
ശ്രീകണ്ഠപുരം ∙ ഏരുവേശ്ശി മുയിപ്ര എരത്തുകടവിൽ മുച്ചക്ര സ്കൂട്ടർ പുഴയിലേക്ക് മറിഞ്ഞ് കാണാതായ അംഗപരിമിതന്റെ മൃതദേഹം കണ്ടെത്തി. ചുണ്ടപ്പറമ്പിൽ മുണ്ടക്കൽ ആന്റോയുടെ (55) മൃതദേഹമാണ് വ്യാഴം രാവിലെ കണ്ടെത്തിയത്.
പാറക്കടവിനും മുയിപ്രയ്ക്കും ഇടയിലുള്ള ഭാഗത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ബുധൻ രാത്രി ഒൻപത് മണിയോടെയാണ് സ്കൂട്ടർ അപകടത്തിൽപ്പെട്ടത്. നാട്ടുകാർ നടത്തിയ തിരച്ചിലിൽ വാഹനം കണ്ടെത്തി.
വെളിച്ചക്കുറവ് മൂലം രാത്രി കാര്യമായി തിരച്ചിൽ നടത്താൻ സാധിച്ചില്ല. രാവിലെ നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് തിരച്ചിൽ ആരംഭിച്ചപ്പോഴാണ് അപകടമുണ്ടായ സ്ഥലത്തുനിന്നും ഏറെ മാറി മൃതദേഹം കണ്ടെത്തിയത്.
ചൊവ്വാഴ്ച രാത്രി ഇതേ സമയത്ത് ഇവിടെ ഒഴുക്കിൽപ്പെട്ട
കാറിലെ യാത്രക്കാരൻ ഇരൂഡ് സ്വദേശി എം.എസ്. ശ്രീജിത്ത് (32) അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. ഇരൂഡിൽനിന്ന് മുയിപ്രയിലേക്ക് എളുപ്പവഴിയിലൂടെയുള്ള യാത്രയ്ക്കിടെ ചപ്പാത്തിൽവച്ചാണ് അപകടമുണ്ടായത്.
കനത്ത മഴയായതുകൊണ്ട് ചപ്പാത്തിൽ നിറയെ വെള്ളമായിരുന്നു. ചപ്പാത്തിൽ കയറിയ ഉടൻ ഒഴുക്കുമൂലം നിയന്ത്രണം വിട്ട
കാർ പുഴയിലേക്കു മറിഞ്ഞു. 30 മീറ്ററോളം വെള്ളത്തിൽ കാർ ഒഴുകി.
ഡ്രൈവറുടെ സീറ്റിനോട് ചേർന്ന ഗ്ലാസ് തുറന്നുവച്ചിരുന്നതിനാൽ ഡോർ തുറക്കാനായതിനാലാണു രക്ഷപ്പെടാനായത്. നീന്തി കരയിലെത്തി പുഴയോരത്തെ വീട്ടിലെത്തി വിവരമറിയിക്കുകയായിരുന്നു.
പ്രദേശത്ത് അധികം വീടുകളില്ലാത്തതിനാൽ രാത്രി 11 മണിയോടെയാണ് വെളിച്ചംകണ്ട ഒരു വീട്ടിലെത്തിയത്.
വിവരമറിഞ്ഞ് സുഹൃത്തുക്കളും നാട്ടുകാരും എത്തിയെങ്കിലും കലക്കുവെള്ളത്തിൽ മുങ്ങിക്കിടന്ന കാർ കണ്ടെത്താൻ കഴിഞ്ഞില്ല.
അപകടം നടന്ന സ്ഥലത്തു നിന്ന് 500 മീറ്റർ മാറിയാണ് കാർ വെള്ളത്തിൽ മുങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇരിട്ടിയിൽനിന്ന് എത്തിയ അഗ്നിരക്ഷാസേന നാട്ടുകാരുടെ സഹകരണത്തോടെ കാർ ഉയർത്തി.
കുടിയാന്മല പൊലീസും സ്ഥലത്തെത്തിയിരുന്നു. പയ്യാവൂരിൽ ഹരിക ഡിസൈൻസ് എന്ന സ്ഥാപനം നടത്തുകയാണു ശ്രീജിത്ത്.
മുയിപ്രയിൽനിന്ന് പുഴ വഴി പയ്യാവൂരിലേക്കുള്ള എളുപ്പവഴിയാണിത്. പുഴയിൽ വെള്ളം കൂടുമ്പോൾ ചപ്പാത്ത് വഴി പോകാൻ കഴിയില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]