
പാലക്കാട് ∙ അമ്യൂസ്മെന്റ് പാർക്കിലെ റൈഡുകളിൽ കയറിയ അനുഭവമാണ് മേപ്പറമ്പ് – മെട്രോ നഗർ റോഡിലൂടെ യാത്ര ചെയ്താൽ. കുഴികളിൽച്ചാടി കുലുങ്ങിക്കുലുങ്ങിയാണു വാഹനങ്ങളെല്ലാം ഈ റോഡിലൂടെ കടന്നു പോകുന്നത്. മേപ്പറമ്പിൽ നിന്നു മെട്രോ നഗർ വഴി കല്ലേക്കാട് വരെ ഏകദേശം അഞ്ചു കിലോമീറ്റർ ദൂരം കുണ്ടും കുഴിയും നിറഞ്ഞു റോഡ് തകർന്നിരിക്കുകയാണ്.
റോഡിന്റെ ഭൂരിഭാഗം ഭാഗത്തും കുഴികൾ മാത്രമേയുള്ളൂ. വാഹനങ്ങൾ കുഴികളിൽ ചാടി വളരെ പ്രയാസപ്പെട്ടാണു പോകുന്നത്.
ഒരു സ്വകാര്യ ബസ് ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ ഓടുന്ന റോഡിനാണ് ഈ ദുരവസ്ഥ. നൂറു കണക്കിനു കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്തെ ഏക ഗതാഗത മാർഗമാണിത്.
ഒരു വർഷത്തോളമായി പ്രദേശവാസികൾ ഈ ദുരിതം പേറുന്നു.
കഴിഞ്ഞ വേനലിൽ റോഡ് അറ്റകുറ്റപ്പണി നടത്തി റീ ടാറിങ് നടത്തുമെന്നു പൊതുമരാമത്ത് വകുപ്പ് അധികൃതർ പറഞ്ഞിരുന്നു. എന്നാൽ, പൂർണമായും തകർന്ന ഭാഗങ്ങളിൽ കല്ലും മണ്ണും പാകുക മാത്രമാണു ചെയ്തിട്ടുള്ളത്. മഴ ആരംഭിച്ചതോടെ അറ്റകുറ്റപ്പണി നടത്താനും കഴിഞ്ഞില്ല.
എന്നാൽ, മഴ മാറി വെയിൽ ലഭിച്ചിട്ടും അറ്റകുറ്റപ്പണി പോലും നടത്തിയിട്ടില്ല. റോഡ് നവീകരിക്കാനായി ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
റീ ടാറിങ് നടത്താൻ കരാർ ഏറ്റെടുത്തിട്ടും ഏകദേശം ഒരു വർഷം പൂർത്തിയായി.
ഇതിനിടെയാണു ജലജീവൻ മിഷൻ പൈപ്പിടാനായി റോഡ് വെട്ടിപ്പൊളിച്ചത്. ജലജീവൻ മിഷൻ പ്രവൃത്തികൾ പൂർത്തിയാകാൻ എടുത്ത കാലതാമസമാണു റോഡിന്റെ നവീകരണ പ്രവൃത്തികൾ വൈകാനും കാരണമായതെന്നു പിരായിരി പഞ്ചായത്ത് അധികൃതർ പറഞ്ഞു.
നവീകരണ പ്രവൃത്തി ഉടനെ നടത്തണമെന്നാവശ്യപ്പെട്ടു പിരായിരി പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയറെ ഉപരോധിച്ചിരുന്നു.റോഡ് നേരെയാക്കിയില്ലെങ്കിൽ ശക്തമായ പ്രതിഷേധം നടത്തുമെന്ന് ഓട്ടോ തൊഴിലാളികളും നാട്ടുകാരും പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]