊലീസ് സംഘം പിഴയിട്ടു.
ഇതു വ്യാപാരികളും കൗൺസിലർമാരായ ബഷീർ അയ്യമ്പ്രാത്ത്, നെഷീദ സലാം, വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ അസീസ് എന്നിവരും വാഹന ഉടമകളും ചോദ്യം ചെയ്തു. അനധികൃതമായി റോഡിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ പിഴ ചുമത്തുമെന്നും പിന്നോട്ടില്ലെന്നും ഇൻസ്പെക്ടർ അറിയിച്ചു.
തർക്കം സംഘർഷത്തിലേക്കും നീണ്ടു. പൊലീസ് സംഘം മടങ്ങിയ ശേഷമാണ് പ്രതിഷേധം അവസാനിച്ചത്. എച്ച്എംടി ജംക്ഷനിൽ ട്രാഫിക് പരിഷ്കാരം ഏർപ്പെടുത്തിയ കഴിഞ്ഞവർഷം ഒക്ടോബർ 2 മുതൽ കച്ചവടക്കാരും വാഹന ഉടമകളും പൊലീസ് നടപടികൾ നേരിടുകയാണ്.
പാർക്കിങ് സൗകര്യം ഒരിടത്തുമില്ല.
എല്ലാ ദിവസവും പൊലീസ് ഇവിടെയെത്തി വാഹനങ്ങളുടെ ചിത്രമെടുത്ത ശേഷം പിഴ ചുമത്തുകയാണ്. ഇതുമൂലം ഇവിടത്തെ കച്ചവട
സ്ഥാപനങ്ങളിലേക്ക് ആളുകൾ എത്തുന്നതു കുറഞ്ഞു. ജംക്ഷനിലെ കുറച്ചു കടകൾക്കു മുന്നിൽ അവിടേക്കു വരുന്ന വാഹനങ്ങൾ കയറ്റി നിർത്താൻ സ്ഥലമുണ്ടെങ്കിലും അശാസ്ത്രീയമായി, റോഡ് നിരപ്പിൽ നിന്ന് ഉയർത്തി കാന നിർമിച്ചതിനാൽ അവിടേക്കു വാഹനങ്ങൾ കയറ്റാനാവാത്ത സ്ഥിതിയാണ്. നേരത്തെ ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഉപയോഗിച്ചിരുന്ന സ്ഥലം ഓട്ടോ സ്റ്റാൻഡ് വിപുലീകരിച്ചപ്പോൾ നഷ്ടമായി.
ജംക്ഷനിൽ വഴിയാത്രക്കാർക്ക് നടക്കാനിടമില്ല.
ഫുട്പാത്ത് നിർമിക്കാൻ കഴിയുന്നില്ല. വിദ്യാർഥികളും നാട്ടുകാരും വാഹനത്തിരക്കേറിയ റോഡിന്റെ മധ്യത്തിലൂടെ നടക്കേണ്ട
അവസ്ഥയാണ്. ട്രാഫിക് പരിഷ്കാരത്തിൽ ഇവരുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണാൻ അധികാരികൾ തയാറായില്ല.
തിരക്കേറിയ ചിലയിടത്ത് വ്യാപാരികൾ സ്ഥലം കയ്യേറിയിട്ടുണ്ടെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസം ഒരു കയ്യേറ്റ നിർമാണം നഗരസഭ തടഞ്ഞു.
ഒരു സ്വകാര്യ സ്കൂളിനു മുന്നിൽ രാവിലെയും വൈകിട്ടുമുള്ള അനധികൃത പാർക്കിങ് തടയണമെന്നും സ്കൂളിലേക്കു വരുന്ന വാഹനങ്ങൾ സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യാൻ നടപടി സ്വീകരിക്കണമെന്നും നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടിയെടുത്തിട്ടില്ലെന്നു നാട്ടുകാരും യാത്രക്കാരും പരാതിപ്പെട്ടു.
എച്ച്എംടി ജംക്ഷൻ മുതൽ ഐടിഐ വരെ റോഡരികിൽ പാർക്കിങ് പാടില്ലെന്നാണു പൊലീസ് പറയുന്നത്. ജംക്ഷനിൽ മാത്രമാണ് പാർക്കിങ് നിരോധന ബോർഡുള്ളത്.
അനധികൃത പാർക്കിങ്ങിനെതിരെ നടപടി തുടരുമെന്ന് പൊലീസ്
കളമശേരി ∙ എച്ച്എംടി റോഡിൽ അനധികൃത പാർക്കിങ്ങിനെതിരെ വരുംദിവസങ്ങളിലും നടപടി തുടരുമെന്നു ഇടപ്പള്ളി ട്രാഫിക് ഇൻസ്പെക്ടർ എം.പി.സാഗർ പറഞ്ഞു.
പാർക്കിങ് നിരോധന ബോർഡുകൾ സ്ഥാപിച്ചിടത്ത് പാർക്കിങ് അനുവദിക്കില്ല. പാർക്കിങ് സൗകര്യം വേണമെന്നുണ്ടെങ്കിൽ വ്യാപാരികൾ ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയെയോ കോടതിയേയോ സമീപിച്ച് അനുകൂല തീരുമാനം നേടിയെടുക്കണം. അനധികൃത പാർക്കിങ്ങിനെക്കുറിച്ചു രേഖാമൂലവും അല്ലാതെയും ഒട്ടേറെ പരാതികൾ ലഭിച്ചിട്ടുണ്ട്.അനധികൃത പാർക്കിങ് കാരണം 2 മരണങ്ങൾ ഉണ്ടായിട്ടുണ്ട്.
ഇന്നലെ പൊലീസ് സംഘത്തെ പ്രകോപിപ്പിക്കാൻ വ്യാപാരികളുടെയും കൗൺസിലർമാരുടെയും ശ്രമമുണ്ടായി. സമാധാനപരമായിട്ടാണു പൊലീസ് പെരുമാറിയത്.
പൊലീസിന്റെ ജോലി തടസ്സപ്പെടുത്തിയത് അടക്കം സംഭവത്തിന്റെ വിശദമായ റിപ്പോർട്ട് മേലുദ്യോഗസ്ഥർക്കു സമർപ്പിച്ചിട്ടുണ്ടെന്നും ഇൻസ്പെക്ടർ പറഞ്ഞു.
പൊലീസ് നടപടി പ്രതിഷേധാർഹം: എഐവൈഎഫ്
കളമശേരി ∙ എച്ച്എംടി ജംക്ഷനിൽ കച്ചവടസ്ഥാപനങ്ങളിൽ എത്തുന്ന സാധാരണക്കാരായ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പൊലീസ് നടപടി പ്രതിഷേധാർഹമാണെന്നു എഐവൈഎഫ് മണ്ഡലം കമ്മിറ്റി അറിയിച്ചു. അനധികൃതമായി നിരത്തിൽ ഇട്ടിരിക്കുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുത്ത് ഗതാഗതക്കുരുക്കിനു പരിഹാരം കാണണമെന്നു മണ്ഡലം പ്രസിഡന്റ് പി,എം,നിസാമുദ്ദീൻ, സെക്രട്ടറി കെ.എ.അൻഷാദ് എന്നിവർ ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]